ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെട്ട അഭയാര്‍ത്ഥി സംഘം; കുടിയേറ്റക്കാരെ കുത്തിനിറച്ച ഡിങ്കി ബോട്ടിന്റെ കാറ്റൂരിവിട്ട് ഫ്രഞ്ച് പോലീസ്; ഒരു കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം കടുക്കുന്നു

Update: 2025-07-05 11:15 GMT

പാരിസ്: ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരെ തടഞ്ഞ് ഫ്രാന്‍സ്. കുടിയേറ്റക്കാരെ കുത്തിനിറച്ച ഒരു ഡിങ്കി ബോട്ട് ഉദ്യോഗസ്ഥര്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫ്രഞ്ച് പോലീസിന്റെ ഈ നടപടിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അഭിനന്ദിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫ്രാന്‍സും ബ്രിട്ടനും അടുത്തയാഴ്ച ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ വലിയ കത്തികള്‍ ഉപയോഗിച്ച് ഡിങ്കി ബോട്ടുകളുടെ കാറ്റഴിച്ചു വിടുന്നതായി ദൃശ്യങ്ങളില്‍ കാണാം. കുടിയേറ്റക്കാരും അവരുടെ ഒപ്പമുള്ള ചില ചെറിയ കുട്ടികളും പേടിച്ച് നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഫ്രാന്‍സ് ഇപ്പോള്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത്.

ബ്രിട്ടനിലെ ഒരു സര്‍ക്കാരിനും ഫ്രാന്‍സുമായി ഇത്രയും മികച്ച ബന്ധം സ്ഥാപിക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നാണ് ബ്രിട്ടനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചില സന്നദ്ധ സംഘടനകള്‍ കുടിയേറ്റക്കാരെ ഇത്തരത്തില്‍ കൈകാര്യം ചെയ്തത് ശരിയായില്ല എന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ്.


 



കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരോട് ഇത്തരത്തില്‍ പെരുമാറുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ബി.സി സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ തങ്ങളെ അസ്വസ്ഥരാക്കിയതായി പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഇവരിലെ ഒരു കുട്ടി തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യുഎന്‍ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള വ്യവസ്ഥകള്‍ ബ്രിട്ടനും ഫ്രാന്‍സും ലംഘിക്കുന്നതായും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റിട്ടു. എന്നാല്‍ ഡിങ്കി ബോട്ടുകളിലെ വായു കത്തി ഉപയോഗിച്ച്

തുറന്ന് വിടുന്നത് വലിയ തോതിലുള്ള അപകടം ക്ഷണിച്ചു വരുത്തും എന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ മാസം, ഒരു ഡിങ്കി ബോട്ടില്‍ ചാനല്‍ കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് കത്തി ഉപയോഗിച്ച് കുത്തി കാറ്റഴിച്ചു വിടാന്‍ പോലീസുകാര്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

ഇതിനടുത്തായി ലൈഫ് ജാക്കറ്റുകള്‍ ചിതറിക്കിടക്കുന്നതായും കാണാം. ഈ ബോട്ടില്‍ ഉണ്ടായിരുന്നവര്‍ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് അവര്‍ താമസിച്ചിരുന്ന ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 20,000-ത്തിലധികം അഭയാര്‍ത്ഥികള്‍ ചെറിയ ബോട്ടുകള്‍ വഴി ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്, 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനവാണിത്.

Tags:    

Similar News