ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി; മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും പുനര്‍നിര്‍മാണത്തിനുള്ള ചെലവുകള്‍ വഹിക്കേണ്ടതും ഉദ്യോഗസ്ഥര്‍; നിര്‍ദ്ദേശം സുപ്രീംകോടതി വിധി അനുസരിച്ച്

Update: 2025-01-07 05:53 GMT

തിരുവനന്തപുരം: ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. 2024 നവംബര്‍ 13 ന് പുറപ്പെടുവിച്ച പൊളിക്കലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള സംസ്ഥാന നടപടികളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അയയ്ക്കണമെന്നും കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാന്‍ 15 ദിവസത്തെ സമയം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സ്വന്തം നിലയ്ക്ക് കെട്ടിടം പൊളിക്കാന്‍ ഉടമ തയാറാണെങ്കില്‍ 15 ദിവസം കൂടി അനുവദിണം. പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ പങ്കാളികളെയും അറിയിക്കാന്‍ അധികാരികള്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും പുനര്‍നിര്‍മാണത്തിനുള്ള ചെലവുകള്‍ വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. കൂടാതെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കുമ്പോള്‍ ജില്ലാ കളക്ടറെ അറിയിക്കണം.മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു വെബ് പോര്‍ട്ടല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആരംഭിക്കണം. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണം. കെട്ടിട ഉടമയുടെ ഭാഗവും കേള്‍ക്കണം. എന്തുകൊണ്ടാണ് ഉടമയുടെ ആവശ്യം നിരസിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കണം. പൊളിക്കുകയാണെങ്കില്‍, രണ്ട് സാക്ഷികളുടെ ഒപ്പ് ശേഖരിക്കുകയും നടപടിക്രമത്തിന്റെ ദൃശ്യങ്ങള്‍ രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.

ഏത് കുറ്റകൃത്യത്തില്‍ പങ്കുള്ളവരെയും രാജ്യത്തെ നിയമം അനുശാസിക്കുന്ന വഴികളിലൂടെ വേണം ശിക്ഷിക്കാന്‍. മറിച്ചുള്ള ഏത് നീക്കവും ഭരണഘടന വിരുദ്ധമാണ്. ഒരു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളിന്റെ കുടുംബത്തെപ്പോലും വഴിയാധാരമാക്കുന്ന ഒരു കാട്ടു നീതി രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ അരങ്ങേറിയിരുന്നു. കുറ്റകൃത്യങ്ങളലേര്‍പ്പെടുന്ന ഗുണ്ടാ സംഘങ്ങള്‍ക്ക് ഒരു പാഠമാകണമെന്ന സദുദ്ദേശം അതിന് പിന്നിലുണ്ടെന്ന് ചിന്തിച്ചാല്‍പ്പോലും ഈ കാട്ടാള സമീപനത്തെ രാജ്യത്തെ നീതിന്യായ സംവിധാനങ്ങളോടുള്ള കടുത്ത വെല്ലുവിളിയായി കണക്കാക്കേണ്ടി വരും.നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കുറ്റാരോപിതരായ വ്യക്തികളുടെ വീട് ഉള്‍പ്പെടെ സ്വത്ത് പൊളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നവംബര്‍ 13ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു.

ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നീ ജസ്റ്റിസുമാരുടെ ബഞ്ചാണ് ഇങ്ങനെ നിരീക്ഷിച്ചത്. സംസ്ഥാനങ്ങള്‍ കുറ്റാരോപിതരായ വ്യക്തികളുടെ വീടുകളും സ്വകാര്യ സ്വത്തുക്കളും നിയമവിരുദ്ധവും പ്രതികാരദായകവുമായ ബുള്‍ഡോസര്‍ ചെയ്യുന്നത് തടയാന്‍ ജസ്റ്റിസ് വിശ്വനാഥന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. പൊതുഭൂമിയലോ അനധികൃത കെട്ടിടങ്ങളലോ ഉള്ള കൈയേറ്റങ്ങള്‍ ഒഴികെ വ്യക്തമായ അനുമതിയില്ലാതെ രാജ്യത്തുടനീളമുള്ള പൊളിക്കലുകള്‍ നിറുത്തിവയ്ക്കുന്നതിനുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി നേരത്തെ തന്നെ നല്‍കിയിരുന്നു.

കൂടുതല്‍ സ്ഥാപനപരമായ ഉത്തരവാദിത്തം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കോടതി സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ കോടതി നിര്‍ബന്ധമാക്കിയിട്ടുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ക്കും പൊളിക്കലുകള്‍ക്കും ബാധകമല്ലെന്ന് വ്യക്തമാക്കി. നിയമവിരുദ്ധമായ പൊളിക്കലുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ അച്ചടക്കനടപടി, അലക്ഷ്യ കുറ്റം, സാമ്പത്തിക പിഴ എന്നിവ നേരടേണ്ടിവരുമെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.. കൂടാതെ, തെറ്റായ പൊളിക്കലുകള്‍ക്കുള്ള നഷ്ടപരിഹാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട് ഈടാക്കാനും നിര്‍ദ്ദേശിച്ചു. ഇത് പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

Tags:    

Similar News