യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെസ്ലയുടെ ഷോറൂമുകള്‍ക്ക് നേരേ അക്രമസംഭവങ്ങള്‍ വ്യാപകം; മസ്‌ക്കിന്റെ വാഹനക്കമ്പനിയ്ക്ക് വിനയാകുന്നത് ട്രംപിസമോ?

Update: 2025-03-18 07:40 GMT

ലണ്ടന്‍: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇലോണ്‍ മസ്‌ക്കിന്റെ വാഹനക്കമ്പനിയായ ടെസ്ലയുടെ ഷോറൂമുകള്‍ക്ക് നേരേ അക്രമസംഭവങ്ങള്‍ വ്യാപകമാകുന്നു. വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ കഴിഞ്ഞ ദിവസം ടെസ്ലയുടെ ഷോറൂം ആക്രമിച്ചവര്‍ നിരവധി കാറുകള്‍ തല്ലിത്തകര്‍ത്തു. ഇരുപതോളം കാറുകളാണ് പ്രതിഷേധക്കാര്‍ അടിച്ചു പൊട്ടിച്ചത്. കാറുകളുടെ സൈഡ് മിററുകളും ചില്ലുകളും ബോഡിയും എല്ലാം ആക്രമണത്തില്‍ തകര്‍ന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ടെസ്ല കാറുകള്‍ ആക്രമിക്കപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കുറുകള്‍ക്കുള്ളിലാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് നേരി്ട്ട ദൃക്സാക്ഷികള്‍ ആയവരോ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവരോ അടിയന്തരമായി വിവരം അറിയിക്കണം എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ടെസ്ല ഉടമയായ ഇലോണ്‍ മസ്‌ക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലോകമെമ്പാടും ടെസ്ല വാഹനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും നേരേ ആക്രമണങ്ങള്‍ നടക്കുന്നത്.

ഇത്തരം ആക്രമണ പരമ്പരകളിലെ ഏറ്റവും അവസാനത്തെ സംഭവമാണ് ബെല്‍ഫാസ്റ്റി്ല്‍ നടക്കുന്നത്. ഈ മാസം ആദ്യം തന്നെ ഫ്രാന്‍സിലെ ഒരു ടെസ്ല ഷോറൂം പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. അഞ്ചരലക്ഷം പൗണ്ട് വില വരുന്ന 12 വാഹനങ്ങളാണ് ഇവിടെ കത്തിനശിച്ചത്. ടുലൗസിനടുത്തുള്ള പ്ലൈസന്‍സ്-ഡു-ടച്ചിലെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എലോണ്‍ മസ്‌ക് അനാവശ്യമായി ഇടപെടുന്നതായി വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അമേരിക്കന്‍് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും ഉക്രെയ്‌നിനുള്ള അമേരിക്കന്‍ സൈനിക സഹായവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തെക്കുറിച്ചും യൂറോപ്പില്‍ പ്രതിഷേധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായതെന്ന് സംശയിക്കപ്പെടുന്നു.

അമേരിക്കയിലും ടെസ്ല കാറുകള്‍ക്കും ചാര്‍ജജിംഗ് സ്റ്റേഷനുകള്‍ക്കും നേരേ വ്യാപകമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ഒറിഗോണിലെ സേലത്തുള്ള ഒരു ടെസ്ല ഷോറൂമിന് നേരെ സ്റ്റൈല്‍ റൈഫിള്‍ ഉപയോഗിച്ച് ഒരാള്‍ വെടിയുതിര്‍ത്തിരുന്നു. സിയാറ്റിലില്‍് രാത്രിയില്‍ നാല് ടെസ്ല സൈബര്‍ട്രക്കുകള്‍ കത്തിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയില്‍ ഉടനീളം ടെസ്ലയുടെ ഷോറൂമുകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് പ്രതിഷേധ പ്രകടനവുമായി എത്തുന്നത്. ടെസ്ല ഷോറൂമുകള്‍ക്കും വാഹനങ്ങള്‍ക്കും നേരേ അമേരിക്കയില്‍ നടക്കുന്ന ആക്രമണങ്ങളെ ആഭ്യന്തര തീവ്രവാദം എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

മസ്‌ക്കിന്റെ സ്ഥാപനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വലിയൊരു അമേരിക്കന്‍ കമ്പനിക്കെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ തടയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെ സൗത്ത് ലോണില്‍ ടെസ്ലയുടെ അഞ്ച് വാഹനങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിച്ചിരുന്നു. തുടര്‍ന്ന് താന്‍ വാങ്ങിയ ടെസ്ല കാറിനുള്ളില്‍ ട്രംപ് കയറിയിരിക്കുകയും ചെയ്തു. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ട്രംപ് രൂപീകരിച്ച സമിതിയുടെ തലപ്പത്ത് മസ്‌ക്കിനെ നിയമിച്ചതിന് ശേഷം വലിയ വിമര്‍ശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ടെസ്ലയുടെ നഷ്ടം കാരണം മസ്‌ക്കിന് ഓരോ ദിവസവും 29 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Similar News