കൊല്ലപ്പെടും മുമ്പ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള ഇസ്രയേലുമായി വെടിനിര്‍ത്തലിന് സമ്മതിച്ചു? ചതിച്ചതാര്? വെളിപ്പെടുത്തലുമായി ലബനന്‍ വിദേശകാര്യ മന്ത്രി; ലെബനന്‍ വിട്ട് ഇറാനിലേക്ക് പോകാന്‍ നസ്രള്ളയോട് ഖമനേയി നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ട്

കൊല്ലപ്പെടും മുമ്പ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള ഇസ്രയേലുമായി വെടിനിര്‍ത്തലിന് സമ്മതിച്ചു?

Update: 2024-10-03 11:48 GMT

ബെയ്‌റൂത്ത്: മധ്യപൂര്‍വദേശത്ത് സംഘര്‍ഷം പെരുകിയതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. നസ്രള്ളയുടെ വധം ഒഴിവാക്കാന്‍ കഴിയുമായിരുന്നോ? സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ ലെബനന്‍ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊല്ലപ്പെടും മുമ്പ് നസ്രള്ള ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു എന്നാണ് അബ്ദള്ള ബൗ ഹബിബ് പറഞ്ഞത്. ഹിസ്ബുളളയുമായി കൂടിയാലോചിച്ച ശേഷം വെടിനിര്‍ത്തലിന് ലെബനന്‍ പച്ചക്കൊടി വീശിയിരുന്നു.

അമേരിക്കന്‍, ഫ്രഞ്ച് പ്രതിനിധികളെ വെടിനിര്‍ത്തല്‍ തീരുമാനം അറിയിച്ചിരുന്നുവെന്നും ലെബനന്‍ വിദേശകാര്യ മന്ത്രി അവകാശപ്പെടുന്നു. സെപ്റ്റംബര്‍ 27 ന് ദഹിയേയിലെ ഹിസ്ബുള്ള ആസ്ഥാനത്ത് ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായപ്പോള്‍ നസ്രള്ള ബങ്കറിലായിരുന്നു. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് നസ്രള്ള മരണപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയോട് അനുസബന്ധിച്ച് സെപ്റ്റംബര്‍ 25 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും കൂടിക്കാഴ്ച നടത്തിയപ്പോള്‍, 21 ദിവസത്തെ വെടിനിര്‍ത്തലിന് നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ബെഞ്ചമിന്‍ നെതന്‍യ്യാഹുവും ഈ കരാറിന് പച്ചക്കൊടി വീശിയതായി അമേരിക്കന്‍, ഫ്രഞ്ച് പ്രതിനിധികള്‍ തങ്ങളെ ധരിപ്പിച്ചതായും ലെബനന്‍ വിദേശകാര്യ മന്ത്രി അബ്ദള്ള ബൗ ഹബിബ് വ്യക്തമാക്കി.


എന്നാല്‍, ഒരു ദിവസത്തിന് ശേഷം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നെതന്‍യ്യാഹു തള്ളിക്കളയുകയും, ഐ ഡി എഫ് കൂടുതല്‍ കരുത്തോടെ മുന്നേറ്റം തുടരുകയും ചെയ്തു. സെപ്റ്റംബര്‍ 28 ന് ഹിസ്ബുള്ള നസ്രളളയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ലേബനന്‍ വിടാന്‍ നസ്രള്ളയോട് ഖമനേയി ആവശ്യപ്പെട്ടു

നസ്രള്ള കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ലെബനന്‍ വിടാന്‍ ആവശ്യപ്പെട്ടിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 17 ന് പേജര്‍ ആക്രമണം നടന്നതിന് പിന്നാലെയാണ് ഇറാനിലേക്ക് പോകാന്‍ നസ്രള്ളയോട് ദുതന്‍ വഴി അറിയിച്ചത്.



ഹിസ്ബുളളയ്ക്കുള്ളില്‍ ഇസ്രയേലിന്റെ ചാരന്മാരുണ്ടെന്നും നസ്രള്ളയെ വധിക്കാന്‍ പദ്ധതി ഉണ്ടെന്നും ഉള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കിട്ടിയതോടെയാണ് ഖമനേയി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. ഈ ദുതന്‍ നസ്രളളയ്‌ക്കൊപ്പം കൊല്ലപ്പെട്ട മുതിര്‍ന്ന സീനിയര്‍ ഇറാന്‍ റവല്യൂഷണി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നില്‍ഫോറൂസന്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News