ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ക്കാന്‍ ട്രംപിന്റെ പുതിയ തന്ത്രം; ഉഷ വാന്‍സിന്റെ സന്ദര്‍ശനത്തിന്റെ മറവില്‍ അയയ്ക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെയും സംഘത്തെയും; പൊട്ടിത്തെറിച്ച് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി; അധികാരം കാണിക്കാനുള്ള വരവെന്ന് രോഷപ്രകടനം

ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ക്കാന്‍ ട്രംപിന്റെ പുതിയ തന്ത്രം

Update: 2025-03-24 16:12 GMT

നൂക്ക്: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡില്‍ യുഎസ് പ്രസിഡന്റ് ഡൊംള്‍ഡ് ട്രംപ് കണ്ണുവച്ചതിന് ശേഷം അവിടുത്തെ ഭരണകൂടത്തിനും നാട്ടുകാര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ് പലവട്ടം പറഞ്ഞുകഴിഞ്ഞു. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റെ ഭാഗമാണ്. ഐസുമൂടി കിടക്കുന്ന ഈ പ്രദേശം ധാതുലവണങ്ങളുടെയും എണ്ണയുടെയും വന്‍ ശേഖരമാണ്. എന്തായാലും ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യുട്ട് ബി എഗെഡെ ആകെ രോഷാകുലനാണ്. കാരണം വേറൊന്നുമല്ല, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിക്കാന്‍ എത്തുന്നു എന്ന അറിയിപ്പാണ്.

യുഎസ് സെക്കന്‍ഡ് ലേഡി ഉഷ വാന്‍സ് സൗഹൃദ സന്ദര്‍ശനത്തിന് എത്തുന്നു എന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മൂന്നുദിവസം തന്റെ മകനുമൊത്ത് ഉഷ വാന്‍സ് ഗ്രീന്‍ലാന്‍ഡില്‍ ഉണ്ടാകുമെന്നും വിവിധ ചരിത്ര-സാംസ്‌കാരിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും വാര്‍ഷിക ഡോഗ്‌സ്ലെഡ് മത്സരം വീക്ഷിക്കുമെന്നുമായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍. അതിനുമുന്നോടിയായി മൈക്ക് വാള്‍ട്‌സും സംഘവും എത്തുമെന്ന് കൂടി അറിഞ്ഞതോടെയാണ് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി പ്രകോപിതനായത്. തന്റെ രോഷം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറച്ചുവച്ചതുമില്ല.

'ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ നിര്‍ദ്ദോഷമായ സന്ദര്‍ശനമെന്ന് ഇനി വിലയിരുത്താന്‍ കഴിയില്ല. എന്താണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഗ്രീന്‍ലാന്‍ഡില്‍ കാര്യം? ഞങ്ങള്‍ക്ക് മേലുള്ള അവരുടെ അധികാരം പ്രകടിപ്പിക്കുകയാണ് വരവിന്റെ ലക്ഷ്യം. അദ്ദേഹം ട്രംപിന്റെ വിശ്വസ്തനും അടുത്ത ഉപദേഷ്ടാവുമാണ്. മൈക്ക് വാള്‍ട്‌സിന്റെ ഗ്രീന്‍ലാന്‍ഡിലെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം ട്രംപിന്റെ ദൗത്യത്തില്‍ അമേരിക്കക്കാര്‍ വിശ്വസിക്കും. സന്ദര്‍ശനത്തിന് ശേഷം ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും', പ്രധാനമന്ത്രി മ്യുട്ട് ബി എഗെഡെ പറഞ്ഞു.

മൈക്ക് വാള്‍ട്‌സിന്റെ സന്ദര്‍ശനത്തെ തങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ പ്രതികരിച്ചു. വാള്‍ട്‌സിനൊപ്പം ഊര്‍ജ്ജ സെക്രട്ടറി ക്രൈസ് റൈറ്റും ഉണ്ടാകും. ഇരുവരും ഗ്രീന്‍ലാന്‍ഡിലെ ഒരു സൈനിക താവളം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ലാന്റിലെ ജനതയെയും ചരിത്രത്തെയും സംസ്‌കാരത്തെയും പഠിക്കാനാണ് സന്ദര്‍ശനമെന്നാണ് മൈക്ക് വാള്‍ട്‌സിന്റെ വക്താവ് അറിയിച്ചത്.

അമേരിക്കയോട് ചേരാന്‍ ഗ്രീന്‍ലാന്‍ഡിന് താല്‍പര്യമില്ല

ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്‌സ്‌കെയും ഗ്രീന്‍ലാന്‍ഡിലെ ദിനപത്രമായ സെര്‍മിറ്റ്സിയാഖും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 85% ഗ്രീന്‍ലാന്‍ഡുകാരും യുഎസിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. 6% ഗ്രീന്‍ലാന്‍ഡുകാര്‍ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിന്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 8% പേര്‍ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞത്. 55% പേര്‍ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെക്‌സികോയേക്കാള്‍ വലിയ ഭൂപ്രദേശമായ ഗ്രീന്‍ലാന്‍ഡില്‍ 57,000 മാത്രമാണ് ജനസംഖ്യ. 2009ലാണ് ദ്വീപിന് സ്വയംഭരണാവകാശം ലഭിച്ചത്. ഡെന്മാര്‍ക്കില്‍ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശവും പ്രദേശത്തിനുണ്ട്. നേരത്തെ മുതലേ ട്രംപിന് ഗ്രീന്‍ലാന്‍ഡിനെ യുഎസിനോട് ചേര്‍ക്കാന്‍ അതീവതാല്‍പര്യമായിരുന്നു. എന്നാല്‍, ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ, ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പലവട്ടം തറപ്പിച്ച് പറഞ്ഞിട്ടുണ്ട്.


Tags:    

Similar News