നിരോധിക്കും മുന്‍പ് ടിക്ടോകില്‍ കണ്ണ് വച്ച് എലന്‍ മസ്‌ക്; ചൈനീസ് സോഷ്യല്‍ മീഡിയ ഭീമനെ സ്വന്തമാക്കാന്‍ മസ്‌ക്ക് നേരിട്ട് രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2025-01-15 07:54 GMT

യു.എസില്‍ നിരോധന ഭീഷണി നേരിടുകയാണ് ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് അമേരിക്കന്‍ ഭരണകൂടം പുതിയ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്.

ഇതനുസരിച്ച് യു.എസില്‍ ടിക് ടോക്കിന് സേവനം തുടരണമെങ്കില്‍, ജനുവരി 19 ന് മുമ്പ് ടിക് ടോക്കിന്റെ യു.എസിലെ സ്ഥാപനമായ ബൈറ്റ്ഡാന്‍സ് വില്‍ക്കണം. വില്‍പ്പന നടത്താന്‍ തയ്യാറല്ലെങ്കില്‍ സേവനം അവസാനിപ്പിക്കണം. നിയമം നിലവില്‍ വരുന്നതിന് മുമ്പ് വില്‍പനയുമായി ബന്ധപ്പെട്ട് പല വഴികള്‍ തേടുകയാണ് ബൈറ്റ്ഡാന്‍സ്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് ടിക് ടോക്ക് വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൈന പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിവിശ്വസ്തന്‍ കൂടിയാണ് മസ്‌ക്് എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ടിക് ടോക്ക് ബൈറ്റ്ഡാന്‍സിന് കീഴില്‍ തന്നെ വേണമെന്നാണ് ചൈനയുടെ താത്പര്യമെങ്കിലും യു.എസില്‍ സ്ഥിതി പരുങ്ങലിലാണ്. നിയമം താല്കാലികമായെങ്കിലും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതിയും വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് അധികാരമേല്‍ക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ അനുനയിപ്പിച്ച് യു.എസില്‍ തുടരാനുള്ള വിപുലമായുള്ള ചര്‍ച്ചകള്‍ ടിക് ടോക്ക് നടത്തിവരുന്നത്. അതിലൊന്നാണ് മസ്‌കുമായുള്ള ചര്‍ച്ചകള്‍. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി 2165 കോടി രൂപയാണ് മസ്‌ക് ചെലവാക്കിയത്.

ടിക് ടോക്കിന്റെ അമേരിക്കയിലെ നിയന്ത്രണം മസ്‌കിന് നല്‍കുകയും വാണിജ്യപങ്കാളിയായി തുടരുകയും ചെയ്യുക എന്ന സാധ്യതയാണ് ചൈന പരിശോധിക്കുന്നത്. 17 കോടി ഉപഭോക്താക്കളുള്ള ടിക് ടോക്കിന് പരസ്യദാതാക്കളെ ആകര്‍ഷിക്കാനുള്ള എക്‌സിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരാനാവും. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എ.ഐ സ്ഥാപനമായ എക്‌സ് എ.ഐയ്ക്ക് ടിക് ടോക്കില്‍ സൃഷ്ടിക്കപ്പെടുന്ന വലിയ അളവിലുള്ള ഡേറ്റ ഉപയോഗപ്പെടുത്താനുമാവും. സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ യു.എസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള പങ്കാളിത്തവും ടിക് ടോക്കിന് ലഭിക്കും.

എന്നാല്‍ ഈ വിഷയത്തില്‍ ചൈന അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ടിക് ടോക്ക് നിരോധന വിഷയത്തില്‍ രാഷ്ട്രീയമായ പരിഹാരം കാണാന്‍ തനിക്ക് സാധിക്കുമെന്നും അതിനാല്‍ ടിക് ടോക്കിന്റെ നിരോധനത്തിലേക്ക് നയിക്കുന്ന നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് 2024 ഡിസംബറില്‍ ട്രംപ് യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ടിക് ടോക്ക് വിഷയത്തില്‍ ട്രംപിന് മറ്റ് പദ്ധതികളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ടിക് ടോക്കിന്റെ നിരോധനം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിന് തന്നെയാണ് ഗുണം ചെയ്യുക എങ്കിലും യുഎസില്‍ ടിക് ടോക്ക് നിരോധിക്കപ്പെടരുത് എന്നാണ് തന്റെ അഭിപ്രായമെന്ന് മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരാണ്. അമേരിക്ക നിലകൊള്ളുന്നത് അതിന് വേണ്ടിയല്ലെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ ഇലോണ്‍ മസ്‌കും ചൈനീസ് സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നും അതില്‍ ബൈറ്റ് ഡാന്‍സ് പങ്കാളിയായിട്ടുണ്ടോ എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Tags:    

Similar News