1995ല്‍ ചൂളിയാട്ട് നിന്ന് ലീഗ് സ്ഥാനാര്‍ഥി ജയിച്ചു; കഴിഞ്ഞ തവണ രണ്ടാം വാര്‍ഡില്‍ 51 വോട്ടിന്റെ കോണ്‍ഗ്രസ് ജയം; പാര്‍ട്ടി ഗ്രാമത്തിലേക്ക് കടന്നു കയറാനുള്ള കോണ്‍ഗ്രസ് ശ്രമത്തെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് തടയാന്‍ സിപിഎം; മലപ്പട്ടത്തെ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം പടരുന്നു; തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് അടിച്ചു തകര്‍ത്തു; വാഹനങ്ങള്‍ നശിപ്പിച്ചു; തദ്ദേശം സംഘര്‍ഷഭരിതമാകുമോ?

Update: 2025-05-16 04:05 GMT

കണ്ണൂര്‍ : മലപ്പട്ടത്തെ കോണ്‍ഗ്രസ്-സി,പി.എം സംഘര്‍ഷം തളിപ്പറമ്പിലേക്കും പടരുന്നു. തളിപ്പറമ്പിലെകോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ അക്രമം നടന്നു. വീടിന്റെ പോര്‍ച്ചിലുണ്ടായിരുന്ന കാറും സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇര്‍ഷാദിന്റെ പിതാവ് കെ.സി.മുസ്തഫയുടെ കെ.എല്‍-59-3230 നമ്പര്‍ കാര്‍, കെ.എല്‍-59 പി-4710 സ്‌കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ഗ്ലാസുകളും അക്രമിസംഘം തകര്‍ത്തു. തളിപറമ്പ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇര്‍ഷാദിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അക്രമം ഒഴിവാക്കുന്നതിനായി പ്രദേശത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് മേഖലയില്‍ കാണുന്നത്. ഇത് പോലീസിനേയും ആശങ്കയിലാക്കുന്നുണ്ട്.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ മാത്രമാണ് മലപ്പട്ടത്തുള്ളത്. ഇവിടെ കോണ്‍ഗ്രസ് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷമായി മാറുന്നത്. കൊളന്ത, അടൂര്‍, അടുവാപുറം നോര്‍ത്ത്, അടുവാപുറം സൗത്ത്, കരിമ്പീല്‍, തലക്കോട് ഈസ്റ്റ്, തലക്കോട് വെസ്റ്റ്, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, മലപ്പട്ടം സെന്റര്‍, പൂക്കണ്ടം, കൊവുന്തല. കണ്ണൂരിലെ പാര്‍ട്ടി ചെങ്കോട്ടയായ മലപ്പട്ടം ഗ്രാമ പഞ്ചായത്തില്‍ ആകെ ഉള്ളത് 13 വാര്‍ഡുകള്‍. പഞ്ചായത്ത് രൂപീകരണം മുതല്‍ സിപിഎം മൃഗീയ ആധിപത്യം പുലര്‍ത്തുന്ന പഞ്ചായത്താണ് മലപ്പട്ടം പഞ്ചായത്ത് രൂപീകരിച്ച ശേഷം സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും പഞ്ചായത്തില്‍ ഭരണം നടത്തിയില്ല. സിപിഎമ്മിനെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുക എന്നത് എതിരാളികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അവസ്ഥ നിലനിന്ന രാഷ്ട്രീയ ആധിപത്യമായിരുന്നു മലപ്പട്ടത്ത് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ആരെങ്കിലും സിപിഎമ്മിനെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയാല്‍ ദിവസങ്ങള്‍ക്കകം അത് പിന്‍വലിക്കേണ്ടി വന്നിരുന്നു. വോട്ടെടുപ്പിന് മുന്‍പേ എതിരാളികളില്ലാതെ സിപിഎം സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ ജയം ആയിരുന്നു മലപ്പട്ടത്ത്.

1995ല്‍ ചൂളിയാട്ട് നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ജയിച്ചത് സിപിഎമ്മിന് അഭിമാന പ്രശ്‌നമായി. അടുത്ത വാര്‍ഡ് വിഭജന സമയത്ത് ചൂളിയാട്ടിലെ യുഡിഎഫ് വോട്ടുകള്‍ പല വാര്‍ഡുകളില്‍ ആയി ചിന്നി ചിതറി. ഇതും സിപിഎം കരുതലയാരുന്നു. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ ആയ ശേഷം മലപ്പട്ടത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു ജനാധിപത്യ സംരക്ഷണ ജാഥ നടന്നിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസിനായി. മലപ്പട്ടത്തെ രണ്ടാം വാര്‍ഡ് ആയ അടൂരില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ മേലേക്കടവത്ത് ജയിച്ചത് 51 വോട്ടിനായിരുന്നു. മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി കോട്ട ഭദ്രമാക്കാനുള്ള ഒരുക്കങ്ങളാണ് സംഘര്‍ഷത്തിലൂടെ സിപിഎം നടത്തുന്നത് എന്നാണ് യുഡിഎഫ് ആരോപണം. കോണ്‍ഗ്രസ് നേടുന്ന ജനപ്രീതിയില്‍ ആശങ്ക പൂണ്ടാണ് സിപിഎം അക്രമങ്ങള്‍ക്ക് മുതിരുന്നതെന്നും യുഡിഎഫ് പറയുന്നു. എന്നാല്‍ തങ്ങളുടെ ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ അടക്കം കോണ്‍ഗ്രസ് അക്രമം നടത്തി എന്ന് സിപിഎം ആരോപിക്കുന്നു.

തല്ലുകിട്ടി ഹീറോയാകാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മലപ്പട്ടത്ത് നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആരോപിക്കുന്നു. അതേസമയം, സിപിഎം അക്രമത്തിലും ഗാന്ധി സ്തൂപം തകര്‍ത്തതിലും പ്രതിഷേധിച്ച് 21ന് കലക്ടറേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. മലപ്പട്ടത്ത് ഗാന്ധി സ്തൂപം സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ''അതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തിയത്. ഗാന്ധി സ്തൂപം പോലും സിപിഎം വെറുതെ വിടുന്നില്ല. സ്തൂപം തകര്‍ത്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. സ്തൂപം തകര്‍ക്കുമ്പോള്‍ പൊലീസ് നോക്കി നിന്നു. അക്രമികള്‍ക്ക് പൊലീസ് ഒത്താശ ചെയ്തു. വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളാണ് അക്രമം അഴിച്ചുവിട്ടത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പടെ അക്രമത്തിന് ഗൂഢാലോചന നടത്തി. യൂത്ത് കോണ്‍ഗ്രസ് പരിപാടി നടത്തുന്ന സ്ഥലത്ത് അനധികൃതമായി സംഘം ചേര്‍ന്ന സിപിഎം പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തില്ല. മലപ്പട്ടം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി പുറത്ത് കൊണ്ടുവന്നതിനാലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ഗാന്ധി നിന്ദയ്‌ക്കെതിരെ ഈ മാസം 21ന് ഡിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ഉപവസിക്കും'' മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥയ്ക്കിടെയാമ് മലപ്പട്ടത്ത് സംഘര്‍ഷം തുടങ്ങിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നിലായിരുന്നു ഇത്. പൊലീസ് സംഭവസ്ഥലത്ത് എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സംഘര്‍ഷം ഉണ്ടായി. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണന്‍ സ്മാരക മന്ദിരത്തിന് മുന്നിലാണ് ഇരു വിഭാഗവും സംഘടിച്ചത്. തങ്ങള്‍ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സിപി.എം പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Similar News