അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യം; ഗ്രീന്‍ലാന്‍ഡും പനാമ കനാലും പിടിക്കാനൊരുങ്ങി ട്രംപ്; സ്വയഭരണ പ്രദേശങ്ങള്‍ അമേരിക്കയ്ക്ക് വേണം; കാനഡയിലും ട്രംപിസം ഇടപെടുമോ?
വാഷിങ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ഗ്രീന്‍ലാന്‍ഡിന്റെയും പനാമ കനാലിന്റെയും നിയന്ത്രണം ആവശ്യമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്കന്‍ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡയിലെ തന്റെ മാര്‍ എ ലാഗോ എസ്റ്റേറ്റില്‍ പത്രക്കാരോട് സംസാരിക്കവെ ആണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍, ഇതിനായി സൈനിക ശക്തിയാണോ സാമ്പത്തിക ശക്തിയാണോ ഉപയോഗിക്കുക എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വയം ഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. അതിന്റെ നിയന്ത്രണം ലഭിക്കുന്നതിനായി ഏത് തന്ത്രമാണ് ഉപയോഗിക്കുക എന്നത് ഇപ്പോള്‍ പറയാനാവില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ഒരു പക്ഷെ ചര്‍ച്ചകളിലൂടെയും ഇത് സാധിച്ചെടുക്കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ പ്രദേശങ്ങള്‍ അമേരിക്കക്ക് കീഴില്‍ ആകേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അതീവ പ്രധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ മേഖലകള്‍ വിട്ടു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് നിലവില്‍ ഇവയുടെ നിയന്ത്രണം കൈയ്യിലുള്ള ഡെന്മാര്‍ക്കും പനാമയും വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കാനഡയുമായുള്ള അതിര്‍ത്തി കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നായിരുന്നു കാനഡയെ അമേരിക്കയോട് ചേര്‍ക്കുമോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് അദ്ദേഹം നല്‍കിയ മറുപടി. ലോകത്തിലെ തന്നെ, രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ അതിര്‍ത്തിയാണ് 1700 കളില്‍ തീര്‍ത്ത കരാറുകളിലൂടെ ഉണ്ടായ അമേരിക്കന്‍ കാനഡ അതിര്‍ത്തി.
കാനഡയെ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക ചെലവാാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച ട്രംപ്, കാനഡയില്‍ നിന്നും കാറുകളും മറ്റും ഇറക്കുമതി ചെയ്യുന്നതിനെയും വിമര്‍ശിച്ചു. നേരത്തെ കാനഡയോട് അമേരിക്കയുടെ അമ്പത്തി ഒന്നാമത്തെ സംസ്ഥാനമാകുവാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റി ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.