ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് സിഎംആര്‍എല്‍ പിഴയൊടുക്കിയ കേസ്; എസ് എഫ് ഐ ഒ കുറ്റപത്രത്തെ പ്രതിരോധിക്കലില്‍ വീണാ വിജയന് പ്രതിസന്ധിയാവുക കര്‍ത്തയുടെ കമ്പനിയുടെ ആ നീക്കം; എക്‌സാലോജിക്ക് കേസ് പിണറായിക്ക് വലിയ തലവേദനയാകും; ആരെന്തു പറഞ്ഞാലും രാജിയും വയ്ക്കില്ല; പുറത്തു വന്നത് 'ചാര്‍ജ്ജ് സമ്മറി' മാത്രം

Update: 2025-04-04 01:53 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുമ്പോഴും പാര്‍ട്ടിക്ക് മുന്നിലുള്ളത് വമ്പന്‍ വെല്ലുവിളി. കേസ് കേസായിത്തന്നെ കൈകാര്യം ചെയ്യും. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല. കേസ് പാര്‍ട്ടിക്കെതിരെ ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നതാണ് സിപിഎം നിലപാട്. സിപിഎമ്മിനെയും സര്‍ക്കാരിനെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതനീക്കമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു. സ്വര്‍ണക്കടത്ത് ആരോപണം ജനം തള്ളി. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയം നോക്കിയുള്ള ആക്രമണമാണ് ഇതെന്നും ബേബി പറഞ്ഞു. പിണറായിക്കും പാര്‍ട്ടിക്കും ഒരു ഭയവും ഇല്ലെന്ന് പിബി അംഗം എ.വിജയരാഘവന്‍. പിണറായിയുടെയും കോടിയേരിയുടെയും മക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് വിവേചനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്നതു പ്രതിപക്ഷത്തിനു സുഖമുള്ള ഏര്‍പ്പാടാണെന്നു കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. തങ്ങള്‍ക്കു സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആര്‍എല്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കേസുമില്ല. കൈപ്പറ്റിയ തുകയ്ക്കുള്ള സേവനം വീണാ വിജയന്റെ കമ്പനി നല്‍കിയിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു. പക്ഷേ ഈ വിശദീകരണങ്ങള്‍ക്ക് അപ്പുറമൊരു വസ്തുതയുണ്ട്.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്പനി വകമാറ്റി നല്‍കിയെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ പ്രതിചേര്‍ക്കപ്പെടുന്നതോടെ വീണ്ടും സിപിഎം പ്രതിരോധത്തിലാകുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കളും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ധാര്‍മികതയുടെ പേരിലാണ് മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതിന് പിണറായി വഴങ്ങില്ല.

പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന വകുപ്പുകളിലാണ് വിചാരണ നടക്കുക. വിചാരണയിലേക്ക് പോകാത്ത വണ്ണം കേസിനെ നിയമപരമായി തടയാനായില്ലെങ്കില്‍ കോടതിയുടെ പ്രതിക്കൂട്ടില്‍ വീണയ്ക്ക് നില്‍ക്കേണ്ടി വരും. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് സിഎംആര്‍എല്‍ പിഴയൊടുക്കിയ കേസാണ് ഇത്. ആ നിയമ സാഹചര്യം വിചാരണയേയും സ്വാധീനിക്കാന്‍ സാധ്യത ഏറെയാണ്. എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ 'ചാര്‍ജ് സമ്മറി' മാത്രമാണു പുറത്തുവന്നിരിക്കുന്നത്. 2.7 കോടി രൂപ സിഎംആര്‍എല്‍, സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ എന്നിവയില്‍നിന്നു വീണ കൈപ്പറ്റിയതു കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായ സാമ്പത്തിക വഞ്ചനയെന്നാണു കണ്ടെത്തല്‍. ഇതിനപ്പുറമുള്ള വിശദാംശങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പുറത്തുവന്നിട്ടില്ല. പ്രത്യേക കോടതിയില്‍ 'കംപ്ലെയ്ന്റ്' ഫയല്‍ ചെയ്യുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടും എസ്എഫ്‌ഐഒ സമര്‍പ്പിക്കും. ഇതിന് ശേഷമാകും വീണ തുടര്‍ നിയമ നടപടികളില്‍ തീരുമാനം എടുക്കുക. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയായെങ്കിലും വിചാരണയ്ക്ക് മുമ്പേ കുറ്റവിമുക്തി നേടി. ഇതേ രീതിയാകും വീണയും സ്വീകരിക്കുക.

ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലെ മൊഴി അനുസരിച്ചു കേസെടുക്കാന്‍ നിയമതടസ്സമുണ്ടെന്നുള്ള വാദമുന്നയിച്ചാണു സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആദായനികുതി ബോര്‍ഡിന്റെ രേഖ വച്ചല്ല അന്വേഷണമെന്നതാണ് എസ്എഫ്‌ഐഒ നിലപാട്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു, കൊച്ചി ഓഫിസുകള്‍ നേരത്തേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍, ആര്‍ഒസി ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് എന്നിവയാണ് ആധാരമാക്കിയതെന്ന് അവര്‍ കോടതിയെ അറിയിച്ചിരുന്നു. ആകെ 20 പേരുടെ മൊഴിയാണ് അന്വേഷണത്തിന്റെ ഭാഗമായി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) അനധികൃത പണമിടപാടിനെക്കുറിച്ച് ആദായനികുതി വകുപ്പ് തയാറാക്കിയ കണക്കുകള്‍ ശരിവയ്ക്കുന്നതാണ് എസ്എഫ്‌ഐഒ കണ്ടെത്തലുകള്‍. വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എലില്‍നിന്നു കൈപ്പറ്റിയ പണത്തെക്കുറിച്ചാണ് ആദായനികുതി വകുപ്പ് പറഞ്ഞതെങ്കില്‍, എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍നിന്നു ലഭിച്ച പണംകൂടി ചേര്‍ത്താണ് എസ്എഫ്‌ഐഒയുടെ കണക്കെന്നാണു വ്യക്തമാകുന്നത്.

വീണയ്ക്കും എക്‌സാലോജിക്കിനും പുറമേ രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ കണക്കിലേക്കും എസ്എഫ്‌ഐഒ പോയിട്ടുണ്ട്. പണം കൈപ്പറ്റിയവരുടെ പട്ടിക 2 വര്‍ഷത്തോളമായി കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ട്. സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ബിജെപി തുടങ്ങി പല പാര്‍ട്ടികളുടെയും നേതാക്കളും ചില ഉദ്യോഗസ്ഥരും മാധ്യമസ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ക്കു സര്‍ക്കാര്‍ തയാറാകുമോ അതോ വിഷയം തല്‍ക്കാലം കമ്പനി നിയമത്തിന്റെ പരിധിയില്‍ നിര്‍ത്തുമോ എന്നു വ്യക്തമാകേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നും ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചിടത്താണ് കേസിന്റെ തുടക്കം. ഈ വിധി അംഗീകരിച്ച് സിഎംആര്‍എല്‍ പിഴയും അടച്ചു. അതുകൊണ്ട് തന്നെ തുടര്‍ വിചാരണയില്‍ സിഎംആര്‍എല്‍ നിലപാട് നിര്‍ണ്ണായകമാകും.

ഇതേ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന ആവശ്യം തള്ളിയതിന്റെ ആശ്വാസത്തിലാണ് കേരള സര്‍ക്കാരും സര്‍ക്കാരിനെ ഭരിക്കുന്ന സിപിഎമ്മും മധുരയിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലേക്ക് പോയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍, കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂടെയ്ല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയില്‍നിന്ന് ഇല്ലാത്ത സേവനത്തിന് പണം കൈപ്പറ്റിയതായി ആദായനികുതി വകുപ്പിന് കീഴിലുള്ള ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 2017-നും 2020-നും ഇടയില്‍ 1.72 കോടിയോളം രൂപ വീണയുടെ കമ്പനി കൈപ്പറ്റി എന്നായിരുന്നു പുറത്തുവന്ന വിവരം. ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പണം നല്‍കിയതെന്ന് കമ്പനി പ്രതിനിധികളുടെ മൊഴികളുണ്ടായിരുന്നു. നിയമവിരുദ്ധമായി പണം നല്‍കിയ രാഷ്ട്രീയ നേതാക്കളുടെ പേരെഴുതിയ കരിമണല്‍ കമ്പനിയുടെ പറ്റുബുക്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുമുണ്ടെന്ന് ആരോപണമുയര്‍ന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തെ പ്രതിപക്ഷം ആയുധമാക്കി. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവായ ഷോണ്‍ ജോര്‍ജാണ് കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒയുടെ പരാതിയില്‍ ഇഡിയും അന്വേഷണത്തിനായെത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വീണാ വിജയനെ ചെന്നൈയില്‍വെച്ച് എസ്എഫ്ഐഒ ചോദ്യംചെയ്തു.

ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ വിഷയം ഏറ്റെടുത്തത് നിയമപ്പോരാട്ടവുമായി മുന്നോട്ടുപോയി. ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ആവശ്യം തള്ളിയത്. അപ്പീലുമായി അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിച്ചു. പരാതിയിലുള്ളത് സംശയം മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന വസ്തുതകളില്ലന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് തള്ളി. ഇതിനിടെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണമെന്ന ഗിരീഷിന്റെ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഹൈക്കോടതിയിലെ അപ്പീലും തള്ളിപ്പോയി. ഇതിനിടെ ഗിരീഷ് ബാബു മരിച്ചു.

Tags:    

Similar News