ആശ്രിതര്‍ അടക്കം കെയറര്‍ വിസയില്‍ 2023-ല്‍ എത്തിയത് 3,63,000; സ്‌കില്‍ഡ് വിസയില്‍ 1,23,000 പേരും; കബാബ് ഷോപ്പുകള്‍ പോലും ലക്ഷങ്ങള്‍ വാങ്ങി വിസ അടിച്ചു: സര്‍ക്കാര്‍ തിരുത്താന്‍ ഇറങ്ങിയതോടെ വിസാകാലാവധി കഴിഞ്ഞവര്‍ ബ്രിട്ടണില്‍ അഭയാര്‍ഥികളാവുന്നു

Update: 2025-04-04 01:12 GMT

ലണ്ടന്‍: കോവിഡിന് ശേഷം വിസ ഇളവുകള്‍ നല്‍കിയപ്പോള്‍ യുകെയിലേക്ക് യോഗ്യത ഇല്ലാതെ ഒഴുകി എത്തിയത് ലക്ഷങ്ങള്‍. സ്റ്റുഡന്റ് വിസയില്‍ എത്തിയവരും ലക്ഷങ്ങള്‍ ഫീസ് വാങ്ങി കബാബ് ഷോപ്പില്‍ വരെ വര്‍ക്ക് പെര്‍മിറ്റ് നേടിയവരും ഉള്‍പ്പെടുമിത്. കണക്കില്ലാതെ ചോദിച്ചവര്‍ക്കെല്ലാം വിസ വാരി കൊടുത്തപ്പോള്‍ ഏജന്റുമാരും ചെറുകിട സ്ഥാപന ഉടമകളും പണം വാങ്ങി വിസ നല്‍കി. ഇപ്പോള്‍ ഇക്കൂട്ടരുടെ എല്ലാം സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കി തുടങ്ങിയതോടെ ഇങ്ങനെ എത്തിയവരുടെ വിസ എക്സ്റ്റന്‍ഷന്‍ നടക്കാതായി. ഇവരില്‍ പലരും അഭയാര്‍ഥികളായി പരിഗണിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. അതിന് ഉദാഹരണമാണ് വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ, 15 കെയര്‍ഹോമുകള്‍ നടത്തുന്ന കമ്പനിക്കെതിരെയുള്ള നിയമനടപടി. അപ്പീല്‍ കോടതിയും സര്‍ക്കാര്‍ തീരുമാനം ശരിവെച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ വേഗതയിലാണ് കാര്യങ്ങള്‍ നീക്കുന്നത്. 2008 മുതല്‍ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുള്ള പ്രെസ്റ്റ്വിക്ക് കെയറില്‍ 2022 ല്‍ ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ലൈസന്‍സ് റദ്ദാക്കുമ്പോള്‍ 857 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 219 പേര്‍ വിദേശികളും. അതില്‍ ഏഴുപേര്‍ ജോലി ചെയ്തിരുന്നത്, ഹോം ഓഫീസിന് കമ്പനി നല്‍കിയ വിശദാംശങ്ങള്‍ക്ക് അനുസരിച്ചോ, ഹോം ഓഫീസിനെ അറിയിച്ച ശമ്പളത്തിനൊ അല്ലെന്നും കണ്ടെത്തി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല, കോവിഡ് പ്രതിസന്ധിയും ബ്രെക്സിറ്റും ബ്രിട്ടന്റെ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമത്തിനു കാരണമായപ്പോള്‍ വിദേശ തൊഴിലാളികളെ ഇവിടെയെത്തിക്കാന്‍ സര്‍ക്കാര്‍ എടുത്ത ഉദാര സമീപനം വരുത്തി വെച്ച വിന ചെറുതൊന്നുമല്ല. അതിനൊരു ഉദാഹരണമാണ് ലണ്ടനിലെ തിരക്കേറിയ ഒരു തെരുവിലുള്ള അല്‍ ഫറൂഖ് കെബാബിഷ്. വളരെ വിലക്കുറച്ച് ഫ്രൈഡ് ചിക്കനും ഫ്രൈസുമെല്ലാം ലഭിക്കുന്ന ഇവിടെ ഭക്ഷണം മാത്രമല്ല ലഭിക്കുക. ലെയ്ബടണിലെ ലീ ബ്രിഡ്ജ് റോഡിലുള്ള ഈ ഹോട്ടല്‍ ഹോം ഓഫീസ് ലൈസന്‍സ് നല്‍കിയ സ്പോണ്‍സര്‍ കൂടിയാണ്. സ്‌കില്‍ഡ് വര്‍ക്കര്‍മാരെ വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തിക്കാന്‍ ഇവര്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. 536 പൗണ്ട് ഫീസ് വാങ്ങിയായിരുന്നു ഇവര്‍ വിവിധ തൊഴിലുടമകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. സ്പോണ്‍സര്‍ഷിപ് ചെയ്യുന്നതിനുള്ള അനുമതി വന്‍കിട കമ്പനികള്‍ക്കും ഇടത്തരം കമ്പനികള്‍ക്കും മാത്രമായിരുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

ഹോം ഓഫീസ് ലൈസന്‍സ് നല്‍കീയ സ്പോണ്‍സര്‍മാരുടെ ലിസ്റ്റില്‍ ഏകദേശം 1,28,000 ല്‍ അധികം സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ പലതിനും ആവശ്യമായ സാമ്പത്തിക സ്ഥിരത ഇല്ല എന്നതാണ് മറ്റൊരു വസ്തുത. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അല്‍ കെബാബിഷിന്റെ മാതൃസ്ഥാപനത്തിന്റെ കാര്യം. ഏറ്റവും ഒടുവില്‍ അവര്‍ കമ്പനീസ് ഹൗസില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മൂലധനവും കരുതലുമായി ഉള്ളത് 897 പൗണ്ട് മാത്രമാണ്. ഇതുവരെ എത്രപേരെ അല്‍ കബാബിഷ് സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട് എന്നതിനെ കുറിച്ച് വ്യക്തതയില്ല. അതിനെ കുറിച്ച് പ്രതികരിക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല എന്നാണ് ഈ വാര്‍ഠ റിപ്പോര്‍ട്ട് ചെയ്ത മെയില്‍ ഓണ്‍ലൈന്‍ പറയുന്നത്.

അതേസമയം, വിവരാവകാശ നിയമപ്രകാരം സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്ട്രോളില്‍ നിന്നും കഴിഞ്ഞ മാസം എടുത്ത രേഖകള്‍ അനുസരിച്ച് മറ്റു ചില കെബാബ് കച്ചവടക്കാര്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് ഉണ്ട്. ഇവരെല്ലാം തന്നെ നിരവധി പേരെ സ്പോണ്‍സര്‍ ചെയ്ത് ബ്രിട്ടനില്‍ എത്തിച്ചിട്ടുമുണ്ട്. ഷോപ്പുകളുടെ പേരുകള്‍ നല്‍കിയിട്ടില്ലെങ്കിലും, ബ്രാഡ്‌ഫോര്‍ഡിലെ ഒരു ഷോപ്പ് 14 കുടിയേറ്റക്കാരെ സ്പോണ്‍സര്‍ ചെയ്തതായി രേഖകള്‍ പറയുന്നു. ബിര്‍മ്മിംഗ്ഹാമിലെ ഒരു ഷോപ്പ് 12 പേരെയും.

ഏറ്റവും രസകരമായ കാര്യം സ്‌കില്‍ഡ് വര്‍ക്കര്‍ വിസ എന്നത് ആളുകള്‍ക്ക് ബ്രിട്ടനകത്ത് കയറിപ്പറ്റാനുള്ള ഉപാധി മാത്രമായിട്ടാണ് പലരും കാണുന്നത് എന്നതാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ എത്തി, അഭയാര്‍ത്ഥി പദത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 100 ഇരട്ടി വര്‍ദ്ധനവുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെത്തിയ 53 പേരായിരുന്നു 2022 ല്‍ അഭയാര്‍ത്ഥി പദത്തിന് അപേക്ഷിച്ചതെങ്കില്‍, കഴിഞ്ഞവര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ മാത്രം, ഇത്തരത്തിലെത്തിയ 5,300 പേരാണ് അഭയത്തിനായി അപേക്ഷിച്ചിരിക്കുന്നത്.

Similar News