ആളുകളെ കുത്തിനിറച്ച് യാത്ര; നൈജീരിയയിൽ ബോട്ട് മുങ്ങി വൻ അപകടം; 27ലേറെ പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേരെ കാണാതായി; ഉറ്റവരെ കാണാതെ അലറിക്കരഞ്ഞ് യാത്രക്കാർ; അപകടത്തിൽപ്പെട്ടത് കൂടുതലും സ്ത്രീകൾ; രക്ഷാപ്രവർത്തനം തുടരുന്നു; കണ്ണീരായി നൈജീരിയൻ ബോട്ട് അപകടം!

Update: 2024-11-30 12:30 GMT

അബുജ: ആളുകളെ കുത്തി കയറ്റി യാത്ര ചെയ്തതിനെ തുടർന്ന് ബോട്ട് മുങ്ങി അപകടം. വടക്കൻ നൈജീരിയയിലാണ് ദാരുണ സംഭവം നടന്നത്. ബോട്ട് തകർന്ന് 27ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നൂറിലേറെ പേരെ കാണാതായി. നൈജീരിയയിലെ കോഗിയിൽ നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോയ ബോട്ടാണ് നൈജർ നദിയിൽ മുങ്ങിയത്.

ഇരുനൂറിലേറെ യാത്രക്കാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ 27 മൃതദേഹങ്ങൾ നൈജർ നദിയിൽ നിന്ന് മുങ്ങി എടുക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നു.

പ്രാദേശിക സ്കൂബാ വിദഗ്ധരും സേനാംഗങ്ങളും ചേർന്ന് ഒരുമിച്ചാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നതെന്നാണ് കോഗിയിലെ രക്ഷാസേനാ വക്താവ് പറഞ്ഞു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം നദിയിൽ നിന്ന് ആരെയും ജീവനോടെ രക്ഷിക്കാനായിട്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.

യാത്രക്കാരിൽ ഏറിയ പങ്കും സ്ത്രീകളായിരുന്നുവെന്നാണ് പുറത്ത് വരുന്നത്. ഭക്ഷ്യമാർക്കറ്റിലേക്ക് പോവുകയായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ബോട്ടിൽ പരിധിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, നൈജീരിയയുടെ പ്രാന്ത പ്രദേശങ്ങളിൽ ആളുകളെ കുത്തി നിറച്ചെത്തുന്ന ബോട്ടുകൾ അപകടത്തിൽപ്പെടുന്ന സംഭവം അസാധാരണം അല്ല. റോഡ് ഗതാഗതം ഏറെക്കുറെ അസാധ്യമാവുന്നതാണ് ബോട്ട് ഗതാഗതത്തെ ആശ്രയിക്കാൻ നൈജീരിയൻ സ്വദേശികളെ പ്രേരിപ്പിക്കുന്നത്.

വെള്ളിയാഴ്ച അപകടമുണ്ടായതിന് പിന്നാലെ ബോട്ട് കണ്ടെത്താൻ വൈകിയതും അപകടത്തിന്റെ തോത് വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത ബോട്ടാണ് സർവ്വീസിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  

Tags:    

Similar News