ഇഷ്ടികകൊണ്ട് അടച്ച വാതിലുകള്‍; ചില വാതിലുകളില്‍ വലിയ ഇരുമ്പ് പൂട്ടുകളും; മൂന്ന് നില കെട്ടിടത്തില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് കഞ്ചാവ് ചെടികള്‍; നോര്‍ത്താംപ്ടണില്‍ കണ്ടെത്തിയത് മുന്‍ കാസിനോയ്ക്കുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് ഫാക്ടറി; 36കാരന്‍ അറസ്റ്റില്‍
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ടില്‍ മുന്‍ കാസിനോയ്ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഭീമാകാരമായ കഞ്ചാവ് ഫാക്ടറി പോലീസ് റെയ്ഡ് ചെയ്തു. മൂന്ന് നില കെട്ടിടത്തിന്റെ എല്ലാ നിലകളിലും ആയിരക്കണക്കിന് കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് ദശലക്ഷക്കണക്കിന് രൂപ വില വരും. കഴിഞ്ഞ ദിവസം രാവിലെയാണ് നോര്‍ത്താംപ്ടണ്‍ ടൗണ്‍ സെന്ററിലെ ഉപയോഗശൂന്യമായ ആസ്പേഴ്സ് കാസിനോയിലേക്ക് ഉദ്യോഗസ്ഥര്‍ കുതിച്ചെത്തിയത്.
കൊമേഴ്‌സ്യല്‍ സ്ട്രീറ്റിലെ കെട്ടിടത്തിന് ചുറ്റും ചിതറിക്കിടക്കുന്ന കഞ്ചാവ് ചെടികള്‍ അവര്‍ കണ്ടെത്തി. ഈ കൗണ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് ഫാക്ടറികളില്‍ ഒന്നാണിതെന്ന് നോര്‍ത്താംപ്ടണ്‍ഷെയര്‍ പോലീസ് പറഞ്ഞു. പോലീസിനെ തടയുന്നതിനായി ഇവിടുത്തെ പല വാതിലുകളും ഇഷ്ടികകൊണ്ട് അടച്ചിട്ടിരുന്നു. ചില മുറികളില്‍ വാതിലുകളില്‍ വലിയ ഇരുമ്പ് പൂട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ് കൃഷി ചെയ്തതായി സംശയിക്കപ്പെടുന്ന 36 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
നോര്‍ത്താംപ്ടണ്‍ സെന്‍ട്രലിലെ നെയ്ബര്‍ഹുഡ് പോലീസിംഗ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത് തങ്ങള്‍ വളരെ വലിയൊരു കഞ്ചാവ് ഉല്‍പാദനമാണ് കണ്ടെത്തിയത് എന്നാണ്. അവ മൂന്ന് നിലകളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. ഇതിന് പിന്നില്‍ ഒരു സംഘടിത ക്രിമിനല്‍ സംഘം ഉണ്ടാകും എന്നാണ് പോലീസ് സംശയിക്കുന്നത്.
പോലീസ് കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമം ഉണ്ടായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് അകത്ത് കടന്നത്. പോലീസിന് മുന്നില്‍ കീഴടങ്ങിയ വ്യക്തിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വലിയ പോലീസ് സംഘത്തെ ഇവിടെ
ഇപ്പോഴും നിയോഗിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കഞ്ചാവ് ചെടികളാണ് പോലീസ് കണ്ടെത്തിയത്. ഇതിന് എത്ര മൂല്യം ഉണ്ടാകും എന്ന കാര്യം ഇനിയും കണക്കാക്കിയിട്ടില്ല.
കഴിഞ്ഞ ആറ് മാസമായി പോലീസ് സംഘം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഇതിന്
പിന്നിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ പോലീസ് അന്വേഷിക്കുന്ന കാര്യം മനസിലാക്കുന്നതിന് മുമ്പ് തന്നെ പോലീസ് ഇവിടെ റെയ്ഡ് നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
