പതിനാല് പേരുടെ മാത്രം ജീവനുമായി മഹാദുരന്തം ഒഴിഞ്ഞു പോയി; 30 ലക്ഷത്തോളം പേരുടെ വീടുകള്‍ തകര്‍ന്നു; വാള്‍ട് ഡിസ്നി വേള്‍ഡ് വരെ നാളെ തുറന്ന് ജീവിതത്തിലേക്ക് മടങ്ങാന്‍ ഫ്‌ലോറിഡ; ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മില്‍റ്റണ്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് അമേരിക്ക
ഫ്‌ലോറിഡ: ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും എന്ന് ഭയന്ന ഒന്നാണ്. തൊലിപ്പുറത്ത് മാത്രം പൊള്ളലുണ്ടാക്കി കടന്നു പോയത്. വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും എന്ന് ഭയന്ന മില്‍റ്റണ്‍ കൊടുങ്കാറ്റിന് പക്ഷെ പതിനാലു പേരുടെ ജീവനെടുക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. അമേരിക്ക എന്ന രാജ്യത്തിന്റെ ദുരന്ത നിവാരണ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണമായി ഇത് ചരിത്രത്തില്‍ ഇടംപിടിക്കും എന്നതില്‍ സംശയമില്ല. ഇനിയും കാറ്റ് വീശുവാനും ജലനിരപ്പ് ഉയരുവാനും ഇടയുണ്ടെങ്കിലും, അത് അത്ര ഭീകരമായ ഒരു സാഹചര്യം ഉണ്ടാക്കില്ലെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പറഞ്ഞു.
സെയിന്റ് ലൂസി കൗണ്ടിയില്‍ മരിച്ച അഞ്ചുപേര്‍ ഉള്‍പ്പടെ പതിനാല് പേര്‍ക്കാണ് ഈ ശക്തമായ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടമായത്. സെയിന്റ് പീറ്റേഴ്സ്‌ബെര്‍ഗില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിനു പുറമെ വൊലുസിയ കൗണ്ടിയില്‍ വീടിന് മുകളില്‍ മരം കടപുഴങ്ങി വീണ് ഒരാള്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. ഏകദേശം 33 ലക്ഷത്തോളം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്. ഫ്‌ലോറിഡയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വടക്കോട്ട് ജോര്‍ജിയ വരെ ഇപ്പോഴും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സൗത്ത് കരോലിന തീരത്തും കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാറ്റഗറി 6 ല്‍ ഉള്‍പ്പെടുത്തിയിരുന്ന മില്‍റ്റന്‍ പിന്നീട് ശോഷിച്ച് കാറ്റഗറി 4 ല്‍ എത്തിയെങ്കിലും പിന്നീട് ശക്തി സംഭരിച്ച് കാറ്റഗറി 5 ല്‍ എത്തി. എന്നാല്‍, കഴിഞ്ഞ ദിവസം കരയില്‍ എത്തിയപ്പോഴേക്കും ഇതിന്റെ ശക്തി ക്ഷയിച്ച് കാറ്റഗറി 3 ല്‍ എത്തിയിരുന്നു. എന്നിരുന്നാലും 28 അടി ഉയരത്തില്‍ വരെ തിരമാലകളെ ഉയര്‍ത്തിയായിരുന്നു മില്‍റ്റന്റെ താണ്ഡവം. 27 ഓളം ടൊര്‍ണാഡോകളും, അതിശക്തമായ ഒരു കൊടുങ്കാറ്റും മേഖലയെ പിടിയിലൊതുക്കുകയായിരുന്നു. നേരത്തെ ഹറികെയ്ന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന കൊടുങ്കാറ്റിനെ ആ വിഭാഗത്തില്‍ നിന്നും നീക്കിയതായി നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ അറിയിച്ചു.മണിക്കൂറില്‍ 75 മൈല്‍ വേഗതയിലായിരുന്നു ഇത് ആഞ്ഞടിച്ചത്.
ദുരന്തമുഖത്തു നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഫ്‌ലോറിഡ, അതിന്റെ ഞെട്ടലില്‍ നിന്നും മുക്തമാവുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും പെട്രോള്‍ സ്റ്റേഷനുകളും ഉടന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് കരുതുന്നതായി ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൊടുങ്കാറ്റ് താണ്ഡവമാറിയ ഓര്‍ലാന്‍ഡോയില്‍ ഉള്ള ഡിസ്നി ലാന്ദ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നില്ല. നേരത്തെ ടാംപ നഗരത്തെ കൊടുങ്കാറ്റ് തകര്‍ക്കുമെന്ന് ഭയന്നിരുന്നു. ഇപ്പോഴും ഇവിടെ അടിയന്തിരാവസ്ഥ നിലനില്‍ക്കുകയണ്.
ടാംപയില്‍ ഭേദപ്പെട്ട രീതിയില്‍ മഴ പെയ്തപ്പോള്‍ സെയിന്റ് പീറ്റേഴ്സ്‌ബെര്‍ഗില്‍ 41 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ നാഷണല്‍ വെതര്‍ സര്‍വ്വീസ് മദ്ധ്യ ഫ്‌ലോറിഡയിലും പടിഞ്ഞാറന്‍ ഫ്‌ലോറിഡയിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. ലീ കൗണ്ടിയിലും കനത്ത കാറ്റും മഴയും വെള്ളപ്പൊക്കത്തിന് കാരണമായി. വെനീസ് ബീച്ചില്‍ 6 മുതല്‍ 7 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊടുങ്കാറ്റിന്റെ പ്രഭാവം ഏറെ ബാധിച്ച പിനെലസ്, സാറാസോട്ട, ലീ കൗണികളിലെ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുവാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ടാംപ വലിയൊരു ദുരന്തത്തില്‍ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും, അത് പൂര്‍ണ്ണമായും ഒഴിഞ്ഞു മാറിയിട്ടില്ലെന്ന് മേയര്‍ ജെയ്ന്‍ കാസ്റ്റര്‍ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനാല്‍ ആളുകള്‍ കഴിയുന്നതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അതിനിടെ കടലോരത്തെ കൊടുങ്കാറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പടെ ലിഥിയം അയോണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയെ തകരാറിലാക്കിയേക്കും എന്ന് ഫയര്‍ മാര്‍ഷല്‍ ജിമ്മി പട്രോണിസ് മുന്നറിയിപ്പ് നല്‍കി.ഹറികെയന്‍ ഹെലന്‍ ആഞ്ഞടിച്ച നാളുകളില്‍ ലിഥിയം അയോണ്‍ ബാറ്ററി ഉള്‍പ്പെട്ട അന്‍പതോളം അഗ്‌നിബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.