രക്ഷാപ്രവര്‍ത്തനം നീണ്ടത് മൂന്ന് മണിക്കൂറോളം; സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ രക്ഷിച്ച് ജീവനക്കാര്‍; മെഡിക്കല്‍ കോളജിലേക്കു ചീറിപ്പാഞ്ഞെത്തിയത് നൂറുകണക്കിന് ആംബുലന്‍സുകള്‍: രോഗികളെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി

രക്ഷാപ്രവര്‍ത്തനം നീണ്ടത് മൂന്ന് മണിക്കൂറോളം

Update: 2025-05-03 00:40 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം. അപ്രതീക്ഷിത പൊട്ടിത്തെറിയില്‍ രോഗികളും ജീവനക്കാരും ആദ്യം ഭയചകിതരായെങ്കിലും പെട്ടെന്ന് തന്നെ അത് രക്ഷാ പ്രവര്‍ത്തനത്തിലേക്ക് വഴി മാറി. സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെയാണ് പുക പടര്‍ന്ന കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെ കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തെത്തിച്ചത്.

മൂന്ന് മണിക്കൂറോളമാണ് രക്ഷാ പ്രവര്‍ത്തനം നീണ്ടത്. രാത്രി 7.40 മുതല്‍ രാത്രി 10.20 വരെ നീണ്ട രക്ഷാ ദൗത്യത്തില്‍ ആശുപത്രി ജീവനക്കാര്‍, പൊലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ആംബുലന്‍സ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും കൈകോര്‍ത്തു. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ കിടന്ന രോഗികളെ എല്ലാം ഇവര്‍ പുറത്തെത്തിച്ചു. പൊട്ടിത്തെറി ഉണ്ടാക്കിയ പരിഭ്രാന്തിക്കിടയിലും മനസാന്നിധ്യം കൈവിടാതെ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്ത് ഇറങ്ങുക ആിരുന്നു.,

പുക പടര്‍ന്നതോടെ രോഗികള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളോടു മുഴുവന്‍ പുറത്തേക്കു പോകാന്‍ ആവശ്യപ്പെട്ട ജീവനക്കാര്‍ ഓരോ രോഗിയെയും ശ്രദ്ധയോടെ പുറത്തിറക്കി. അപ്പോഴേക്കും പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി. നഗരത്തിലെ ആശുപത്രികളില്‍ ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കി. വിവരമറിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന നൂറു കണക്കിന് ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളജിലേക്കു ചീറിപ്പാഞ്ഞെത്തി.

ഈ ആംബുലന്‍സുകളിലായി രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഓരോരുത്തരെയായി ആംബുലന്‍സില്‍ കയറ്റി വിട്ടു. ഇഖ്‌റ, മേയ്ത്ര, ബേബി മെമ്മോറിയല്‍, കോട്ടപ്പറമ്പ്, സഹകരണ ആശുപത്രി, ബീച്ച് അടക്കമുള്ള ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റിയത്. 30 പേര്‍ ഒഴികെയുള്ളവരെ മെഡിക്കല്‍ കോളജിലേക്കു തന്നെ പലയിടങ്ങളിലാക്കി മാറ്റി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സാക്ഷ്യം വഹിച്ചത്.

മെഡിക്കല്‍ കോളജില്‍ സംഭവിച്ചത് യുപിഎസ് റൂമിലെ ഷോര്‍ട്ട് സര്‍ക്കീറ്റ് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊലീസ് സീല്‍ ചെയ്തു. സംഭവത്തില്‍ വിവിധ തലത്തിലുള്ള വിശദ അന്വേഷണങ്ങള്‍ ഇന്നു നടക്കും. ഇടുങ്ങിയ വഴികളും മതിയായ സുരക്ഷാ സംവിധാനവും ഇല്ലാത്ത മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി വലിയ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്.

Tags:    

Similar News