പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ വേണ്ട; വില്‍ക്കില്ലെന്ന് പഴകച്ചവടക്കാര്‍; പിന്തുണച്ച് നാട്ടുകാരും; പൂനെയില്‍ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ല; രാജ്യത്തിനോടും സര്‍ക്കാരിനോടും പട്ടാളക്കാരോടുമുള്ള തങ്ങളുടെ പിന്തുണയെന്ന് പ്രതികരണം
പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ വേണ്ട
പുനെ: പൂനെയില്‍ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ല. ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ തുര്‍ക്കി ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പുനെയിലെ പഴക്കച്ചവടക്കാര്‍. പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ ഇനി വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം, ഇതിനെ പിന്തുണച്ച് നാട്ടുകാരും എത്തിയതോടെ നിരോധനം പൂര്‍ണമായി.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ സമ്പത്തിലേക്ക് തങ്ങളുടെ ഭാഗത്തുനിന്നും ചെറിയതോതിലുള്ള സഹായം പോലുംവേണ്ട എന്ന ദൃഢനിശ്ചയത്തിലാണ് പുനെയിലെ പഴക്കച്ചവടക്കാര്‍. പൊതുവില്‍ ഈ സീസണില്‍ 1000 മുതല്‍ 1,200 കോടിവരെ വിറ്റുവരവ് ലഭിക്കാറുണ്ട്. ഈ ലാഭം വേണ്ട എന്നുവയ്ക്കുന്നതിലൂടെ രാജ്യത്തിനോടും സര്‍ക്കാരിനോടും പട്ടാളക്കാരോടുമുള്ള തങ്ങളുടെ പിന്തുണകൂടിയാണ് അറിയിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
തുര്‍ക്കിയില്‍നിന്നുള്ള ആപ്പിളിന് പകരം മറ്റുരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള ആപ്പിളുകളാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിച്ചുവാങ്ങുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതോടെ പുനെയിലെ പഴക്കടകളിലൊന്നും തന്നെ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീഴുകയും ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയേയും പാക്കിസ്ഥാനേയും പിന്തുണച്ചുകൊണ്ട് വിവിധ രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. ഈ സമയത്താണ് പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കി മുന്നോട്ടുവന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ പിന്താങ്ങുന്നതിലൂടെ തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ ആപ്പിള്‍ നിരോധനം.
തുര്‍ക്കിയില്‍നിന്നും ഇനി ആപ്പിള്‍ വാങ്ങേണ്ടെന്നാണ് ഞങ്ങുടെ തീരുമാനം. പകരം ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്നും ഇറാനില്‍നിന്നുമെല്ലാം ആപ്പിള്‍ കൂടുതലായി വാങ്ങാനാണ് തീരുമാനം. കച്ചവടക്കാര്‍ മാത്രമല്ല, പഴങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും ഈ തീരുമാനത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാഹചര്യത്തില്‍ രാജ്യത്തോടുള്ള ഞങ്ങളുടെ സ്നേഹവും പിന്തുണയും ഇങ്ങനെയും കാണിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' - അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ചന്തയിലെ ആപ്പിള്‍ കച്ചവടക്കാരനായ സുയോഗ് സിന്ദെ പറയുന്നു.
ചന്തകളില്‍ തുര്‍ക്കി ആപ്പിളിന്റെ ആവശ്യക്കാരില്‍ 50 ശതമാനത്തോളം കുത്തനെ ഇടിവുണ്ടായതായി മറ്റ് കച്ചവടക്കാര്‍ പറയുന്നു. മൊത്തവ്യാപാരത്തില്‍ മാത്രമല്ല, ചില്ലറ വ്യാപാരത്തിലും നിരോധനം വലിയതോതില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് തന്നെ നിരവധി ആപ്പിള്‍ വകഭേദങ്ങളുണ്ട്, അപ്പോള്‍ നമ്മള്‍ എന്തിനാണ് നമ്മുടെ രാജ്യത്തിനെതിരായി ഒപ്പുവെച്ച ഒരു രാജ്യത്തുനിന്നും സാധനം വാങ്ങുന്നത്, തുര്‍ക്കി ആപ്പിള്‍ വേണ്ടെന്ന കച്ചവടക്കാരുടെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് സാധനം വാങ്ങാന്‍ എത്തിയവരും ചോദിക്കുന്നു.