സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കൈവിട്ടുപോകുന്നു; ബഷര്‍ അല്‍ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു; യുഎന്‍ സുരക്ഷാ സമിതി വിളിക്കണമെന്ന് റഷ്യയും അമേരിക്കയും

സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കൈവിട്ടുപോകുന്നു

Update: 2025-03-10 06:27 GMT

ഡമാസ്‌കസ്: സിറിയയില്‍ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിന്റെ അനുയായികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. സംഘര്‍ഷത്തിലും ഏറ്റുമുട്ടലുകളിലും കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ അടിയന്തരമായി ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് റഷ്യയും അമേരിക്കയും

രംഗത്തെത്തി. സിറിയയിലെ സംഘര്‍ഷം ഉടന്‍ ചര്‍ച്ച ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതായി ഇരു രാജ്യങ്ങളിലേയും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

125 ഓളം സര്‍ക്കാരിന്റെ സുരക്ഷാ ഭടന്‍മാരും അസദിന്റെ അനുയായികളായ സായുധ വിഭാഗത്തിലെ 148 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ചയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സിവിലിയന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്.

ലതാകിയ നഗരത്തിന്റെ ഭൂരിഭാഗം മേഖലയിലും വൈദ്യുതിവിതരണവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. സിറിയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ച് പതിന്നാലുകൊല്ലത്തിനിടെ ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തില്‍പ്പെട്ടവര്‍ അസദിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അലവികള്‍ക്കുനേരെ വെള്ളിയാഴ്ചയാണ് പ്രതികാര കൊലപാതകങ്ങള്‍ ആരംഭിച്ചത്.

പതിറ്റാണ്ടുകളായി അസദിനെ പിന്തുണച്ചിരുന്നവരാണ് അലവി വിഭാഗത്തില്‍പ്പെട്ടവര്‍. അലവികളുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമെത്തിയ എതിര്‍പക്ഷക്കാര്‍ പുരുഷന്മാരെ വെടിവെച്ചുകൊല്ലുകയും വീടുകള്‍ കൊള്ളയടിക്കുകയും ശേഷം തീവെക്കുകയും ചെയ്തുവെന്നാണ് വിവരം. എന്നാല്‍ സിറിയയിലെ നിലവിലെ നേതാവായ അഹമ്മദ് അല്‍ ഷാരാ വെളിപ്പെടുത്തിയത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഒരു കാരണവശാലും വെറുതേവിടില്ല എന്നാണ്.

രാജ്യത്ത് നടന്ന അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരു സ്വതന്ത്രസമിതിയെ

നിയോഗിച്ചിരിക്കുകയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് സിറിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക സിറിയയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിറിയയിലെ അക്രമങ്ങള്‍ക്കിടെ സ്ത്രീകളെ വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് നഗ്‌നരാക്കി നടത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. പല വീടുകളിലും അതിക്രമിച്ച് കയറിയ കലാപകാരികള്‍ വീട്ടിലെ എല്ലാവരേയും കൂട്ടക്കൊല ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് റഷ്യയും അമേരിക്കയും ഐക്യരാഷ്ട്ര രക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.


Tags:    

Similar News