അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം; റഫ്രിജറേറ്ററില്‍ കണ്ടെത്തിയത് 32 കഷണങ്ങളാക്കി വെട്ടിനുറുക്കിയ യുവതിയുടെ മൃതദേഹം; ബെംഗളൂരു വയലിക്കാവല്‍ അരുംകൊലയില്‍ അന്വേഷണം; കൊല്ലപ്പെട്ടത് മാളിലെ ജീവനക്കാരി
26കാരിയെ കൊലപ്പെടുത്തി; മൃതദേഹം ഫ്രിഡ്ജില്‍
ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ച സംഭവത്തില്‍ അന്വേഷണം. 32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 4-5 ദിവസങ്ങള്‍ക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബെംഗളൂരുവിലെ വയലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. അപ്പാര്‍ട്ട്മെന്റില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഇതര സംസ്ഥാനക്കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ വീട്ടില്‍ തന്നെയുള്ള റഫ്രിജറേറ്ററിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇവര്‍ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി യുവതി ബെംഗളൂരുവിലാണ് താമസിക്കുന്നത്. അടുത്തിടെയാണ് ഇവര്‍ വയലിക്കാവലിലെ വീട്ടിലേയ്ക്ക് താമസം മാറിയതെന്നാണ് വിവരം. യുവതി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്ന് അയല്‍വാസികള്‍ പറയുന്നു.
മല്ലേശ്വരത്ത് താമസിച്ചിരുന്ന മഹാലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതി ഒരു മാളിലാണ് ജോലി ചെയ്തിരുന്നതെന്നും ഭര്‍ത്താവ് നഗരത്തില്‍ നിന്ന് അകലെ ഒരു ആശ്രമത്തില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവമറിഞ്ഞ് ഭര്‍ത്താവ് സംഭവസ്ഥലത്തെത്തി. സംസ്ഥാനത്തിന് പുറത്തുനിന്നെത്തി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന 26 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണല്‍ പോലീസ് കമ്മിഷണര്‍ സതീഷ് കുമാര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
യുവതിയെ കാണാനായി അമ്മയും സഹോദരിയും രാവിലെ വീട്ടിലെത്തിയിരുന്നതായി അയല്‍വാസി പറഞ്ഞു. വീടിനുള്ളില്‍ കയറിയപ്പോള്‍ ദുര്‍ഗന്ധം ഉയര്‍ന്നതോടെയാണ് ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എന്നാല്‍, കൊല നടത്തിയത് ആരാണെന്നോ കാരണം എന്താണെന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബെംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.