അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം; അടിയന്തര അജന്‍ഡയിലില്ല; ആരോപണ വിധേയരായവര്‍ മാറിനില്‍ക്കണമെന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്; ബാബുരാജ് മാറിനില്‍ക്കാത്തതു കൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോയത്; 'അമ്മ' അധ്യക്ഷ ശ്വേതാ മേനോന്‍ പറയുന്നു

അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം; അടിയന്തര അജന്‍ഡയിലില്ല; ആരോപണ വിധേയരായവര്‍ മാറിനില്‍ക്കണമെന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്; ബാബുരാജ് മാറിനില്‍ക്കാത്തതു കൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോയത്; 'അമ്മ' അധ്യക്ഷ ശ്വേതാ മേനോന്‍ പറയുന്നു

Update: 2025-08-16 07:35 GMT

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും തിരിച്ചു പോയവരെ തിരിച്ചെത്തിക്കണമെന്നാണ് ആഗ്രഹം എങ്കിലും അത സംഘടനയുടെ അടിയന്തര അജണ്ടയില്‍ ഉള്ള കാര്യമല്ലെന്ന് അമ്മ അധ്യക്ഷ ശ്വേത മേനോന്‍. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. എന്നാല്‍, ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും ശ്വേത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താരസംഘടനയില്‍ പരിഹരിക്കാന്‍ പരിഹരിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു പോയിന്റില്‍ തന്നെ തട്ടിനില്‍ക്കേണ്ടതില്ല. അവര്‍ സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. അടിയന്തര അജന്‍ഡയായി വിഷയമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. ഞാന്‍ എന്റെ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല. രാജിവെച്ചുപോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്'-ശ്വേത വ്യക്തമാക്കി.

'അമ്മയില്‍നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണം. അംഗങ്ങള്‍ എല്ലാവരുടേയും ആഗ്രഹം അതുതന്നെയാണ്. എന്തിനാണ് അവര്‍ പിണങ്ങിപ്പോയത് എന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്. അവര്‍ എല്ലാവരും തിരിച്ചുവരണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. ചിലപ്പോള്‍ ഒരു മീറ്റിങ്ങില്‍ തീരുമാനിക്കാന്‍ കഴിഞ്ഞേക്കില്ല, പത്തോ നൂറോ മീറ്റിങ്ങുകള്‍ നടത്തേണ്ടിവരും. എന്റെ വ്യക്തിപരമായ ദൗത്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിന് മുന്‍കൈ എടുക്കും', അവര്‍ വ്യക്തമാക്കി.

'ഉത്തരവാദിത്തത്തെക്കുറിച്ച് പൂര്‍ണബോധ്യമുണ്ട്. സമയം വേണം എല്ലാം മെല്ലെ മെല്ലേ ശരിയാക്കും. ബൈലോ പ്രകാരം തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷം ജനറല്‍ ബോഡിയുടെ അനുവാദത്തോടെയാണ് നടപ്പാക്കുക. എന്റെ മനസില്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍, എന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല. കൂട്ടായാണ് തീരുമാനമെടുക്കുക', സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ശ്വേത പറഞ്ഞു.

'ആരോപണവിധേയരായവര്‍ മാറിനില്‍ക്കണമെന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. എല്ലാ കാര്യങ്ങളും ബൈലോ പ്രകാരമാവരുത്, സാമൂഹികപ്രതിബദ്ധതയും വേണം. സിദ്ധിഖും ഇടവേള ബാബുവും ആരോപണം വന്നപ്പോള്‍ മാറിനിന്നു. കേസ് വന്നപ്പോള്‍ ബാബുരാജ് മാറിനില്‍ക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോയത്. എന്നുകരുതി അവര്‍ മോശമായ ആളുകളാണെന്ന് ഞാന്‍ പറയില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അവര്‍ 'അമ്മ' അംഗങ്ങള്‍ തന്നെയാണ്', നടി വ്യക്തമാക്കി.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ തിരിഞ്#ടെുക്കപ്പട്ടത്. ശ്വേതയുള്‍പ്പെടെ നാല് വനിതകളാണ് തെരഞ്ഞെടുപ്പില്‍ 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനെയും ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസനെയും വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയെയും തെരഞ്ഞെടുത്തു. ജയന്‍ ചേര്‍ത്തലയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച മറ്റൊരാള്‍.

നടന്‍ ദേവനെ തോല്‍പ്പിച്ചാണ് ശ്വേത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രവീന്ദ്രനായിരുന്നു ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കുവിന്റെ എതിരാളി. എതിരില്ലാതെയായിരുന്നു അന്‍സിബയുടെ വിജയം. നാസര്‍ ലത്തീഫിനെ തോല്‍പ്പിച്ചാണ് ജയന്‍ ചേര്‍ത്തലയുടെയും ലക്ഷ്മി പ്രിയയുടെയും വിജയം. തെരഞ്ഞെടുപ്പില്‍ അനൂപ് ചന്ദ്രനെ തോല്‍പ്പിച്ച് ഉണ്ണി ശിവപാല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

Similar News