ഇന്ത്യക്കാരെ സ്റ്റുഡന്റ് വിസ വഴി അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം; കാനഡയില്‍ എത്തിച്ച് അനധികൃതമായി യു എസ് അതിര്‍ത്തി കടത്തിവിടും; അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റില്‍ കാനഡയിലെ 260 കോളജുകള്‍; ഏജന്റുമാരെയടക്കം കണ്ടെത്തി ഇ.ഡി അന്വേഷണം

ഇന്ത്യക്കാരെ സ്റ്റുഡന്റ് വിസയില്‍ യു എസ് അതിര്‍ത്തി കടത്തല്‍ റാക്കറ്റ്

Update: 2024-12-26 13:49 GMT

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വര്‍ഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും തണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍.

2022 ജനുവരി 19 ന് ഗുജറാത്ത് സ്വദേശിയായ ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി (35), മകള്‍ (11), മകന്‍ (3) എന്നിവരാണ് മാനിറ്റോബയിലെ യുഎസ് - കാനഡ അതിര്‍ത്തിയില്‍ കൊടുംതണുപ്പില്‍ മരിച്ചത്. യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മരണം. -37 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മഞ്ഞുവീഴ്ചയ്ക്കിടെ മനുഷ്യക്കടത്തുകാര്‍ കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് ഏജന്റുമാര്‍ക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിലാണ് കാനഡയിലെ 260 കോളേജുകള്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. സ്റ്റുഡന്റ് വിസ കിട്ടാനും കാനഡയില്‍ എത്താനുമായി ഏകദേശം 50-60 ലക്ഷം രൂപയാണ് ഏജന്റുമാര്‍ വാങ്ങുന്നത്. എന്നിട്ട് ഈ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക് അനധികൃതമായി എത്തിക്കാന്‍ കനേഡിയന്‍ കോളേജുകള്‍ എത്ര പണം കൈപ്പറ്റി എന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

പ്രതിവര്‍ഷം മുംബൈയും നാഗ്പൂരും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്റുമാര്‍ 35,000 പേരെ അനധികൃതമായി വിദേശത്തേക്ക് അയക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഗുജറാത്തില്‍ മാത്രം 1,700-ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളമുള്ള 3,500-ഓളം പേരും ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്ത്യക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് അയക്കുന്നതിനായി ഏജന്റുമാര്‍ കാനഡയിലെ കോളേജുകളിലോ സര്‍വകലാശാലകളിലോ പ്രവേശനം തരപ്പെടുത്തുന്നു. എന്നിട്ട് അവരെ യുഎസ്-കാനഡ അതിര്‍ത്തി കടത്തിവിടുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുംബൈ, നാഗ്പൂര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി അതിര്‍ത്തി കടത്തുന്ന ഏജന്റുമാരെ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു.

ചില ഏജന്റുമാര്‍ വിദേശത്തുള്ള സര്‍വകലാശാലകളുമായും കോളേജുകളുമായും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും കണ്ടെത്തി. പരിശോധനയില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 19 ലക്ഷം രൂപയും രേഖകളും കണ്ടെത്തി.

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റാലുടന്‍ 15 ലക്ഷം അനധികൃത കുടിയേറ്റക്കാരെ ഡോണള്‍ഡ് ട്രംപ് നാടുകടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ മാത്രം രണ്ടുലക്ഷത്തില്‍പ്പരം അഭയാര്‍ഥികളാണ് അനധികൃത മാര്‍ഗത്തിലൂടെ അമേരിക്കയില്‍ എത്തിയതെന്നാണ് രേഖ. ഇവരില്‍ പലരെയും അതിര്‍ത്തി സംസ്ഥാനങ്ങളിലെ അഭയാര്‍ഥി കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന ഹോട്ടലുകളിലും മറ്റ് കെട്ടിടങ്ങളിലും താമസിച്ചിരിക്കുകയാണ്.

ബലം പ്രയോഗിച്ചുള്ള നാടുകടത്തലാണ് തങ്ങള്‍ക്കുമുന്നിലെന്ന ഭീതിയിലാണ് അഭയാര്‍ഥി കുടുംബങ്ങള്‍. അഭയാര്‍ഥികളെ ഏറ്റുവാങ്ങാന്‍ തയാറാകാത്ത രാജ്യങ്ങളുമായുള്ള വാണിജ്യബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു.

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് രാജ്യത്തുള്ള 15 ലക്ഷം അനധികൃത കുടിയേറ്റക്കാരുടെ പട്ടിക നവംബറില്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ 17,940 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രപ്രദേശ് സംസ്ഥാനക്കാരാണ് കൂടുതലും. തിരിച്ചയക്കുന്നവരെ സ്വീകരിക്കാന്‍ അതത് രാജ്യങ്ങള്‍ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് അമേരിക്ക ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യക്കാരായ 7.25 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രം 90,000 ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച് അറസ്റ്റിലായിരുന്നു.

Tags:    

Similar News