ഭീകരതയെ പിന്തുണക്കുന്ന പാക്കിസ്ഥാനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രധാന ചുമതല തരൂരിനോ? വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തിലെ പ്രധാന മുഖമായി കോണ്‍ഗ്രസ് എംപിയെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന; ഓപ്പറേഷന്‍ സിന്ദൂരില്‍ ഇനി നയതന്ത്ര ഇടപെടല്‍; ക്ഷണമെത്തിയാല്‍ തരൂര്‍ സ്വീകരിക്കുമോ?
ന്യൂഡല്‍ഹി: ഭീകരതയെ പിന്തുണക്കുന്ന പാക്കിസ്ഥാനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നയതന്ത്ര ഇടപെടല്‍ പദ്ധതിയില്‍ ശശി തരൂരിന് മുഖ്യ ചുമതല ലഭിക്കുമെന്ന് സൂചന. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധി സംഘത്തെ നയിക്കാന്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ നിയോഗിക്കാനാണ് കേന്ദ്ര ആലോചന. അഞ്ച് മുതല്‍ ആറ് വരെ പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങുന്ന ഒന്നിലധികം പ്രതിനിധി സംഘങ്ങളെയാണ് ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 22 ന് ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന സംഘം ജൂണ്‍ ആദ്യത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ വിദേശകാര്യത്തിനായുള്ള പാര്‍ലമെന്ററീ സമിതിയുടെ അധ്യക്ഷനാണ് തരൂര്‍. ഇതുകൊണ്ട് കൂടിയാണ് തരൂരിനെ മുന്നില്‍ നിര്‍ത്താനുള്ള നീക്കം. ഐക്യരാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന തരൂരിന് മിക്ക രാജ്യങ്ങളുമായി വ്യക്തിപരമായി നയതന്ത്ര സൗഹൃദങ്ങളുണ്ട്. ഇത് കൂടി അനുകൂലമായി ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. നിലവില്‍ ഇത്തരമൊരു കാര്യം ശശി തരൂരുമായി കേന്ദ്രം ചര്‍ച്ച ചെയ്തിട്ടില്ല. ക്ഷണമെത്തിയാല്‍ തരൂര്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം.
ഓപ്പറേഷന്‍ സിന്ദൂരിന് പരസ്യമായി പിന്തുണ നല്‍കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ മോദി ഈ യാത്രയുടെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നത്. ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂര്‍ അവകാശപ്പെട്ടിരുന്നു. ദേശീയ ഐക്യം നിര്‍ണായകമായ ഒരു ഘട്ടത്തില്‍ പ്രകടിപ്പിച്ച തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്ന് ശശി തരൂര്‍ പറഞ്ഞു. 'നമ്മുടെ രാജ്യത്തിന് വേണ്ടി അണിനിരക്കേണ്ടത് വളരെ പ്രധാനമായിരുന്ന ഒരു സമയത്ത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ് ഞാന്‍ പ്രകടിപ്പിച്ചത്. പ്രത്യേകിച്ചും യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നമ്മുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായ സമയത്ത്.' ശശി തരൂര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണയുണ്ടാക്കാന്‍ അമേരിക്ക ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിനെ ശക്തമായി പിന്തുണച്ചാണ് ശശിതരൂര്‍ പ്രതികരിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ നിരവധി നേതാക്കള്‍ ഈ കാര്യം ചൂണ്ടിക്കാട്ടി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി നിര്‍ണായക അവസരങ്ങളില്‍ പാര്‍ടി വിരുദ്ധ നിലപാടുകള്‍ പാടില്ലെന്ന് തരൂരിനെ കോണ്‍ഗ്രസിനെ താക്കീത് ചെയ്തുവെന്നും റിപ്പോര്‍ട്ട് വന്നു. എന്നാല്‍ താക്കീത് വാര്‍ത്ത തരൂര്‍ നിഷേധിച്ചു. തന്റെ പ്രതികരണങ്ങളെ തെറ്റായി വ്യാഖാനിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളാണിതെന്ന് തരൂര്‍ പ്രതികരിച്ചു. 'തരൂര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറയാറുള്ളത്, പാര്‍ടി നിലപാടല്ല'- എന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാംരമേശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലും ബിജെപി നേതാക്കള്‍ തരൂരിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതേ സമയം ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ഒരു യോഗം നടന്നത്. ശശി തരൂരും ഈ യോഗത്തില്‍ പങ്കെടുത്തു. ഈ സമയത്ത് ശശി തരൂരിന്റെ പ്രസ്താവന ലക്ഷ്മണരേഖയെ മറികടക്കുന്നതാണെന്ന് പാര്‍ട്ടി വിശേഷിപ്പിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തരൂരിനോട് ചോദിച്ചപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും എന്റെ മുന്നില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.
'യുദ്ധം നടന്ന സാഹചര്യത്തില്‍ ഞങ്ങള്‍ എല്ലാവരും കേന്ദ്ര സര്‍ക്കാരിനൊപ്പവും സൈനികര്‍ക്കൊപ്പവുമാണ് നിന്നത്. അതിന്റെ അടിസ്ഥാനത്തില്‍ മാദ്ധ്യമങ്ങള്‍ എന്നോട് ചോദിച്ച കാര്യങ്ങള്‍ക്ക് ഞാന്‍ വ്യക്തിപരമായി അഭിപ്രായം പറഞ്ഞു. ഞാന്‍ പാര്‍ട്ടിക്കുവേണ്ടി സംസാരിച്ചിട്ടില്ല. ഞാന്‍ പാര്‍ട്ടിയുടെ വക്താവുമല്ല. വിദേശകാര്യങ്ങളില്‍ എനിക്കറിയാവുന്ന കാര്യമാണ് പറഞ്ഞിട്ടുളളത്. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ടോ അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല.യുദ്ധത്തിന്റെ സമയം എല്ലാവരും സര്‍ക്കാരിനൊപ്പം നില്‍ക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ നേതൃത്വത്തിനോടാണ് ചോദിക്കേണ്ടത്. ഞാന്‍ പറയുന്നതൊക്കെ വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാന്‍ സത്യസന്ധമായാണ് സംസാരിക്കുന്നത്'- ശശി തരൂര്‍ വ്യക്തമാക്കി.
1971ല്‍ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയില്ലെന്ന കോണ്‍ഗ്രസ് പ്രചാരണത്തില്‍ ശശി തരൂര്‍ മറുപടി പറഞ്ഞതും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും രണ്ടും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് അമേരിക്കയുടെ ഇടപെടലുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് 1971ലെ കാര്യം ചൂണ്ടികാട്ടി കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്.