പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; ഒരു എഫ് 16 പോര്‍വിമാനവും രണ്ട് ജെ 16 വിമാനവും തകര്‍ത്ത് സുദര്‍ശനചക്ര സംവിധാനം; ജമ്മുവിലും പഞ്ചാബിലും രാജസ്ഥാനിലും പാക്ക് പ്രകോപനം; 50 ഡ്രോണുകളും എട്ട് മിസൈലുകളും വെടിവെച്ചിട്ടു; കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ

Update: 2025-05-08 16:07 GMT

ന്യൂഡല്‍ഹി: ജമ്മുവിനേയും പഞ്ചാബിനേയും രാജസ്ഥാനെയും ലക്ഷ്യമിട്ടുള്ള പാക് വ്യോമാക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു. ഒരു എഫ് 16 പോര്‍വിമാനവും രണ്ട് ജെ 16 വിമാനവും സുദര്‍ശനചക്ര സംവിധാനം തകര്‍ക്കുകയായിരുന്നു. 50 ഡ്രോണുകളും എട്ട് മിസൈലുകളും വെടിവെച്ചിട്ടു. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.

അതിര്‍ത്തിയില്‍ പരിധി ലംഘിച്ച് ജമ്മുവില്‍ തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ് 16 ഇന്ത്യന്‍ സേന വീഴ്ത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാക്ക് ആക്രമണശ്രമം. വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതില്‍ വ്യക്തതയില്ല. വ്യോമസേനയുടെ താവളം കൂടി പ്രവര്‍ത്തിക്കുന്ന സ്ഥലം കൂടിയാണ് ജമ്മു വിമാനത്താവളം.

വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണാക്രമണ ശ്രമവും മിസൈലാക്രമണ ശ്രമവും ഇന്ത്യ തകര്‍ത്തിരുന്നു. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യന്‍ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ്400 ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. ജമ്മുവില്‍ മൊബൈല്‍ ഫോണ്‍ സേവനം തടസ്സപ്പെട്ടു.

സ്‌ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകളും പോര്‍ വിമാനങ്ങളും എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്‌ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്‌ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.

അതിനിടെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപ്വാരയിലാണ് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതത്. ജമ്മുകശ്മീരിന് പുറമെ പഞ്ചാബിലും വ്യോമാക്രമണ ശ്രമമുണ്ടായി. ജമ്മുവിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും വ്യോമാക്രമണ മുന്നറിയിപ്പും ബ്ലാക്ക് ഔട്ടും ഉണ്ടായി. സാംബ, അഖ്നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഉദ്ദംപൂര്‍, ജമ്മു, അഖ്നൂര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലേക്കാണ് പാക്കിസ്ഥാന്റ വന്‍തോതില്‍ ഡ്രോണുകളെത്തി. ഇവയെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടു.

മുന്‍ കരുതലിന്റെ ഭാഗമായി ജമ്മുവില്‍ വെളിച്ചം അണച്ചു. കശ്മീരിലെ അഖ്‌നൂര്‍, സാംബ, കഠ്വ എന്നിവിടങ്ങളില്‍ വെടിവയ്പു നടക്കുന്നതായാണ് വിവരം. രണ്ടു വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

ജമ്മു കശ്മീരിനു പുറമെ പഞ്ചാബിലെ ഗുര്‍ദാസ്പുരിലും പഠാന്‍കോട്ടിലും രാജസ്ഥാന്റെ അതിര്‍ത്തി മേഖലകളിലും വിളക്കുകള്‍ അണച്ചു. കശ്മീരിലും പഞ്ചാബിലും ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കി.

വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താന്‍ കോട്ട്, അഖ് നൂര്‍, സാംബ എന്നിവിടങ്ങളാണ് ലക്ഷ്യമിട്ടത്. ജമ്മു മേഖലയില്‍ നിലവില്‍ പാക്കിസ്ഥാന്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ ലൈറ്റണച്ച് കരുതല്‍ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്.

എല്ലാ ലൈറ്റുകളും അണയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങളടക്കം പാര്‍ക്ക് ചെയ്ത് ലൈറ്റുകള്‍ ഓഫാക്കണം, പരിഭ്രാന്തരാകരുതെന്നും, മുന്‍കരുതലെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ പല നഗരങ്ങള്‍ക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാല്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂര്‍, കിഷന്‍ഗഡ്, ബിക്കാനീര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മെയ് 9 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി. ഗംഗാനഗറില്‍ നിന്ന് റാന്‍ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകള്‍ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയില്‍വേ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. അതിര്‍ത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കല്‍ പദ്ധതികളും നിലവിലുണ്ട്. അതിര്‍ത്തിക്കടുത്തുള്ള ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും സജീവമാക്കി. ജയ്‌സാല്‍മീറിലും ജോധ്പൂരിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു. പഞ്ചാബില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മന്‍ എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.

Tags:    

Similar News