റോഡില്‍ വിള്ളലുണ്ടായ കാര്യം നേരത്തെ അറിയിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ല; നിര്‍മാണത്തില്‍ പാളിച്ചയെന്ന് ആക്ഷേപം; ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ വാഹനം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം; കാലവര്‍ഷം അടുത്തതോടെ ദേശീയപാതയോട് അടുത്ത് ജീവിക്കാനും യാത്ര ചെയ്യാനും ഭയമെന്ന് പ്രദേശവാസികള്‍
മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ വാഹനം തടഞ്ഞിട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വയല്‍ നികത്തി നിര്‍മിച്ച സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ആറുവരിപ്പാതയുടെ ഒരു ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സര്‍വീസ് റോഡില്‍ വലിയ വിള്ളലുകളുണ്ട്.
ദേശീയപാതയില്‍ ഏകദേശം 600 മീറ്റര്‍ റോഡ് ആണ് കൂരിയാട് തകര്‍ന്നത്. അപകടത്തില്‍ സര്‍വീസ് റോഡും ദേശീയപാതയുടെ ഭിത്തിയും തകര്‍ന്നു. റോഡില്‍ വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും കുഴിയില്‍പ്പെട്ടു.
അപകടമുണ്ടായി മണിക്കൂറുകള്‍ ആയിട്ടും ദേശീയപാത അധികൃതര്‍ സംഭവസ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിന് വഴിയൊരുക്കി. നിര്‍മാണത്തിലെ പാളിച്ച നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് സ്ഥലം എംഎല്‍എ അബ്ദുല്‍ ഹമീദ് പറഞ്ഞു. എന്നാല്‍ എംഎല്‍എയും എംപിയും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അപകടസ്ഥലത്ത് നിന്നുമാറാന്‍ പ്രദേശവാസികളോട് പറഞ്ഞെങ്കിലും വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. റോഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് യാത്രക്കാര്‍ പറയുന്നത്. കാലവര്‍ഷം അടുത്തിരിക്കെ ദേശീപാതയോട് അടുത്ത് ജീവിക്കാനും യാത്ര ചെയ്യാനും ഭയമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. സംസ്ഥാനമൊട്ടാകെ ദേശീയപാത നിര്‍മാണം നടക്കവെ ഉണ്ടായ അപകടത്തില്‍ നിന്നും സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ല.
സര്‍വീസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകളും അപകടത്തില്‍ പെട്ടു. യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും ഉള്‍പ്പെടെ പതിച്ചു. ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്.
കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ദേശീയ പാത നിര്‍മ്മാണത്തിനിടെ കുറ്റിപ്പുറം ബംഗ്ലാംകുന്ന് പ്രദേശത്തെ ഏഴോളം വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചത് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ 2 വീടുകള്‍ പൂര്‍ണമായും താമസയോഗ്യമല്ലാത്ത രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്രദേശത്ത് മീറ്ററുകളോളം താഴ്ചയില്‍ പുതിയ റോഡ് നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ കോണ്‍ക്രീറ്റ് ബിറ്റ് കുന്നിന്റെ ഉള്‍ഭാഗത്തേക്ക് അടിച്ചു കയറ്റിയതോടെയാണ് മുകളിലത്തെ വീടുകള്‍ക്ക് വലിയ തോതിലുള്ള വിള്ളലുകള്‍ സംഭവിച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിച്ചത്.