5 ബില്യണ്‍ വര്‍ഷങ്ങള്‍ക്കൊടുവില്‍ സൂര്യന്‍ ഇല്ലാതെയാകും ; പ്രപഞ്ചോല്പത്തി പറയുന്ന സിദ്ധാന്തമല്ല ബിഗ് ബാംഗ് തിയറി; ദൈവമുണ്ടെന്നതിന് തെളിവുകളില്ല : സംവാദത്തിനൊരുങ്ങി ശാസ്ത്ര പ്രചാരക?ന്‍ പൗലോസ് തോമസ്

ദൈവത്തിന്റെ അസ്ഥിത്വം സ്ഥാപിക്കാനായി മതവിശ്വാസികള്‍ നിരന്തരം മുന്നോട്ട് വയ്ക്കുന്ന വാദങ്ങളിലൊന്നാണ് പ്രപഞ്ചത്തിന്റെ നിര്‍മാണത്തിലെ കൃത്യത

Update: 2024-09-27 05:00 GMT

തിരുവനന്തപുരം: ദൈവത്തിന്റെ അസ്ഥിത്വം സ്ഥാപിക്കാനായി മതവിശ്വാസികള്‍ നിരന്തരം മുന്നോട്ട് വയ്ക്കുന്ന വാദങ്ങളിലൊന്നാണ് പ്രപഞ്ചത്തിന്റെ നിര്‍മാണത്തിലെ കൃത്യത. എന്നാല്‍ പ്രപഞ്ച നിര്‍മ്മാണത്തില്‍, കൗശലക്കാരനായ ഒരു നിര്‍മ്മാതാവില്ല എന്ന വാദവുമായി എത്തുകയാണ് ഫിസിക്‌സ് അധ്യാപകനും ശാസ്ത്രപ്രചാരകനുമായ പൗലോസ് തോമസ്. 5 ബില്യണ്‍ വര്‍ഷങ്ങള്‍ക്കൊടുവില്‍ സൂര്യന്‍ ഇല്ലാതെയാകുമെന്നും എന്നാല്‍ അതിനു മുന്‍പ് തന്നെ ഭൂമിയും വാസയോഗ്യമല്ലാതെയായി തീരുമെന്നും പറയുന്ന പൗലോസ് എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസിലെ ദൈവവും പ്രപഞ്ചശാസ്ത്രവും ചര്‍ച്ചയാകുന്ന ഒറിജിന്‍ എന്ന പരിപാടിയിലൂടെയാണ് ദൈവാസ്ഥിത്വത്തെ ചോദ്യം ചെയ്‌തെത്തുന്നത്. ഭൂമിയും സൂര്യനും ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥം ഒരു മികച്ച സൃഷ്ടിയായിരുന്നുവെങ്കില്‍ അതിന് ഇത്ര കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രം ആയുസ്സ് നല്‍കുമായിരുന്നില്ല എന്നാണ് പൗലോസ് പറയുന്നത്.

ഇലോണ്‍ മസ്‌കടക്കമുള്ള ആളുകള്‍ ചൊവ്വ അടക്കമുള്ള ഗ്രഹങ്ങള്‍ താമസ യോഗ്യമാണോ എന്ന് പരിശോധിക്കുന്നതും, ചന്ദ്രനില്‍ കോളനികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതും, കോടിക്കണക്കിന് രൂപ ഇത്തരം ഗവേഷണങ്ങള്‍ക്കായി നിക്ഷേപിക്കുന്നതും ഭൂമിയില്‍ മനുഷ്യര്‍ക്ക് അധികനാള്‍ ഭാവിയില്ല എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ്. ഇതിനൊപ്പം തന്നെ ധാരാളം നക്ഷത്ര കൂട്ടങ്ങള്‍ സൗരയൂഥം അല്ലാതെ തന്നെയുണ്ട്, അവിടെയൊന്നും ജീവിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ട് അതിന്റെ സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല എന്നുമാണ് പൗലോസിന്റെ അഭിപ്രായം. ഭൂമി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് ഒരു കോസ്മിക് പരിണാമത്തിലൂടെയാണ് (Cosmic Evolution). പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ എല്ലാ ഭാഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയമാണ് കോസ്മിക് പരിണാമം. പ്രപഞ്ചത്തിന്റെ ചരിത്രത്തിലുടനീളം ഘടന, വികിരണം, ദ്രവ്യം, ജീവന്‍ എന്നിവയിലെ മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണിത്. പ്രപഞ്ചത്തിലെ നിര്‍മിതികളെ ശാസ്ത്രം ഉപയോഗിച്ച് നിര്‍വചിക്കാന്‍ ആവില്ല എന്നാണ് മതവാദികളുടെ വാദം. എന്നാല്‍ പ്രപഞ്ചം സൃഷ്ടിക്കാന്‍ ദൈവത്തിന്റെ ആവശ്യമില്ല എന്നും, ഇന്നുള്ള സകലതിനെയും ശാസ്ത്രത്തിന് നിര്‍വചിക്കാനും അപഗ്രഥിക്കാനും സാധിക്കുമെന്നുമാണ് പ്രപഞ്ചോല്പത്തി അഥവാ ബിഗ് ബാങ് (The Big Bang Theory) മുതലുള്ള ഏതു കാര്യം പരിശോധിച്ചാലും, അവിടെയൊന്നും ദൈവത്തെ കണ്ടെത്താനും ആകില്ല, ദൈവത്തിന്റെ ആവശ്യവുമില്ല എന്ന വാദമാണ് പൗലോസ് മുന്നോട്ട് വെക്കുന്നത്.

സൗരയൂഥം നോക്കൂ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം നിശ്ചയിക്കപ്പെട്ടിരിക്കുന്നു, സൗരയൂഥത്തിലെ ആകെ ജീവനുള്ളത് ഭൂമിയില്‍ മാത്രമാണ്. ഇത്രയധികം ശ്രദ്ധയോടെ നിര്‍മ്മിച്ചത് ഒരു ബുദ്ധിമാനായ പണിക്കാരന്‍ വാദം (The Intelligent Designer) ഉള്ളതിനാല്‍ മാത്രമാണെന്ന് വാദിക്കുന്നവര്‍ നിരവധി ആണ്. ഭൂമിയില്‍ 70 ശതമാനം വെള്ളവും, 30% മാത്രമാണ് കരഭാഗവും ഉള്ളത്. ഈ കരഭാഗത്ത് തന്നെ മരുഭൂമികളും കാടുകളും കഴിഞ്ഞാല്‍ രണ്ട് ശതമാനം മാത്രം വരുന്ന പ്രദേശത്താണ് മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നത് (habitable land). കൗശലക്കാരനായ ഒരു പണിക്കാരനാണ് ഇത് നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇത്ര മോശമായി വിഭാവനം ചെയ്യുമായിരുന്നില്ല.

പല ആളുകളും പ്രപഞ്ച ഉല്പത്തി സിദ്ധാന്തമായി ബിഗ് ബാങ്ക് തിയറിയെ അഥവാ മഹാവിസ്‌ഫോടനം തിയറിയെ കാണാറുണ്ട്. മഹാവിസ്‌ഫോടനം ഏകദേശം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതായി കരുതപ്പെടുന്നു. പ്രപഞ്ചോല്പത്തി എന്താണ് എന്നത്, എങ്ങനെയത് ഉണ്ടായി എന്നതും ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബിഗ് ബാങ് സൃഷ്ടിയുടെ ആരംഭമല്ല, എന്നാല്‍ ഈ പ്രപഞ്ചം എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണമാണ്. അത്‌കൊണ്ട് തന്നെ ബിഗ് ബാങ് ഒരു കോസ്മിക് പരിണാമം ആണ് .ഇത് ഒരു സ്ഫോടനമോ പൊട്ടിത്തെറിയോ അല്ല. കാരണം ഒരു സാധനം പൊട്ടിത്തെറിക്കാന്‍ സമയകാലം വേണം. പക്ഷെ സമയവും കാലവും ഉണ്ടായത് തന്നെ ഈ വികാസത്തില്‍ നിന്നാണ്. ബിഗ് ബാങിന് മുമ്പ് എന്താണ് ഉണ്ടായിരുന്നുവെന്ന് നമുക്ക് വ്യക്തമായ അറിവില്ല. ചില സിദ്ധാന്തങ്ങള്‍ സിംഗുലാരിറ്റി എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്, അതായത് അനന്തമായ ഊര്‍ജ്ജവും സാന്ദ്രതയും ഉള്ള അവസ്ഥ. തുടക്കത്തില്‍ ഈ പ്രപഞ്ചം ഒരു സൂപ്പര്‍ ഹോട്ട് പ്ലാസ്മ അവസ്ഥയില്‍ ആയിരുന്നു എന്നാണ് തെളിവുകള്‍. പിന്നീട് പ്രപഞ്ചം വികസിച്ചതോടെ താപനില പതുക്കെ കുറഞ്ഞു. സാന്ദ്രതയില്‍ വലിയ വ്യതിയാനങ്ങള്‍ വന്നു. പ്രഥമ ആറ്റങ്ങള്‍ രൂപപ്പെടുകയും ഗ്രഹപിണ്ഡങ്ങള്‍, നക്ഷത്രങ്ങള്‍, ഗാലക്‌സികള്‍ തുടങ്ങി ബ്രഹ്‌മാണ്ഡത്തിലെ മറ്റു ഘടകങ്ങള്‍ ആയ ഡാര്‍ക്ക് മാറ്ററും ഡാര്‍ക്ക് എനര്‍ജിയും വരെ രൂപംകൊള്ളുകയും ചെയ്യുകയാണ് ഉണ്ടായത്.

ശാസ്ത്ര സ്വതന്ത്രചിന്താ സംഘടനയായ എസന്‍സ് ?ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ലിറ്റ്മസ്'24, 2024 ഒക്ടോബര്‍ 12ന് കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ് ട്രേഡ് സെന്റര്‍, കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ ഹാളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പരിപാടികള്‍ നടക്കുന്നത്. പൗലോസിനൊപ്പം പാനലിസ്റ്റായി ശാസ്ത്രപ്രചാരകന്‍ നിഷാദ് കൈപ്പള്ളിയുമെത്തും. അദ്ധ്യാപകനായ രാകേഷ് വിയാണ് മോഡറേറ്റര്‍. ലിറ്റമസ്'24 ല്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോണ്‍സേഡ് രജിസ്‌ട്രേഷനുള്ള സംവിധാനവുമുണ്ട്. വ്യക്തി ഒരാള്‍ക്ക് 350 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഉച്ചഭക്ഷണം ഉള്‍പ്പടെ 480 രൂപയാണ്.

Tags:    

Similar News