കൃത്യം 20 വര്‍ഷം മുന്‍പ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലും ഡബിള്‍ ഡെക്കര്‍ ബസിലുമായി പൊട്ടിയത് അനേകം ബോംബുകള്‍; പൊലിഞ്ഞത് 52 ജീവനുകള്‍; 800-ല്‍ ഏറെപ്പേര്‍ക്ക് പരിക്ക്: ഭീകരതയുടെ ഇരകളെ ഓര്‍ത്ത് ബ്രിട്ടീഷ് ജനത
ലണ്ടന്‍: കൃത്യം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ബ്രിട്ടന് ഇന്നും നടുക്കത്തോടെയല്ലാതെ ചിന്തിക്കാന്‍ കഴിയാത്ത 7/7 സംഭവിച്ചത്. ഭീകരതയുടെ കറുത്ത ശക്തികള്‍ അഴിഞ്ഞാടീയപ്പോള്‍ 2005 ജൂലായ് 7 ന് ലണ്ടനിലെ മൂന്ന് ഭൂഗര്‍ഭ ട്രെയിനുകളിലും ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിലുമായി നടന്നത് ഒരു സ്‌ഫോടന പരമ്പരയായിരുന്നു. അന്ന് പൊലിഞ്ഞത് 52 ജീവനുകളായിരുന്നു. മറ്റ് 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മതാന്ധത ബാധിച്ച നാല് ഇസ്ലാമിക ഭീകരരും അതില്‍ കൊല്ലപ്പെട്ടു. ബ്രിട്ടന്റെ മനസ്സാക്ഷിയെ നടുക്കിയ ഭീകരതയുടെ ഓര്‍മ്മ പുതുക്കാന്‍ ഇരകളുടെ കുടുംബങ്ങള്‍ ഹൈഡ് പാര്‍ക്കില്‍ ഒത്തു ചേര്‍ന്നപ്പോള്‍ വില്യം രാജകുമാരനും അവര്‍ക്കൊപ്പം ചേര്‍ന്നു.
ഇന്നലെ ഉച്ചക്ക് ആയിരുന്നു ഹൈഡ് പാര്‍ക്കില്‍, 7/7 ഇരകള്‍ക്കായുള്ള പ്രാര്‍ത്ഥനാ ചടങ്ങുകളും അനുസ്മരണവും നടന്നത്. ഏകദേശം അഞ്ഞൂറോളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങുകള്‍ തുടങ്ങാന്‍ വൈകിയതോടെ രാജകുമാരന്‍, അന്ന് സ്‌ഫോടനത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരുമായി സുഹൃദ് സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ലണ്ടന്‍ ബോംബിംഗ് റിലീഫ് ചാരിറ്റബിള്‍ഫണ്ട് ചെയര്‍മാന്‍ ജെറാള്‍ഡ് ഓപ്പെന്‍ഹീമുമായും രാജകുമാരന്‍ സംസാരിച്ചു. ഇരകളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ഒരു മണിക്കൂറോളം ചെലവഴിച്ച രാജകുമാരന്‍ പിന്നീട് അവര്‍ക്കൊപ്പം ഫോട്ടോകള്‍ക്കും പോസ് ചെയ്തതിനു ശേഷമാണ് തിരികെ മടങ്ങിയത്.
മരണമടഞ്ഞവരെ ഓര്‍മ്മിപ്പിക്കുന്ന 52 ഉരുക്ക് സ്തംഭങ്ങള്‍ അടങ്ങിയ സ്മാരകത്തിനടുത്തെത്തിയ കുടുംബങ്ങള്‍ അതില്‍ ആലേഖനം ചെയ്ത തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ വായിച്ച് ഈറന്‍ കണ്ണുകളോടെ നിശബ്ദ പ്രാര്‍ത്ഥനയുമായി നിന്നു. പലരും സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. തീവ്രവാദാശയങ്ങള്‍ ഉണ്ടാക്കുന്ന തിക്തഫലം ഒരു ജീവിതം മുഴുവന്‍ നീണ്ടു നില്‍ക്കും എന്നതിന്റെ സൂചനയായിരുന്നു അത്. സ്മരകത്തിനടുത്തായി നേരത്തെ പ്രധാനമന്ത്രിയും ലണ്ടന്‍ മേയറും മറ്റ് അധികൃതരും പുഷ്പ ചക്രങ്ങള്‍ അര്‍പ്പിച്ചിരുന്നു. ആദ്യ ബോംബ് പൊട്ടിത്തെറിച്ച 8.50 ന് ആയിരുന്നു സ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ചത്.
സെക്യൂരിറ്റി ഗെയ്റ്റിലെ നീണ്ട ക്യൂ കാരണം 30 മിഒനിറ്റ് വൈകിയാണ് പരിപാടികള്‍ തുടങ്ങിയത്. ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഗോസ്പല്‍ കോയറിലെ അംഗങ്ങളുടെ പ്രാര്‍ത്ഥനാ ഗാനാലാപത്തോടെയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. ചടങ്ങുകള്‍ക്ക് ഓപ്പെന്‍ഹീം നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്ത വെയ്ല്‍സ് രാജകുമാരനും എഡിന്‍ബര്‍ഗ് ഡ്യൂക്കിനും ഡച്ചസിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് മരണമടഞ്ഞവരോടുള്ള ആദര സൂചകമായി എല്ലാവരും ഒരു മിനിറ്റ് നേരത്തേക്ക് നിശബ്ദതയിലാണ്ടു. ചെകുത്താന്റെ വിഢിത്തം നിറഞ്ഞ പ്രവര്‍ത്തനം എന്നായിരുന്നു അനുശോചന സന്ദേശത്തില്‍ ചാള്‍സ് രാജാവ് സ്‌ഫോടന പരമ്പരകളെ വിശേഷിപ്പിച്ചത്.
അതേസമയം, തങ്ങളെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടു എന്നായിരുന്നു പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. രാവിലെ 8.50 സ്മാരകത്തിലെത്തി റീത്തുകല്‍ സമര്‍പ്പിച്ചതിനു ശേഷമായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. പിന്നീട് സെയിന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന നാഷണല്‍ സര്‍വീസ് ഓഫ് കോ മെമ്മൊറേഷനില്‍ രാജാവിനെ പ്രതിനിധീകരിച്ച് എഡിന്‍ബര്‍ഗ് ഡ്യൂക്കും ഡച്ചസും പങ്കെടുത്തു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും രാവിലെ സ്മാരകത്തിലെത്തി റീത്ത് സമര്‍പ്പിച്ചിരുന്നു.
മൊഹമ്മദ് സിദ്ദിഖ് ഖാന്‍ (30, ഷെഹ്‌സാദ് തന്‍വീര്‍ (22), ഹസീബ് ഹുസൈന്‍ (18) എന്നിവര്‍ സ്‌ഫോടനം നടത്തുന്നതിനായി പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ലീഡ്‌സില്‍ നിന്നും ബെഡ്‌ഫോര്‍ഡ്ഷയറിലെ ല്യൂട്ടനിലേക്ക് വാടകയ്ക്ക് എടുത്ത കാറിലായിരുന്നു എത്തിയത്. ഇവരുടെ കൂട്ടാളിയായ 19 കാരന്‍ ജെര്‍മെയ്ന്‍ ലിന്‍ഡ്‌സെ അവിടെ വെച്ചാണ് അവരുടെ കൂട്ടത്തില്‍ ചേര്‍ന്നത്. പിന്നീട് ട്രെയിനിലായിരുന്നു ഇവര്‍ തലസ്ഥാനത്ത് എത്തിയത്. ലണ്ടനില്‍ വെച്ച് അവര്‍ പലവഴിക്ക് പിരിയുകയായിരുന്നു. ഖാന്‍, തന്‍വീര്‍, ലിന്‍ഡ്‌സെ എന്നിവര്‍ ആള്‍ഡ്‌ഗെയ്റ്റ്, എഡ്ഗ്വെയര്‍ റോഡ്, റസ്സല്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ വെച്ച് തിരക്കേറിയ ട്രെയിനുകളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
രാവിലെ 8.50 ന് ആദ്യ സ്‌ഫോടനത്തിനു ശേഷം അടുപ്പിച്ചടുപ്പിച്ചായിരുന്നു മറ്റ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ടവിസ്റ്റോക്ക് സ്‌ക്വയറില്‍ വെച്ച് ഒരു ബസ്സിനകത്തായിരുന്നു ഹുസ്സൈന്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന ഇടങ്ങളിലെ കാഴ്ചകള്‍ അതി ഭീകരമായിരുന്നു എന്നാണ് അന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ പറഞ്ഞത്. ഇത് നടന്ന രണ്ടാഴ്ചക്ക് ശേഷം ജൂലായ് 21 ന് ഭീകരര്‍ ഒരിക്കല്‍ കൂടി ലണ്ടനെ ഞെട്ടിക്കാനൊരുങ്ങി. റംസി മൊഹമ്മദ്, യാസിന്‍ ഒമര്‍, മുക്താര്‍ സെയ്ദ് ഇബ്രാഹിം എന്നിവര്‍ മറ്റൊരു സ്‌ഫോടന പരമ്പരക്കായി എത്തിയെങ്കിലും അവര്‍ സ്‌ഫോടനത്തിനായി തയ്യാറാക്കിയ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇവര്‍ പിന്നീട് പിടീയിലാവുകയും ചെയ്തു.ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണിവര്‍.