മകന്‍ നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായി മാതാപിതാക്കള്‍; രണ്ട് കണ്ണുകളടക്കം ആറ് അവയവങ്ങള്‍ ദാനം ചെയ്തു; അഞ്ച് പേര്‍ക്ക് പുതുജീവനേകി ധീരജിന്റെ മടക്കം
അഞ്ച് പേര്‍ക്ക് പുതുജീവനേകി ധീരജിന്റെ മടക്കം
കൊല്ലം: ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോളേജ് വിദ്യാര്‍ത്ഥി ധീരജ് ആര്‍ നായരിന്റെ (19) അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ഇനി പുതുജീവനേകും. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ധീരജ്. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ ധീരജിന്റെ ആറ് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുപേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ട് കിഡ്‌നി, ലിവര്‍, ഹൃദയ വാല്‍വ്, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.
2025 ഫെബ്രുവരി 14ന് ചടയമംഗലത്തിന്റെയും ആയൂരിന്റെയും ഇടയിലുള്ള ഇലവക്കോട് വച്ചാണ് ബൈക്കപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ ധീരജിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അന്നേ ദിവസം തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഫെബ്രുവരി 18ന് മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.
അവയവദാനത്തിന്റെ സാധ്യതകള്‍ അറിയുന്ന ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു മുന്നോട്ടു വരികയായിരുന്നു. മകന്‍ നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ ധീരജിന്റെ മാതാപിതാക്കളോട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
വെഞ്ഞാറമൂട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രാജേഷ് ജെ ബാബുവിന്റെയും ദീപയുടെയും മകനാണ് ധീരജ്. സഹോദരി സഞ്ജന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് (കെ-സോട്ടോ) അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍ നിര്‍വഹിച്ചത്. പോസ്റ്റ്‌മോര്‍ട്ട് നടപടികള്‍ക്ക് ശേഷം നാളെ ധീരജിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ചടങ്ങുകള്‍ നാളെ ചടയമംഗലത്തെ വീട്ടില്‍ നടക്കും.