ബന്ദികളെ മോചിപ്പിച്ച് ഹമാസ് വഴിക്കുവന്നില്ലെങ്കില്‍, ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; കര-വ്യോമ-കടല്‍ ആക്രമണങ്ങള്‍ തീവ്രമാക്കും; ബഫര്‍ സോണുകള്‍ വിപുലമാക്കി ഹമാസിന് മേല്‍ സമ്മര്‍ദ്ദം കൂട്ടി ഇസ്രയേല്‍; ഇസ്രയേല്‍ ആക്രണത്തില്‍ ഇതുവരെ 200 കുട്ടികള്‍ അടക്കം അറുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍

Update: 2025-03-21 16:51 GMT

ജറുസലേം: ബന്ദികളെ മോചിപ്പിച്ച് ഹമാസ് തങ്ങളോട് സഹകരിച്ചില്ലെങ്കില്‍,ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍. ഹമാസ് വഴിക്ക് വന്നില്ലെങ്കില്‍, കടലിലും കരയിലും ആകാശത്തും കൂടിയുളള ആക്രമണങ്ങള്‍ തീവ്രമാക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

രണ്ടുമാസത്തിലേറെയായി നിലനിന്ന വെടിനിര്‍ത്തല്‍ കരാര്‍ തകിടം മറിഞ്ഞതോടെ, ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗസ്സയ്ക്കുള്ളില്‍ പരിമിതമായ രീതിയിലാണെങ്കിലും സൈനിക നീക്കം തുടരുകയാണ്. 500 ലേറെ ഫലസ്തീന്‍കാര്‍ ഇതിനകം കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതില്‍ എത്രത്തോളം വിമുഖത കാട്ടുന്നുവോ അത്രയും പ്രദേശങ്ങള്‍ അവര്‍ക്ക് നഷ്ടമാകും, കാറ്റ്‌സ് പറഞ്ഞു. ഗസ്സയ്ക്കുളളിലെ സുരക്ഷാ മേഖല ഇസ്രയേല്‍ സൈന്യം വിപുലമാക്കുമെന്നും കൂടുതല്‍ ഫലസ്തീന്‍കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവിടുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. പിടിച്ചെടുത്ത പ്രദേശം, അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ കൈവശം വയ്ക്കും.

വെള്ളിയാഴ്ച പുതിയ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. ഇതൊരു പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ മധ്യസ്ഥര്‍ പരിശ്രമിച്ചുവരികയാണ്. വെടിനിര്‍ത്തലിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍, കൂടുതല്‍ ബന്ദികളെ വിട്ടയ്ക്കണമെങ്കില്‍, അത് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതില്‍ കലാശിക്കണമെന്നാണ് ഹമാസ് നിലപാട്. ഗസ്സയുടെ നിയന്ത്രണം ഹമാസ് കയ്യാളുന്നിടത്തോളം കാലം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇസ്രയേലിന് താല്‍പര്യവുമില്ല.

തെക്കന്‍ ഗാസയിലെ റഫയില്‍ ആക്രമണം നടക്കുകയാണെന്നും സൈന്യം ബെയ്ത്ത് ലാഹിയ പട്ടണത്തിന്റെ വടക്കുവശത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതുവരെ അറുന്നൂറോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇസ്രയേല്‍ യുദ്ധം പുനരാംഭിച്ച ശേഷം 200 കുട്ടികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Tags:    

Similar News