തീരാനോവിന് പിന്നാലെ സൈബര്‍ ആക്രമണവും സോഷ്യല്‍ മീഡിയയിലെ വിധിന്യായങ്ങളും; നേരിട്ടു കണ്ടപ്പോള്‍ എല്ലാ പരിഭവങ്ങള്‍ പറഞ്ഞുതീര്‍ത്തു; അര്‍ജുനെയും മനാഫിനെയും നെഞ്ചേറ്റിയവര്‍ക്ക് ഇനി ആശ്വസിക്കാം; കണ്ണാടിക്കലില്‍ ഒടുവില്‍ ജയിക്കുന്നത് സ്നേഹവും സാഹോദര്യവും

കണ്ണാടിക്കലില്‍ ഒടുവില്‍ ജയിക്കുന്നത് സ്നേഹവും സാഹോദര്യവും

Update: 2024-10-05 17:16 GMT

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ വലിയ നൊമ്പരമായി മാറിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ വിയോഗം. രണ്ട് മാസത്തിലേറെ നീണ്ട തിരച്ചിലും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ തെറ്റിദ്ധാരണയാല്‍ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്തസമ്മേളനവും ഇരുവരെയും സ്നേഹിക്കുന്നവര്‍ക്ക് വേദനയായിരുന്നു. എന്നാല്‍ ചേരിതിരിഞ്ഞുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ വിധിന്യായങ്ങള്‍ക്കും വിരാമമിട്ട് അര്‍ജുനെയും മനാഫിനെയും നെഞ്ചേറ്റിയവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

മനാഫും അര്‍ജ്ജുന്റെ കുടുംബവും തമ്മില്‍ രൂപപ്പെട്ട സ്വരച്ചേര്‍ച്ചയില്ലായ്മ ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് രമ്യമായി പരിഹരിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളും പരിഹാസങ്ങളുമെല്ലാം ഏറെ മുറിവേല്‍പ്പിച്ചെങ്കിലും ഒടുവില്‍ മനുഷ്യ സ്നേഹവും സാഹോദര്യവും ജയിക്കുകയായിരുന്നു.

മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുള്‍ വാലി, സാജിദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അര്‍ജ്ജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വിനോദ് മേക്കോത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഖാദര്‍ കരിപ്പൊടി, അല്‍ ബാബു, സായ്കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടന്നത്.

ചാനലുകള്‍ തീര്‍ത്ത തെറ്റിദ്ധാരണകള്‍ തീര്‍ക്കാന്‍ വേണ്ടി ലോറിയുടമ മനാഫും അര്‍ജുന്റെ കുടുംബവും പരസ്പ്പരം കണ്ടതോടെ എല്ലാം പരിഭവങ്ങളും തെറ്റിദ്ധാരണകളും പരസ്പ്പരം സംസാരിച്ചു തീര്‍ത്തു. ചാനലുകളെ അകറ്റി നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച്ച. ചാനലുകളിലെ റേറ്റിംഗിനായി ചിലര്‍ കരുവാക്കിയതോടെയാണ് നല്ല രീതിയില്‍ സൗഹാര്‍ദ്ദത്തില്‍ ആയിരുന്നരെ തെറ്റിച്ചതെന്ന വിലയിരുത്തല്‍ പോലുമുണ്ടായിരുന്നു. ഇതിനിടെ സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ മാനാഫിനെതിരെ കേസെടുത്തത് അര്‍ജുന്റെ കുടുംബത്തിനും വേദനയായി മാറി.

നേരത്തെ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയിലെ ചിലര്‍ മുന്‍കൈയെടുത്താണ് ഇരുകൂട്ടരുടെയും തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമം നടത്തിയത്. അത് ഫലം കണ്ടുവെന്നാണ് സൂചനകള്‍. കോഴിക്കോട്ടെ അര്‍ജുന്റെ കണ്ണാടിക്കലുള്ള വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വെച്ചാണ് മനാഫും അര്‍ജുന്റെ വീട്ടുകാരും പരസ്പ്പരം കണ്ടത്. ചെറിയ തെറ്റിദ്ധാരണ വഷളാക്കിയ ചാനലുകളെ അകറ്റി നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച്ച. ഒരുമിച്ച് ഫോട്ടോ ഉള്‍പ്പെടെ എടുത്ത ശേഷമാണ് മനാഫ് മടങ്ങിയത്.

അര്‍ജുന്റെ അയല്‍വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ച്ചയില്‍ പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ത്തു. തെറ്റിദ്ധാരണക്ക് കാരണം ചാനലുകളുടെ അമിത താല്‍പ്പര്യം ആയിരുന്നുവെന്നാണ് ഇരുകൂട്ടരും പറഞ്ഞത്. ഇതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചത്. അര്‍ജുന്റെ കുടുംബത്തിന് നല്ലതു വരാന്‍ മാത്രമാണ് ആഗ്രഹിച്ചതെന്നാണ് മനാഫും പറഞ്ഞത്. കൂടിക്കാഴ്ച്ചയോടെ ഇരുകൂട്ടര്‍ക്കും ഇടയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങിയിട്ടുണ്ട്. അര്‍ജുന്റെ അളിയന്‍ ജിതിനും അനിയന്‍ അഭിജിത്തുമാണ് മനാഫുമായുള്ള കൂടിക്കാഴ്ച്ചയില്‍ കണ്ടത്. പരസ്പ്പരം കെട്ടിപ്പിടിച്ചാണ് ഇരുകൂട്ടരും പിരിഞ്ഞത്. അര്‍ജുന്‍ തുടങ്ങിയ സൗഹൃദം കുടുംബം ഇനിയും തുടര്‍ന്നുപോകും. പല കാര്യങ്ങളിലും ഇരുകൂട്ടര്‍ക്കും ഇനിയും ഒരുമിച്ചു പോകേണ്ടതുണ്ട്.

നേരത്തെ അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ മനാഫിന് പങ്കില്ലെന്ന് വ്യക്തമായതോടെയാണ് ഈ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കുടുംബം മനാഫിനെതിരെ ഒന്നും പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നിട്ടും മനാഫിനെതിരെ പോലീസ് കേസെടുത്തത് അര്‍ജുന്റെ കുടുംബത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു കുടുംബത്തിന്റെ പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

Tags:    

Similar News