ചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും വേണ്ടത് ഈ മലയാളി പ്രതിഭയെ; രാജസ്ഥാനും പിടിച്ചു നിര്‍ത്താന്‍ അവസാന ശ്രമത്തില്‍; അതിനിടെ നോട്ടമിട്ടത് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്ററും! തിരുവനന്തപുരത്തെ കീഴടക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയില്‍; ഫ്രാഞ്ചൈസി മാറ്റ ചര്‍ച്ചകള്‍ക്കിടെ സഞ്ജുവിന്റെ ഗാരേജില്‍ പുതിയ അതിഥി
തിരുവനന്തപുരം: ഐപിഎല്ലില്‍ സഞ്ജുവിനെ ആരു സ്വന്തമാക്കും? രാജസ്ഥാന്‍ റോല്‍സില്‍ സഞ്ജു തുടരുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും അടക്കം സഞ്ജുവിനെ നോട്ടമിടുന്നു. അതിനിടെ നോട്ടമിട്ടതില്‍ ഒന്ന് സഞ്ജു സ്വന്തമാക്കി കഴിഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തില്‍ സഞ്ജു സാംസണ്‍ എത്തിയത് 4 കോടിയോളം രൂപയുടെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയില്‍. 20 രാജ്യാന്തര മല്‍സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം, ടി20 രാജ്യാന്തര മല്‍സരങ്ങളില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ടി20 രാജ്യാന്തര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം...ഇങ്ങനെ നിരവധി റെക്കോഡുകളുടെ തോഴനാണ് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാര്‍ സഞ്ജു സാംസണ്‍. തഴയപ്പെട്ടിട്ടും ഉയര്‍ത്തെഴുനേല്‍ക്കുന്ന സഞ്ജുവിന്റെ ക്രിക്കറ്റ് പ്രതിഭയില്‍ രണ്ടഭിപ്രായത്തിന് വകയില്ല എന്നതാണ് വാസ്തവം. എന്നാല്‍ ക്രിക്കറ്റിനപ്പുറം സംരംഭകത്വ മികവ് പുലര്‍ത്തുന്ന, മികച്ച ബ്രാന്‍ഡ് മൂല്യമുള്ള താരം കൂടിയാണ് ഇന്ന് സഞ്ജു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 82 കോടി രൂപയാണ് സഞ്ജുവിന്റെ ആസ്തി. ഐപിഎല്‍ 2025 സീസണില്‍ 18 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനായി മുടക്കിയത്. ഇതിലേറെ അടുത്ത സീസണില്‍ ആര് നല്‍കുമെന്നതാണ് ഉയരുന്ന ചോദ്യം.
കാറുകളോടില്ല സഞ്ജുവിന്റെ കമ്പം മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. റേഞ്ച് റോവര്‍ സ്പോര്‍ട്, ബിഎംഡബ്ല്യു 5 സീരീസ്, ഓഡി 6, മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് തുടങ്ങിയ ആഡംബര കാറുകള്‍ സ്വന്തമായുള്ള താരം അടുത്തിടെയാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം, 650 വാട്ടിന്റെ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, മുന്‍സീറ്റുകളില്‍ ചൂടും തണുപ്പും ക്രമീകരിക്കാവുന്ന വെന്റിലേഷന്‍ സൗകര്യം എന്നിവയുള്ള വാഹനത്തിന്റെ ടോപ് എന്‍ഡ് മോഡലിന് 3.26 കോടിയാണ് വില. നിരത്തില്‍ ഇറങ്ങുമ്പോള്‍ നാല് കോടിയോളം തുക കിട്ടും. മോഹന്‍ലാലും റേഞ്ച് റോവറിലാണ് യാത്ര ചെയ്യുന്നത്. സമാനമായി ക്രിക്കറ്റിലെ കേരളത്തിലെ രാജകുമാരനും റേഞ്ച് റോവറിന്റെ പുതിയ വെര്‍ഷനിലേക്ക് മാറുന്നു. മുമ്പും സഞ്ജു റേഞ്ച് റോവര്‍ മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനിടെ ഐപിഎല്ലില്‍ ടീം മാറ്റ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ സഞ്ജുവിന്‍ന്റെ പ്രകടനം മോശമായില്ല. പുത്തന്‍ കാറിലെത്തി അടിപൊളി ഇന്നിംഗ്‌സിലൂടെ തിരുവനന്തപുരത്തെ താരമായി സഞ്ജു. 36 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെ ടീം വിജയിച്ചു. അതേസമയം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച് . രജനീകാന്ത് ആരാധകന്‍ കൂടിയായ സഞ്ജുവിന്റെ ബാറ്റിംഗ് വീഡിയോക്ക് പശ്ചാത്തലമായി രജനിയുടെ പുതിയ സിനിയ കൂലിയിലെ സൂപ്പര്‍ ഹിറ്റ് ഗാനവും രാജസ്ഥാന്‍ ചേര്‍ത്തിട്ടുണ്ട്. പവര്‍ഹൗസ് എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. സഞ്ജുവിനെ രാജസ്ഥാനില്‍ നിലനിര്‍ത്താന്‍ അവരിപ്പോഴും താല്‍പ്പര്യപ്പെടുന്നുവെന്നതിന് തെളിവാണ് ഇത്.
'ഞങ്ങള്‍ രാജസ്ഥാന്റെ ആരാധകരായി തുടരുന്നത് ഞങ്ങളുടെ ചെക്കന്‍ അവിടെയുള്ളതുകൊണ്ടാണ്. അവന്‍ എപ്പോള്‍ ടീം മാറുന്നോ, അപ്പോള്‍ ഞങ്ങളും മാറും' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ടീമിന്റെ 52 ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ 20 ലക്ഷവും സഞ്ജു ടീം വിടുന്നതോടെ കുറയുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. അതിനിടെ സഞ്ജു അടുത്ത ഐപിഎല്‍ സീസണില്‍ എവിടെ കളിക്കുമെന്നത് ഇനിയും വ്യക്തമല്ല. കൊല്‍ക്കത്തയില്‍ കളിക്കാന്‍ സാധ്യത ഏറെയാണെന്നാണ് പ്രവചനം. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തിലാണ് സഞ്ജു ഈ മിന്നും പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ സഞ്ജു നയിച്ച കെസിഎ സെക്രട്ടറി ഇലവന്‍, സച്ചിന്‍ ബേബി നയിച്ച കെസിഎ പ്രസിഡന്റ് ഇലവനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. 36 പന്തില്‍ 54 റണ്‍സ് നേടിയ സഞ്ജു ഒരു മികച്ച ക്യാച്ചെടുത്ത് ഫീല്‍ഡിംഗിലും തിളങ്ങിയിരുന്നു.രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള താല്‍പ്പര്യം സഞ്ജു സാംസണ്‍ ഔദ്യോഗികമായി മാനേജ്മെന്റിനെ അറിയിച്ചതായി പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനാണ് സഞ്ജുവിന് താല്‍പ്പര്യം.
എന്നാല്‍, സഞ്ജുവിന് പകരമായി ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെയോ രവീന്ദ്ര ജഡേജയെയോ വിട്ടുനല്‍കണമെന്ന രാജസ്ഥാന്റെ ആവശ്യം ചെന്നൈ നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി സൂചനകളുണ്ട്. അതുകൊണ്ട് തന്നെ കെസിഎല്ലിലെ പ്രകടനം സഞ്ജുവിന് നിര്‍ണ്ണായകമാകും. ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീമിലും സഞ്ജു എത്താനുള്ള സാധ്യത ഏറെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്കാണ് ആദ്യമായി സഞ്ജു സാംസണ്‍ ഐപിഎല്ലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്നത്, 2009ല്‍. എന്നാല്‍ ഭാഗ്യം കാത്തിരുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ രൂപത്തിലായിരുന്നു. 2013ലാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കാന്‍ സഞ്ജു കരാറൊപ്പിടുന്നത്. രണ്ടാം മല്‍സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടി, ഐപിഎല്ലില്‍ അര്‍ദ്ധശതകം നേടുന്ന അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റോക്കാഡും നേടി. ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങി നില്‍ക്കുകയാണ് സഞ്ജു. 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ നേതൃത്വത്തില്‍ ആദ്യ ഒമ്പത് മല്‍സരങ്ങളില്‍ എട്ട് മല്‍സരങ്ങളും വിജയിച്ച് മിന്നും പ്രകടനം നടത്തി. 16 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധശതകങ്ങളുടെ ബലത്തില്‍ 531 റണ്‍സാണ് സഞ്ജു നേടിയത്.
2013ല്‍ രാജസ്ഥാന്‍ റോയല്‍സ് 10 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണുമായി കരാറൊപ്പിട്ടത്. 2014 സീസണെത്തിയപ്പോഴേക്കും 10 ലക്ഷം രൂപയെന്നത് നാല് കോടി രൂപയായി കുതിച്ചുയര്‍ന്നു. എന്നാല്‍ 2015ല്‍ കുതിപ്പുണ്ടായില്ല. നാല് കോടി രൂപ തന്നെയായിരുന്നു താരത്തിന്റെ ഐപിഎല്‍ പ്രതിഫലം. വിലക്കിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് 2018ലാണ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്. അന്നവര്‍ 8 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ ടീമിനൊപ്പം നിലനിര്‍ത്തിയത്. 2021 വരെ എട്ട് കോടി രൂപ തന്നെയായിരുന്നു സഞ്ജുവിന്റെ ഐപിഎല്‍ പ്രതിഫലം. 2022 ഐപിഎല്‍ സീസണെത്തിയപ്പോഴേക്കും മലയാളി സൂപ്പര്‍ താരത്തിന്റെ പ്രതിഫലം 14 കോടി രൂപയായി കുതിച്ചുയര്‍ന്നു. സീസണില്‍ സഞ്ജു നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തുകയും ചെയ്തു. 2023 സീസണിലും പ്രതിഫലത്തുക 14 കോടി തന്നെയായിരുന്നു. 2025ല്‍ സഞ്ജുവിനെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ബിസിസിഐയുടെ ഗ്രേഡ് സി കോണ്‍ട്രാക്റ്റിലുള്ള സഞ്ജുവിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്.
എസ് ജി ക്രിക്കറ്റ്, കൂക്കബുറ, എംആര്‍എഫ്, ഹീല്‍, കേരള ബ്ലാസ്റ്റേഴ്സ്, ഗില്ലറ്റ് ഇന്ത്യ, ഭാരത് പേ ആപ്പ്, തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും സഞ്ജു എത്തി. ഒരു പരസ്യചിത്രത്തിന് ശരാശരി 25 ലക്ഷം രൂപയാണ് സഞ്ജു വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഡംബര കാറുകളോടും പ്രത്യേക താല്‍പ്പര്യമുണ്ട് സഞ്ജുവിന്. 55 ലക്ഷം രൂപയുടെ ലക്സസ് ഇഎസ് 300എച്ച്, 27 ലക്ഷം രൂപയുടെ മിറ്റ്സുബിഷി പജേറോ സ്പോര്‍ട്സ്, 91 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍ സ്പോര്‍ട്സ്, 62 ലക്ഷം രൂപയുടെ ഔഡി എ6 തുടങ്ങി നിരവധി പ്രീമിയം വാഹനങ്ങള്‍ സഞ്ജു സാംസണിന്റെ വാഹന ശേഖരത്തിലുണ്ട്.