ടര്‍ക്കിഷ് എംബസിക്ക് മുന്നില്‍ ഒരു കെട്ട് ഖുര്‍ആനുമായി എത്തി കൂട്ടിയിട്ട് കത്തിച്ചു; നടപടി ഇസ്ലാമിക മതമൗലികവാദികള്‍ വെടിവെച്ച് കൊന്ന മോമികക്ക് ആദരസൂചകമായെന്ന് വലതുപക്ഷ നേതാവ് റാസ്മസ് പലുദാന്‍; ഭൂമിയിലെ സ്വര്‍ഗമായിരുന്ന സ്‌കാന്‍ഡനേവിയ മതവൈരത്താല്‍ വീണ്ടും പുകയുന്നു

സ്‌കാന്‍ഡനേവിയ മതവൈരത്താല്‍ വീണ്ടും പുകയുന്നു

Update: 2025-02-03 17:17 GMT

ലോകത്തിലെ ഹാപ്പിനസ് ഇന്‍ഡക്സില്‍ എല്ലായിപ്പോഴും ആദ്യത്തെ പത്തില്‍ സ്ഥാനം പിടിക്കാറുള്ള, ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സ്‌കാന്‍ഡനേവിയിന്‍ രാജ്യങ്ങള്‍ വീണ്ടും മതവൈരത്തിന്റെ പിടിയില്‍. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുര്‍ആന്‍ കത്തിക്കല്‍ കാമ്പയിന്റെ പേരില്‍ നിന്ന് കത്തിയ രാജ്യങ്ങാണ്, നോര്‍വേയും, ഡെന്‍മാര്‍ക്കും, സ്വീഡനുമൊക്കെ. ഇപ്പോഴിതാ ഇസ്ലാമിസ്റ്റുകളാല്‍ ഇറാഖി ആക്ടിവിസ്റ്റ് സല്‍വാന്‍ മോമിക ( 38) സ്വീഡനിലെ വസതിയില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ മത കാലുഷ്യം വര്‍ധിക്കയാണ്. മോമികക്ക് ആദരമായി നെതര്‍ലന്‍ഡ്സിലെ ടര്‍ക്കിഷ് എംബസിക്കുമുന്നില്‍, വലതുപക്ഷ നേതാവ് റാസ്മസ് പലുദാന്‍ കഴിഞ്ഞ ദിവസം ഖുര്‍ആന്‍ അഗ്നിക്കിരയാക്കി. മോമികയുടെ ജീവന്‍ നഷ്ടമായതും ഖുര്‍ആന്‍ കത്തിച്ചതിന്റെ പേരിലാണ്.

ഇസ്ലാമിനെ വിമര്‍ശിച്ചതിന്റെ പേരിലും ഖുര്‍ആന്‍ കത്തിച്ചതിന്റെ പേരിലും മതമൗലികവാദികളുടെ കണ്ണില്‍ കരടായ മോമിക കഴിഞ്ഞ ദിവസം സ്വീഡനിലെ വസതിയില്‍ ടിട്ടോക്ക് ലൈവിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇറാഖില്‍ നിന്ന് സ്വീഡനില്‍ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു മോമിക. എക്സ്-മുസ്ലീമായ അദ്ദേഹം ഇസ്ലാമിന്റെ കടുത്ത വിമര്‍ശകനായിരുന്നു. അതിന്റെ പേരില്‍ നിരവധി വധഭീഷണികളും നേരിട്ടിരുന്നു. ഒടുവില്‍ അജ്ഞാതരായ അക്രമികളുടെ തോക്കിന് ഇരയായി മോമിക അന്ത്യശ്വാസം വലിച്ചു. സ്ലാമിസ്റ്റുകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇതിന്റെ അന്വേഷണം പുരോഗമിക്കവേയാണ്, വീണ്ടും ഖുആര്‍ആന്‍ കത്തിക്കല്‍ ഉണ്ടായത്.

വീണ്ടും പലൂദാന്‍

ഫെബ്രുവരി ഒന്നിന് ഡെന്‍മാര്‍ക്കിലെ ടര്‍ക്കിഷ് എംബസിക്ക് മുന്‍പിലായിരുന്നു പലുദാന്റെ പ്രതിഷേധം. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ സ്ഥിതിചെയ്യുന്ന ടര്‍ക്കിഷ് എംസിക്ക് മുന്‍പില്‍ ഒരുകെട്ട് ഖുറാനുകളുമായി പലുദാന്‍ എത്തി. തുടര്‍ന്ന് കൂട്ടിയിട്ട് കത്തിക്കാന്‍ തുടങ്ങി. ഇസ്ലാമിലെ അസമത്വത്തിനും അനീതിക്കുമെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച മോമികയ്ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ഖുറാന്‍ കത്തിച്ചതിന് ശേഷം റാസ്മസ് പലുദാന്‍ വ്യക്തമാക്കി.ഇസ്ലാമിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട മോമികയെ ആദരിക്കുന്നുവെന്ന് പലുദാന്‍ പറഞ്ഞു.

ഇസ്ലാമിന്റെ നിശിത വിമര്‍ശകനായ റാസ്മസ് പലുദാനും വധഭീഷണികള്‍ നേരിടുന്നുണ്ട്. ഇസ്ലാമിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതിനായി 2017-ല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പലുദാന്‍ രൂപീകരിച്ചിരുന്നു.തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മഅദ്ദേഹം 2017 മുതല്‍ യുട്യൂബില്‍ ചാനല്‍ തുടങ്ങി വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയിട്ടുണ്ട്. നേരത്തെ ഡെന്മാര്‍ക്കില്‍ ഇയാള്‍ ഖുറാന്‍ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. അന്നും ലോകം മുഴുവനും അതിശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ കലാപവും ഉണ്ടായിരുന്നു.

പിന്നീട് 2019-ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ 14 ദിവസം ഡെന്‍മാര്‍ക്ക് ഇയാളെ ജയിലിലും അടച്ചിരുന്നു. ആ സംഭവത്തിന് ശേഷം വലിയ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന പലൂദാന്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഇസ്ലാം വരുദ്ധ പ്രചരാണവും ഖുറാന്‍ കത്തിക്കലും നടത്തി. ആ സംഭവത്തില്‍ ഇയാള്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ ലഭിച്ചു.

പലൂദാന്റെ പിതാവ് സ്വീഡന്‍കാരനാണ്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന് സ്വീഡനിലും പൗരത്വമുണ്ട്. പാര്‍ട്ടിക്ക് അനുയായികളും ഉണ്ട്.2020ലും ഇദ്ദേഹം സ്വീഡനിലെ മാല്‍മോയില്‍ ഖുറാന്‍ കത്തിച്ച് സമരം നടത്തിയിരുന്നു. അന്നും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു ധാരാളം വാഹനങ്ങള്‍ക്ക് പ്രതിഷേധകര്‍ തീയിട്ടിരുന്നു. ഇതിന്റെ പേരില്‍ രണ്ട് വര്‍ഷം സ്വീഡന്‍ ഇദ്ദേഹത്തിന് പ്രവേശനവിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

'എന്റെ ശത്രു ഇസ്ലാമും മുസ്ലിങ്ങളുമാണ്. ഈ ഭൂമിയില്‍ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും ഏറ്റവും മികച്ച കാര്യം. എങ്കില്‍ നമ്മള്‍ അന്തിമലക്ഷ്യത്തിലെത്തി'- 2018-ല്‍ പുറത്തിറക്കിയ വീഡിയോയില്‍ പലൂദാന്‍പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി സ്ട്രാം കുര്‍സ് പക്ഷെ 2019-ല്‍ ഡെന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടാനാവാതെ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഇദ്ദേഹം ഖുറാന്‍ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. ഖുറാന്‍ കത്തിച്ചുള്ള സമരം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നാണ് പലൂദാന്‍ എപ്പോഴും വാദിക്കാറുള്ളത്.

മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാത്രം സ്വീഡിനലും ഡെന്മാര്‍ക്കിലും കുടിയേറിയല്‍ മതി എന്ന അഭിപ്രായക്കാരന്‍ കൂടിയാണ് ഇയാള്‍. ഇത്രയും തീവ്ര മത വംശീയ വെറിയുമായി നടക്കുന്നതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. 2020ല്‍ ഡെന്മാര്‍ക്കിലെ ആര്‍തസില്‍ ഒരു പ്രകടനത്തിന് തയ്യാറെടുക്കുമ്പോള്‍ കത്തിയുമായി ഒരാള്‍ പലൂദാന് നേരെ പാഞ്ഞടുത്തിരുന്നു. പക്ഷെ പൊലീസ് അന്ന് അയാളെ രക്ഷപ്പെടുത്തി. ഒരിക്കല്‍ ഇസ്ലാം വിരുദ്ധപ്രകടനം നടത്തുമ്പോള്‍ പലൂദാന് നേരെ, സിറിയയില്‍ നിന്നും കുടിയേറി ഡെന്മാര്‍ക്കിലെത്തിയ 24കാരന്‍, ഒരു പാറക്കഷണം എറിഞ്ഞു. അന്ന് ഭാഗ്യം കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടത്.

മതവൈരം വര്‍ധിക്കുമ്പോള്‍

ഡെന്മാര്‍ക്കിലും സ്വീഡനിലും വര്‍ധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയാണ് ഇയാളെ കൂടുതല്‍ ഇസ്ലാം വിരുദ്ധനാക്കുന്നുണ്ട്. 2017-ലെ പ്യൂ റിസര്‍ച്ച് പ്രകാരം സ്വീഡനില്‍ ഏകദേശം 8.1 ലക്ഷം മുസ്ലിങ്ങളുണ്ട്. ഇത് സ്വീഡനിലെ ആകെയുള്ള ഒരു കോടി ജനസംഖ്യയുടെ 8.1 ശതമാനം വരും. അഭൂതപൂര്‍വ്വമായ ഇസ്ലാം വളര്‍ച്ച തടയണമെങ്കില്‍ ഇനിയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരനാണ് പെലൂദാന്‍. അതിന് തീവ്രമാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചിന്തിക്കുന്നു. ഡെന്‍മാര്‍ക്കില്‍ 1980ല്‍ വെറും 0.6ശതമാനം മാത്രം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നിടത്ത് 2020-ലെ കണക്കെടുത്താല്‍ ഏകദേശം 2.56 ലക്ഷം മുസ്ലിങ്ങള്‍ ഉള്ളതായാണ് റസ്മുസ് പറയുന്നത്. ഇത് ഡെന്മാര്‍ക്കിലെ ആകെ ജനസംഖ്യയുടെ 4.4 ശതമാനം വരും. ഇവര്‍ കുടിയേറിയ രാജ്യങ്ങളില്‍ പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇതിന്റെ പ്രതിഷേധമാണ് താന്‍ കാണിക്കുന്നതെന്നും പലൂദാന്‍ പറയുന്നു.

നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ ശാന്തമായി ഒഴുകുന്ന ഒരു പുഴയോടാണ് സാമൂഹിക ശാസ്ത്രഞ്ജന്‍മ്മാര്‍ വിശേഷിപ്പിക്കാറുള്ളത്. ഈ ശാന്തതക്കും സമാധാനത്തിനുമെല്ലാം പ്രധാനകാരണമായി അവിടെ നടന്ന പഠനങ്ങളില്‍ എടുത്തുപറയുന്ന കാര്യം ആ നാട് ഒരു മതരഹിത സമൂഹം ആണെന്നാണ്. അതായത് മതങ്ങള്‍ ഇല്ല എന്നല്ല, പൊതുസമൂഹത്തില്‍ മതം പ്രബലമല്ല എന്നതാണ് ഉദ്ദേശിക്കുന്നുത്.

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ കാര്യങ്ങള്‍ ആകെ മാറിമറിയുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വീഡനനടക്കമുള്ള സ്‌കാന്‍ഡനേവിയിന്‍ രാജ്യങ്ങള്‍ പലതവണയാണ് നിന്ന് കത്തിയത്. പ്രശ്നം, ഇസ്ലാമിസ്റ്റകളും അതിനെ എതിര്‍ക്കുന്ന വലതുപക്ഷവും തമ്മിലായിരുന്നു. സിറിയന്‍- അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍പോലും മടിച്ചുനിന്നപ്പോള്‍, അവരെ സ്വീകരിച്ച നാടാണിത്. ഇപ്പോള്‍ അതേ 'കുറ്റത്തിന്റെ' പേരില്‍ ഈ രാജ്യങ്ങള്‍ അനുഭവിക്കയാണ്. അഭയാര്‍ഥികള്‍ ആയി എത്തിയവരും കുടിയേറി എത്തിയവരുമായ മുസ്്ലീം ജനസംഖ്യ വര്‍ധിച്ചതോടെയാണ് ഈ രാജ്യങ്ങളില്‍ പ്രശ്നവും തുടങ്ങിയത്. ഇതോടെ ശാന്തമായി ഒഴുകുന്ന ഈ നാടിന്റെ അവസ്ഥ തെറ്റി. വര്‍ഗീയതയും വംശീയതയും പ്രതി വര്‍ഗീയതക്ക് വഴിവെക്കുന്നു. അവിടെ ക്രിസ്ത്യന്‍ വര്‍ഗീയവാദത്തിന് വേരുണ്ടാകുന്നു. പള്ളികള്‍ ഉയര്‍ത്തെഴുനേല്‍ക്കുന്നു. തീവ്ര വലതുപക്ഷ സംഘടകള്‍ ഉണ്ടാവുന്നു. അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു. അതിന്റെ പേരില്‍ തിരിച്ചും ആക്രമണം ഉണ്ടാവുന്നു. ഇപ്പോഴിതാ ഇടക്കാല ശാന്തതക്കുശേഷം, സ്വീഡനില്‍നിന്ന് സംഘര്‍ഷത്തിന്റെ വാര്‍ത്തകളാണ് പുറത്തുവന്നത്. ഇനി ഖുര്‍ആന്‍ കത്തിക്കല്‍ കൂടിആയയോടെ കാര്യങ്ങള്‍ പിടിവിടുമെന്നാണ് ആശങ്ക.

Tags:    

Similar News