ഡോക്ടര്‍ കുറിച്ച അളവില്‍ ആന്റിബയോട്ടിക്സ് എടുക്കാത്തതും കൂടുതല്‍ കഴിക്കുന്നതും മാരകം; ആന്റി ബയോട്ടിക്സ് കൈകാര്യം ചെയ്യുന്നതിലെ പിശകില്‍ മരിക്കുന്നത് രണ്ടു ലക്ഷത്തോളം പേര്‍; മരുന്നുകള്‍ നമ്മളെ കൊല്ലുന്നത് ഇങ്ങനെ

മരുന്നുകള്‍ നമ്മളെ കൊല്ലുന്നത് ഇങ്ങനെ

Update: 2025-03-29 10:54 GMT

മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിലെ പിശകില്‍ ഓരോ വര്‍ഷവും മരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതില്‍ ആന്റിബയോട്ടിക്കുകള്‍ ശരിയായി കൈകാര്യം ചെയ്യാത്തതിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തോളം പേര്‍ മരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

ആസ്മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ചികിത്സ കൃത്യമായി പാലിക്കാത്തത് കാരണം ഓരോ വര്‍ഷവും അനവധി രോഗികള്‍ മരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരുന്നുകളുടെ ഒരു ഡോസ് ഒഴിവാക്കുകയോ നിര്‍ദ്ദേശിച്ചതിലും കൂടുതലോ കുറവോ യാദൃശ്ചികമായി കഴിക്കുന്നതും എല്ലാം വലിയ ദുരന്തത്തിലേക്കാണ് രോഗികളെ എത്തിക്കുന്നത്.

ഇതിന്റെ ഫലമായി മരണമോ വന്‍തുക ചെലവ് വരുന്ന തുടര്‍ ചികിത്സയോ ആയിരിക്കും സംഭവിക്കുക. ഹൃദയാരോഗ്യത്തെ കുറിച്ച് അവബാധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച ദി വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.കെയില്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സ തുടരുന്നവരില്‍ പകുതിയേലേറെ പേരും ഡോക്ടര്‍മാര്‍

നിര്‍ദ്ദേശിച്ച ചികിത്സാ രീതികള്‍ തുടരാത്തവരാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇത് വീണ്ടും ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനും യൂറോപ്പില്‍ മാത്രം ഓരോ വര്‍ഷവും രണ്ട് ലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. ചികിത്സാ രീതികള്‍ കൃത്യമായി പിന്തുടരാന്‍ രോഗികളെ ഡോക്ടര്‍മാര്‍ തന്നെ പരമാവധി സഹായിക്കണം എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ചൈനയില്‍ നിന്നുള്ള ഒരു പഠനം തെളിയിക്കുന്നത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ഹൃദയാഘാതം ഉണ്ടായവര്‍ക്ക് മറ്റൊരു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 39 ശതമാനം കുറവാണ് എന്നാണ്. രോഗികള്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യത പാലിക്കുന്നതിനായി വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഒരു വേള്‍ഡ് അഡിയറന്‍സ് ഡേ തന്നെ ആരംഭിക്കുകയാണ്.

ബ്രിട്ടീഷ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആസ്മാ രോഗികളില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്‌കീസോഫ്രീനിയ ബാധിതരില്‍ പകുതിയോളം പേരും മരുന്ന് ഉപയോഗിക്കുന്ന കാര്യത്തില്‍ കൃത്യത ഇല്ലാത്തവര്‍ ആണെന്നാണ്. അത് പോലെ ഡിപ്രഷനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്നിനുള്ള ഡോക്ടറുടെ കുറിപ്പടി ലഭിച്ച് ഒരു മാസത്തിനുള്ളില്‍ അവ കഴിക്കുന്നവരുടെ എണ്ണം 95 ശതമാനത്തില്‍ നിന്ന് 53 ശതമാനമായി കുറഞ്ഞു എന്നാണ്.

വിഷാദരോഗം പോലയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉളളവരും ഇത്തരത്തില്‍ കൃത്യമായ തോതില്‍ മരുന്ന് കഴിക്കുന്നതില്‍ പലപ്പോഴും വിമുഖത കാട്ടാറുണ്ട്. മറ്റം് ചിലര്‍ ആകട്ടെ അവര്‍ക്ക് ഒരു മരുന്ന് കഴിച്ച് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തും. എന്നാല്‍ പകരം മറ്റൊരു മരുന്ന് എഴുതിത്തരാന്‍ ഇവര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയുമില്ല.

Tags:    

Similar News