ഗ്രാമത്തില്‍ ആശുപത്രികളോ സ്‌കൂളുകളോ ഉണ്ടായിരുന്നില്ല; ജനിച്ചത് വീട്ടിലും; ജനനതീയതി കൃത്യമായി അറിയാത്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിമര്‍ശകന്‍! കോണ്‍ക്ലേവില്‍ പങ്കെടുത്ത ശേഷം യഥാര്‍ത്ഥ പ്രായം എണ്‍പത് കഴിഞ്ഞാല്‍ തീരുമാനം അസാധുവുമാകും; വത്തിക്കാനെ കുഴക്കി പ്രായ വിവാദം
വത്തിക്കാന്‍: ആരാകും അടുത്ത പോപ്പ്? അതിനിടെ പ്രായ വിവാദവും കത്തി കയറുകയാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് അടുത്തയാഴ്ച വത്തിക്കാനില്‍ തുടക്കം കുറിക്കും. ഇതിനവായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എണ്‍പത് വയസില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത്. എന്നാല്‍ ഇപ്പോള്‍ സ്വന്തം പ്രായം എത്രയാണെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരു കര്‍ദ്ദിനാളിനെ കോണ്‍ക്ലേവില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുള്ളതായി സൂചന. ആഫ്രിക്കക്കാരനായ കര്‍ദ്ദിനാളായ ഫിലിപ്പ് ഔഡ്രാഗോയ്ക്ക് എത്ര വയസ്സുണ്ടെന്ന് വ്യക്തമല്ല.
അദ്ദേഹം 1945 ജനുവരി 4 ന് ജനിച്ചതാണോ അതോ ആ വര്‍ഷം ഡിസംബര്‍ 31 ന് ജനിച്ചതാണോ എന്ന കാര്യത്തിലാണ് അവ്യക്തത ഉള്ളത്. ആദ്യത്തെ തീയതി അനുസരിച്ചാണെങ്കില്‍ അദ്ദേഹത്തിന് എണ്‍പത് വയസ് കഴിയും എന്നാല്‍ രണ്ടാമത്തെ തീയതി അനുസരിച്ചാണെങ്കില്‍ എഴുപത്തി ഒമ്പത് വയസാണ് പ്രായം. അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ 80 വയസ്സിനു മുകളിലുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് പങ്കെടുക്കാന്‍ അനുവാദം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ കര്‍ദ്ദിനാള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും പിന്നീട് പങ്കെടുക്കാന്‍ അദ്ദേഹത്തിന് പ്രായം കഴിഞ്ഞു എന്നും തെളിഞ്ഞാല്‍, അത് ഫലം തന്നെ അസാധുവാകുന്ന അവസ്ഥയിലേക്ക് എത്തും.
കര്‍ദ്ദിനാള്‍ ഔഡ്രാഗോയെ പൊതുവേ കടുത്ത യാഥാസ്ഥിതികനായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിഷയത്തിലും മറ്റും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അത് കൊണ്ട് കൊണ്ട് തന്നെ യാഥാസ്ഥിതിക വിഭാഗത്തിന് വളരെ വേണ്ടപ്പെട്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ ഔഡ്രാഗോ. കഴിഞ്ഞ വര്‍ഷത്തെ വത്തിക്കാന്‍ ഇയര്‍ ബുക്ക് പ്രകാരം കര്‍ദ്ദിനാളിന്റെ ജനനത്തീയതി 1945 ജനുവരി 24 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന് പ്രായം എണ്‍പത് വയസിന് മുകളിലാണ്.
എന്നാല്‍ വത്തിക്കാന്റെ ഏറ്റവും പുതിയ ഔദ്യോഗിക ഡയറക്ടറിയില്‍ അദ്ദേഹത്തിന്റെ ജനനത്തീയതി 1945 ഡിസംബര്‍ 31 ആണെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ കര്‍ദ്ദിനാളിന് ഇപ്പോള്‍ 79 വയസാണ് പ്രായം. അദ്ദേഹത്തിന് ഇതനുസരിച്ച് കോണ്‍ക്ലേവില്‍ പങ്കെടുക്കാം. ഏതായാലും പാശ്ചാത്യ മാധ്യമങ്ങള്‍ ഈ സംഭവം ഏറ്റെടുത്തിരിക്കുകയാണ്. കര്‍ദ്ദിനാള്‍ സമയത്തെ പിടിച്ചു നിര്‍ത്തി എന്നാണ് ഒരു ഇറ്റാലിയന്‍ പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോണ്‍ക്്ളേവില്‍ പ്രവേശിക്കാന്‍ ഒരു വയസ് കുറഞ്ഞ കര്‍ദ്ദിനാള്‍ എന്നാണ് മറ്റൊരു മാധ്യമം കളിയാക്കുന്നത്. ബുര്‍ക്കിനോ ഫാസോയിലെ ഒരു ഗ്രാമത്തിലാണ് കര്‍്ദ്ദിനാള്‍ ഔഡ്രാഗോ ജനിച്ചു വളര്‍ന്നത്. ഇപ്പോള്‍ പ്രായത്തെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തില്‍ അദ്ദേഹം വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഗ്രാമത്തില്‍ ആശുപത്രികളോ സ്‌കൂളുകളോ ഉണ്ടായിരുന്നില്ല എന്നും താന്‍ ജനിച്ചത് വീട്ടിലായിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കടുത്ത വിമര്‍ശകനായ ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ഗെര്‍ഹാര്‍ഡ് ലുഡ്വിഗ് മുള്ളര്‍, സഭ അതിന്റെ പാരമ്പര്യത്തിന്റെ വേരുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. അടുത്ത മാര്‍പ്പാപ്പ സഭയുടെ സിദ്ധാന്തങ്ങളെ മുറുകെ പിടിക്കുകയും ലിബറല്‍ ചിന്താഗതിക്കാരുടെ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ തയ്യാറാകുകയും വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ മാസം ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ തീയതി നിശ്ചയിക്കാന്‍ ലോകമെമ്പാടുമുള്ള കര്‍ദ്ദിനാള്‍മാര്‍ റോമില്‍ ഒത്തുകൂടിയപ്പോഴാണ് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്.