തെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം; തായ്‌ലന്‍ഡില്‍ ഉണ്ടായത് 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം; 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചു; മ്യാന്‍മറില്‍ 144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വീഡിയോകളിലും ചിത്രങ്ങളിലും ഭയാനക ദൃശ്യങ്ങള്‍; മ്യാന്‍മറില്‍ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

തെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം;

Update: 2025-03-28 17:43 GMT

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍, 200 വര്‍ഷത്തിനിടെ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍, 150 ലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആയിരത്തിലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

മ്യാന്‍മറിലെ മാന്റ്‌ലെയില്‍ 144 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 732 പേര്‍ക്ക് പരിക്കേറ്റു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് (12.50) മ്യാന്‍മറിലുണ്ടായത്. അതിനുപിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക ഭരണമുള്ള മ്യാന്‍മറിലെ പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ല. കഠിനമായ പ്രഹരമേറ്റ സ്ഥലങ്ങളില്‍ രക്തത്തിന്റെ ആവശ്യമുണ്ടെന്ന് മ്യാന്‍മാര്‍ സര്‍ക്കാര്‍ അറിയിച്ചു.

ബാങ്കോക്കിലെ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്ന് 8 പേര്‍ മരിച്ചതായി തായ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 1839 ലെ അവ ഭൂകമ്പത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു. 2004 ല്‍ തായ്‌ലന്‍ഡിലുണ്ടായ ബോക്‌സിങ് ഡേ സുനാമി ഇതുവരെയുളളതില്‍ ഏറ്റവും തീവ്രതയേറിയ മൂന്നാമത്ത ഭൂകമ്പ ഫലമായാണ് ഉണ്ടായത്. 9.25 തീവ്രതയാണ് അന്നുരേഖപ്പെടുത്തിയത്. സമുദ്രാന്തര്‍ഭാഗത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യ അടക്കം നിരവധി രാജ്യങ്ങളില്‍ 2,30,000 പേരുടെ ജീവനെടുത്തതിന് പുറമേ കടുത്ത നാശനഷ്ടവും വരുത്തി വച്ചിരുന്നു.

മ്യാന്‍മറില്‍ മരണസംഖ്യ ഏറുമെന്ന് സൈനിക സര്‍ക്കാരിന്റെ തലവന്‍ സീനിയര്‍ ജനറല്‍ മിന്‍ ആങ് ഹ്ലെയിന്‍ ടെലിവിഷനില്‍ അറിയിച്ചു. മൊത്തം മരണസംഖ്യ 10,000 ത്തിനും 1,00,000 ത്തിനും ഇടയില്‍ ആകുമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പേജര്‍ ഫോര്‍ക്കാസ്റ്റ് പറയുന്നത്.




വലിയ അണക്കെട്ടുകള്‍ പൊട്ടുമെന്ന് ആശങ്ക

ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്‍ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്. മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ താറുമാറായി. രാജ്യത്തെ സുപ്രധാന ദേശീയപാതകള്‍ പലതും തകര്‍ന്ന് വിണ്ട് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മ്യാന്‍മറിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതെയുള്ളു. അതേ സമയം വലിയ അണക്കെട്ടുകള്‍ പൊട്ടി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കുന്നു. ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 30 നിലകളുള്ള ബഹുനില കെട്ടിടം തകര്‍ന്നുവീണ് കുറഞ്ഞത് മൂന്ന് പേര്‍ മരിച്ചതായാണ് വിവരം. ഡസന്‍ കണക്കിന് തൊഴിലാളികളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയെങ്കിലും 90 പേരെ ഇപ്പോഴും കാണാനില്ലെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു. മധ്യ മ്യാന്‍മറിലെ ടൗന്‍ഗൂവിലെ തകര്‍ന്ന ഒരു സ്‌കൂളില്‍ 20-ലധികം കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. മ്യാന്‍മറിലെ ഓങ് ബെനില്‍ എട്ട് നിലകളുള്ള ഒരു ഹോട്ടല്‍ തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും 20 പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



മ്യാന്‍മര്‍ ഭരണകൂട മേധാവി മിന്‍ ഓങ് ഹ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആറ് പ്രവിശ്യകളിലാണ് പട്ടാളം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങി. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂചലനത്തില്‍ മ്യാന്‍മറിലെ മാന്‍ഡലെയിലെ പ്രശസ്തമായ ആവ പാലം തകര്‍ന്നു. ഒരു പള്ളി ഭാഗികമായി തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുകയും റോഡുകള്‍ പിളരുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു




ഭയാനകമായ ദൃശ്യങ്ങള്‍

മ്യാന്‍മറില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മെട്രോ സ്റ്റേഷനില്‍ ട്രെയിന്‍ ശക്തമായി കുലുങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായതോടെയാണ് യാത്രക്കാര്‍ പരിഭ്രാന്തരായത്. സ്റ്റേഷന്റെ അടിഭാഗം ആടിയുലഞ്ഞതോടെ യാത്രക്കാരില്‍ പലരും പുറത്തേക്ക് ഓടി. മെട്രോ സ്റ്റേഷനിലെ യാത്രക്കാര്‍ പരസ്പരം പിടിച്ചുനില്‍ക്കുന്നതും ട്രെയിന്‍ കുലുങ്ങുന്നതും അടക്കം ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഭൂചലനം അനുഭവപ്പെട്ടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എന്തു സഹായവും നല്‍കാന്‍ തയാറാണെന്ന് മ്യാന്‍മറിനെ അറിയിച്ചിട്ടുണ്ട്.


വിറങ്ങലിച്ച നിമിഷങ്ങള്‍


നഗരമധ്യത്തിലെ അംബരചുംബികള്‍ ഒരു നിമിഷം കുലുങ്ങി വിറച്ച് മിനിറ്റുകള്‍ കൊണ്ടു തകര്‍ന്നടിയുന്നു, അതിന്റെ പൊടിപടലങ്ങള്‍ കൂറ്റനൊരു മരുക്കാറ്റു പോലെ തെരുവുകളെയും വാഹനങ്ങളെയും വിഴുങ്ങുന്നു, പരിഭ്രാന്തരായ ആളുകള്‍ നിലവിളിച്ചുകൊണ്ട് തെരുവുകളിലൂടെ ഓടുന്നു. ചിലര്‍ കുട്ടികളെയുമെടുത്ത് പൊടിയില്‍നിന്നു രക്ഷപ്പെടാന്‍ വാഹനങ്ങളില്‍ കയറുന്നു, മെട്രോ ട്രെയിനുകള്‍ ഇളകിവിറയ്ക്കുന്നു, നീന്തല്‍ക്കുളങ്ങളിലെ വെള്ളം ഇളകിമറിയുന്നു.... സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന, മ്യാന്‍മറിലെയും തായ്‌ലന്‍ഡിലെയും ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.




യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് പ്രകാരം, പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാഗൈങ്ങിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ താഴ്ചയിലാണ്. ബാങ്കോക്കില്‍ നിര്‍മാണം നടക്കുന്ന ബഹുനിലക്കെട്ടിടം തകര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് കൂനയായി മാറുന്നത് മറ്റൊരു വിഡിയോയില്‍ കാണാം. മ്യാന്‍മറിലെ പ്രശസ്തമായ അവാ പാലവും തകര്‍ന്നിട്ടുണ്ട്.

ഇന്ത്യക്കാര്‍ സുരക്ഷിതര്‍

നൂറുകണക്കിന് ആളുകള്‍ മരിച്ച മ്യാന്‍മറിലുണ്ടായ വമ്പന്‍ ഭൂചലനത്തില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്ലാന്‍ഡിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. അടിയന്തര സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഭൂചലനം

ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. മാന്റ്ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടുണ്ട്.



തായ്ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags:    

Similar News