മുഖം മുഴുവന്‍ മറച്ച് പരീക്ഷ എഴുതാമോ? നിഖാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത് നാല്‍പതോളം വിദ്യാര്‍ത്ഥികള്‍; കാമ്പസില്‍ മുഖം മറയ്ക്കരുതെന്ന് പ്രിന്‍സിപ്പല്‍; മലപ്പുറത്തെ പിഎസ്എംഒ കോളേജില്‍ ഒരു പര്‍ദ്ദ വിവാദം; പ്രതിഷേധം കടുപ്പിച്ച് മുസ്ലീം സംഘടനകള്‍
നിക്കാബ് ധരിച്ചോട്ടെ, കാമ്പസില്‍ മുഖം മറയ്ക്കരുതെന്ന് പ്രിന്‍സിപ്പല്‍
മലപ്പുറം: തിരൂരങ്ങാടി പോക്കര്‍സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജില്‍ മുഖം മറച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയത് വിവാദത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരീക്ഷയിലാണ് നാല്‍പ്പതോളം വിദ്യാര്‍ത്ഥിനികള്‍ മുഖം മറക്കുന്ന നിഖാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. കാമ്പസിനുള്ളില്‍ നിക്കാബ് ധരിക്കുന്നത് കോളജ് നിയമത്തിന് എതിരാണെന്ന് പ്രിന്‍സിപ്പല്‍ ഡോ.കെ. അസീസ് ഇവരെ അറിയിച്ചതോടെ കുട്ടികളുടെ മൗലിക അവകാശം ലംഘിക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തുകയും പ്രതിഷേധം ഉയര്‍ത്തുകയുമായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ് തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി കീഴിലുള്ള പിഎസ്എംഒ കോളജ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉണ്ട്. എന്നാല്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ പരീക്ഷ എഴുതാനെത്തിയ വെളിമുക്ക് ക്രസന്റ് എസ്എന്‍ഇസി കാമ്പസിലെ വിദ്യാര്‍ത്ഥിനികളാണ് യൂണിഫോമിന് പകരം നിഖാബ് ധരിച്ചെത്തിയത്. മുഖം മറയ്ക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്തുന്നത് കോളജില്‍ അനുവദനീയമല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതിനെതിരെ എസ്‌കെഎസ്എസ്എഫ് അടക്കമുള്ള സംഘടനകളാണ് രംഗത്തെത്തിയത്. നിഖാബ് നിരോധനം റദ്ദാക്കിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നാണ് മുസ്ലിം സംഘടനകളുടെ പ്രഖ്യാപനം.
എന്നാല്‍ വിവാദം അനാവശ്യമാണെന്നും കോളജില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിന് തടസമില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. മുഖം പൂര്‍ണമായി മറച്ച് കോളേജിനുള്ളില്‍ പ്രവേശിക്കുന്നതിനാണ് തടസം. കുട്ടികളെ തിരിച്ചറിയാനാണ് മുഖാവരണം പാടില്ലെന്ന് പറഞ്ഞതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പരീക്ഷ എഴുതാന്‍ വരുന്നയാളെ ഐഡന്റിഫൈ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ ഇടപെട്ടത്. പക്ഷെ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചതോടെ വിഷയം ഏറ്റെടുത്ത് മുസ്ലീം സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ ഉപ്പ പ്രിന്‍സിപ്പലിനെ ഫോണില്‍ വിളിക്കുകയും ഈ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതോടെ പ്രശ്‌നം വഷളാവുകയും ചെയ്തു. എന്നാല്‍ കോളേജിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍.
കുട്ടികള്‍ നിക്കാബ് ധരിച്ച് വന്നോട്ടെ, പക്ഷെ കാമ്പസില്‍ കയറിക്കഴിഞ്ഞാല്‍ മുഖം മറയ്ക്കാന്‍ പാടില്ല. വ്യക്തികളെ തിരിച്ചറിയുന്ന രീതിയില്‍ മുഖം കാണിച്ചെ മതിയാകു. കോളേജിന്റെ നിയമമാണെന്നും പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയുടെ പിതാവ് മുഖം മറയ്ക്കരുത് എന്നത് എവിടെയും ഇല്ലാത്ത നിയമമാണ്. താന്‍ ജെഎന്‍യുവില്‍ പഠിച്ചയാളാണെന്നും അധ്യാപകനാണെന്നും കുട്ടിയുടെ ഉപ്പ വാദിക്കുന്നുണ്ട്.
ഈ ഓഡിയോ പുറത്തുവന്നതോടെ പല മുസ്ലീം സംഘടനകളും രംഗത്ത് ഇറങ്ങി. കുട്ടികളുടെ മൗലിക അവകാശം ലംഘിക്കുന്നു എന്ന രീതിയിലായിരുന്നു വാദങ്ങള്‍. പരീക്ഷകള്‍ സുതാര്യമായി നടത്തണമെന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍ ഇക്കാര്യം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. എന്നാല്‍ ആ തുറന്നുപറച്ചില്‍ വിവാദമാക്കി. സുപ്രഭാതം ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നിഖാബ് നിരോധിച്ചുകൊണ്ടുള്ള പിഎസ്എംഒ മാനേജ്‌മെന്റ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വ്യക്തമാക്കി എസ് കെ എസ് എസ് എഫ് രംഗത്ത് വന്നു.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ കാമ്പസുകളിലും പരീക്ഷാ ഹാളുകളിലും വിദ്യാര്‍ത്ഥികള്‍ക്കു ധരിക്കാവുന്ന വസ്ത്രം സംബന്ധിച്ച് വ്യവസ്ഥ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനു കത്തു നല്കി. മുഖം കാണാതിരുന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അത് ആള്‍മാറാട്ടത്തിനും പരീക്ഷാക്രമക്കേടുകള്‍ക്കും അവസരമൊരുക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. മുഖംമറച്ചുള്ള വസ്ത്രങ്ങള്‍ പാടില്ലെന്ന നിര്‍ദേശം സര്‍വകലാശാല പുറത്തിറക്കുന്നത് എല്ലാ കോളജുകള്‍ക്കും സഹായകമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.