എത്ര 'തള്ളി'യാലും ട്രംപ് 'തള്ള്' നിര്‍ത്തില്ല; മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്‍സും ഒരുടീമായി പ്രവര്‍ത്തിച്ചാണ് ആണവപോരില്‍ നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്‌സ് ന്യൂസിനോട്
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചത് താനെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചത് താനെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനത്തിന് ശേഷം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വച്ച് ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായുള്ള അമേരിക്കയുടെ വാണിജ്യ കരാര്‍, ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ എന്നിങ്ങനെ അദ്ഭുതകരമായ ഒരാഴ്ചയല്ലേ കടന്നുപോയതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.
' ആണവ യുദ്ധത്തിന് സാധ്യത നിറഞ്ഞ ഒരു ഹ്രസ്വകാലം ഇതിനുമുമ്പൊരിക്കലും ഉണ്ടായതായി ഞാന്‍ കരുതുന്നില്ല. ഇന്ത്യക്കും പാക്കിസ്ഥാനും നല്ല നേതാക്കളുണ്ട്, ഇരുവരെയും എനിക്ക് നന്നായി അറിയാം. അതെ, അതുവളരെ പ്രധാനപ്പെട്ട പ്രക്രിയയായിരുന്നു. ഞങ്ങള്‍ ഇന്ത്യയുടെയുടെയും പാക്കിസ്ഥാന്റെയും കാര്യത്തില്‍ ഇടപെട്ടു. അവിടെ സംഭവിച്ചുകൊണ്ടിരുന്നത് എനിക്ക് ഇഷ്ടമുളള കാര്യമായിരുന്നില്ല. വളരെയധികം ആണവായുധ ശേഖരമുള്ള രണ്ട് ആണവ രാജ്യങ്ങള്‍. വളരെ ഗൗരവമേറിയ സംഭവം. അതുസംഭവിച്ചാല്‍ ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുമായിരുന്നു. അതുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടണ്ടതായി വന്നു.
ഞാന്‍ വെടിനിര്‍ത്തലിനായി നല്ല രീതിയില്‍ പ്രയത്‌നിച്ചു. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സും നന്നായി പരിശ്രമിച്ചു. ഞങ്ങള്‍ ഒരുടീമായി പ്രവര്‍ത്തിച്ചു. സമാധാനം പുന: സ്ഥാപിക്കുന്നതില്‍ ഇരു രാജ്യങ്ങളെയും വഴിക്കുകൊണ്ടുവരുന്നതിനായി ബോധ്യപ്പെടുത്താന്‍ എനിക്ക് സാധിച്ചു. നമുക്ക് വ്യാപാര കരാറുകള്‍ ഉണ്ടാക്കാമെന്ന് ഇരുകൂട്ടരോടും പറഞ്ഞു. ആണവായുധങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം വ്യാപാര കരാറുകള്‍ സൃഷ്ടിക്കാനാണ്'- ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നും ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായുള്ള സൗദി സന്ദര്‍ശനത്തിനിടയും ട്രംപ് ആവര്‍ത്തിച്ചരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് അവകാശവാദം ട്രംപ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറാണ് വെട്ടിലായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സംഘര്‍ഷം തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക കൂടുതല്‍ വ്യാപാരം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയക്ക് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു ട്രംപിന്റെ ആദ്യ പരാമര്‍ശം. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണെന്നും ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രമാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്റെയും തുടര്‍ന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കള്‍ തമ്മില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളില്‍ ഒന്നിലും വ്യാപാര വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുകയാണ്. തിങ്കളാഴ്ച രാത്രി എട്ടിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതിനു തൊട്ടുമുന്നേ, തന്റെ ഇടപെടലിലൂടെയാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.