ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം; ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ചുള്ളതാണ് കത്ത്. ഭരണഘടനാ അസംബ്ലി ചര്‍ച്ചകളും തീരുമാനങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം.
കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നല്‍കിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ദേശീയചിഹ്നങ്ങളും പതാകയുമല്ലാതെ മറ്റൊനും ഉപയോഗികില്ലെന്ന് ഗവര്‍ണര്‍ ഉറപ്പാക്കണം.
ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവന് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ എതിര്‍പ്പറിയിച്ച് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവന്‍കുട്ടിക്കെതിരേ ഗവര്‍ണര്‍ കത്തയച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്.
ഔദ്യോഗിക പരിപാടികളില്‍ അനൗദ്യോഗിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ ഭരണഘടനാ വിരുദ്ധമായ ചിഹ്നങ്ങളോ ബിംബങ്ങളോ ഉപയോഗിക്കുന്നത് ശരിയല്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രിയുടെ വീഴ്ചകളും ഭാരതാംബയുടെ മഹത്വവും ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിക്കു നല്‍കിയത്. മന്ത്രിയുടെ ബഹിഷ്കരണം പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു.
ഭരണഘടനാ തലവനെ മന്ത്രി അപമാനിച്ചുവെന്നും ഭാരതാംബ എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയം അല്ലെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ക്രമസമാധാനപ്രശ്നം ആയതു കൊണ്ടാണ് കത്തയയ്ക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാഷ്ട്രപതിക്ക് അയയ്ക്കുന്ന റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഭാരതാംബ വിഷയം ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ജൂണ്‍ 26ന് ഭാരത് സൗട്സ് ആന്‍ഡ് ഗൈഡ്സ് പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിളക്കു തെളിക്കുന്നതും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും എല്ലാവരും കൃത്യസമയത്ത് എത്തണമെന്നും അറിയിച്ചു. പങ്കെടുക്കുന്നവര്‍ നേരത്തേ എത്തി പരിപാടി അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ ഗവര്‍ണറുടെ അനുമതിയോടു കൂടിയോ മാത്രം പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ വിദ്യാഭ്യാസമന്ത്രി വൈകിയാണ് എത്തിയത്. പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ എഴുതിത്തയാറാക്കിയ സന്ദേശം വായിച്ച ശേഷം ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിച്ചു.
ഭാരതാംബയുടെ ചിത്രത്തെക്കുറിച്ച് അറിവില്ലെന്ന് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. രാജ്ഭവന് രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫിസാക്കാന്‍ പറ്റില്ലെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഗവര്‍ണറോടു ഖേദം പ്രകടിപ്പിച്ച ശേഷം മന്ത്രി ഇറങ്ങിപ്പോയി. ഇത് പ്രോട്ടോക്കോ ലംഘനവും ഭരണത്തലവനോടുള്ള അനാദരവുമായി കണക്കാക്കാവുന്നതാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. രാജ്ഭവന് രാഷ്ട്രീയനിറം നല്കാന് താങ്കളുടെ മന്ത്രിസഭയിലുള്ളവര്‍ ശ്രമിക്കുന്നത് അംഗീകാരിക്കാന്‍ കഴിയില്ല. ഭാരതാംബയുടെ ചിത്രത്തെ അപമാനിക്കുന്ന നിലപാടാണ് വിദ്യാഭ്യാസമന്ത്രി സ്വീകരിച്ചത്. ഭാരതാംബ എന്ന ആശയം ഏതെങ്കിലും രാഷ്ട്രീയ, സാമുദായിക സംഘടന വികസിപ്പിച്ചതല്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യത്തിന്റെയും പ്രത്യാശയുടെയും ചിന്തയില്‍നിന്ന് ഉടലെടുത്തതാണ്. മദ്രാസ് ഹൈക്കോടതി ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1950 ജനുവരി 24ന് വന്ദേമാതരം ദേശീയഗാനമായി അംഗീകരിച്ചപ്പോള്‍ ഭാരതാംബയ്ക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. 'ഞാന്‍ അമ്മയെ വാഴ്ത്തുന്നു' എന്നാണ് വന്ദേമാതരത്തിന്റെ അര്‍ഥം. സ്വാതന്ത്ര്യത്തിനും ഏറെ മുന്‍പു തന്നെ ഭാരതാംബ എന്ന ആശയം ഉരുത്തിരിയുകയും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തുടരുകയും ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. കരുത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും പ്രതീകമാണ് ഭാരതാംബയുടെ ചിത്രം. ചടങ്ങില്‍ വച്ചിരുന്ന ചിത്രം വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. സിംഹം കരുത്തിനെയും കാവിക്കൊടി ത്യാഗത്തെയും കിരീടം ദേശീയഐക്യത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു. വിഷയം തെരുവിലേക്ക് വ്യാപിക്കുകയും സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ ബാധിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കത്തെഴുതുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.