ലേബര്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന്റെ ജനസമ്മിതി കുറഞ്ഞതായി സര്‍വ്വേ; ഒറ്റ മാസം കൊണ്ട് കുറഞ്ഞത് 14 പോയിന്റുകള്‍

പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതിയില്‍ ഒരു മാസം കൊണ്ടുണ്ടായ ഇടിവ് 14 പോയിന്റ്

Update: 2024-09-14 04:12 GMT

ലണ്ടന്‍: വിന്റര്‍ ഗ്യുവല്‍ പേയ്‌മെന്റ് എടുത്തു കളയുമെന്നും, നികുതി വര്‍ദ്ധിപ്പിക്കുമെന്നുമുള്ള സൂചനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയതായി അഭിപ്രായ സര്‍വ്വേഫലം. ഇപ്സോസ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് പ്രധാനമന്ത്രിയുടെ ജനസമ്മിതി, ആഗസ്റ്റില്‍ ഉണ്ടായിരുന്ന 38 ശതമാനത്തില്‍ നിന്നും ഈ മാസം 32 ശതമാനമായി കുറഞ്ഞു എന്നാണ്. അതേസമയം, പ്രധാനമന്ത്രിയോട് വിപരീത അഭിപ്രായം ഉണ്ടായിരുന്നവര്‍ എട്ട് പോയിന്റുകള്‍ വര്‍ദ്ധിച്ച് 46 ശതമാനമായി. അതായത്, പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതിയില്‍ ഒരു മാസം കൊണ്ടുണ്ടായ ഇടിവ് 14 പോയിന്റ്.

ഏകദേശം 10 ദശലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യുവല്‍ ഏയ്‌മെന്റ് എടുത്തു കളയുന്നതിനുള്ള തീരുമാനമാണ് ജനപ്രീതി ഇത്രകണ്ട് ഇടിയാന്‍ കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കത്തിന് ജനപ്രതിനിധി സഭ തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. എന്നാല്‍, അമ്പതോളം ലേബര്‍ എം പിമാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വോട്ടിംഗില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. 300 പൗണ്ടിന്റെ ഈ ആനുകൂല്യം ലഭിക്കാഞ്ഞാല്‍ ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍ കൊടുംതണുപ്പില്‍ ദുരിതമനുഭവിക്കുമെന്ന മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഇതുകൊണ്ടൊന്നും തീരുന്നില്ല, ഇനിയും ഏറെ ക്ലേശതകള്‍ കൂടി വരുന്ന ബജറ്റിന് ശേഷം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രിയും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും നല്‍കുന്നത്. ഒക്ടോബര്‍ 30 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇന്‍ഹെരിറ്റന്‍സ് ടാക്സ്, ക്യാപിറ്റല്‍ ഹെയിന്‍സ് ടാക്സ്, പെന്‍ഷനിലുള്ള ടാക്സ് ബ്രേക്ക് എന്നിവയുടെ വര്‍ദ്ധനവും പരിഗണനയിലുണ്ടെന്ന് അറിയുന്നു. 2021 ലെ ഹാര്‍ട്ട്പൂള്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം, സ്റ്റാര്‍മര്‍ക്കെതിരെ ഇപ്സോസ് സര്‍വ്വേകളില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും അധികം എതിരഭിപ്രായങ്ങളാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ജനപ്രീതി നാല് പോയിന്റ് ഇടിഞ്ഞ് 23 ശതമാനത്തില്‍ എത്തിയപ്പോള്‍ അവരോടുള്ള എതിര്‍പ്പ് ഒന്‍പത് പോയിന്റ് കൂടി 44 ശതമാനമായി. അതായത്, അവരുടെ ജനപ്രീതിയില്‍ വന്ന മൊത്തം ഇടിവ് 21 പോയിന്റുകളാണെന്ന് ചുരുക്കം. ഒരു മാസം കൊണ്ടാണ് ഈ ഇടിവ് ഉണ്ടായതെന്നോര്‍ക്കണം.

അതുപോലെ തന്നെ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയിലും നാല് പോയിന്റിന്റെ ഇടിവുണ്ടായപ്പോള്‍ എതിര്‍പ്പ് എട്ട് പോയിന്റ് വര്‍ദ്ധിച്ചു. വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടിയില്‍ ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടി വോട്ടര്‍മാരുടെ പിന്തുണ ഇപ്പോഴും ഒട്ടും കുറയാതെ 69 ശതമാനമായി നിലനില്‍ക്കുകയാണ്.

Tags:    

Similar News