ഈസ്റ്റര്‍ ദ്വീപ് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥല; ആയിരങ്ങള്‍ മാത്രം ജനസംഖ്യ; ലോകപ്രശസ്തമായ ശിലാ പ്രതിമകള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടം; ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒന്നിന്റെ കഥ
ഭൂമിശാസ്ത്രപരമായി ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഈസ്റ്റര്‍ ദ്വീപ്. ചിലിയുടെ തീരത്ത് നിന്ന് 2,000 മൈലിലധികം അകലെ, എ.ഡി. 1200-ല്‍ മനുഷ്യര്‍ ആദ്യമായി ഇവിടെ താമസമാക്കി എന്നാണ് കരുതപ്പെടുന്നത്. അക്കാലത്ത് അവര്‍ നിര്‍മ്മിച്ച തലയുടെ രൂപത്തിലുള്ള ശില്‍പ്പങ്ങള്‍ ഇന്നും പലരേയും ആകര്‍ഷിച്ചു കൊണ്ട് നിലനില്‍ക്കുകയാണ്. ചരിത്രത്തില്‍ റാപ്പ നൂയി എന്നറിയപ്പെടുന്ന ഇവിടുത്തെ ആദ്യ താമസക്കാര്‍ വളരെക്കാലമായി പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത് എന്നാണ് അനുമാനിക്കപ്പെടുന്നത്.
എന്നാല്‍ സ്വീഡനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം പൂര്‍ണമായും ശരിയല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. തെക്കന്‍ പസഫിക്കിലെ 63.2 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപ് കഴിഞ്ഞ 800 വര്‍ഷത്തിനിടയില്‍ മുമ്പ് നമ്മള്‍ കരുതിയിരുന്നത് പോലെ ഒറ്റപ്പെട്ടതല്ലായിരുന്നു എന്നാണ്് അവര്‍ പറയുന്നത്. പസഫിക്ക് സമുദ്രത്തിലൂടെ ഇവര്‍ നിരന്തരമായി സഞ്ചാരം നടത്താറുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഈസ്റ്റര്‍ ദ്വീപില്‍ എ.ഡി 1200നും 1250 നും ഇടയിലാണ് ഒരു സംഘം ആളുകള്‍ പോളിനേഷ്യയില്‍ നിന്ന് ഇവിടെയെത്തി താമസമാക്കി എന്നാണ് കരുതപ്പെടുന്നത്. ഇവര്‍ അതിവിദഗ്ധരായ നാവികര്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. വലിയ വള്ളങ്ങള്‍ നിര്‍മ്മിക്കാന്‍ വൈദഗ്ധ്യം നേടിയവരായിരുന്നു ഇവര്‍.
അതേ സമയം വളരെ അകലത്തില്‍ സ്ഥതി ചെയ്തിരുന്നത് കാരണം ഇവര്‍ പസഫിക് മേഖലയില്‍ നിന്ന് സാമൂഹികമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടിരുന്നതായി അനുമാനിക്കപ്പെടുന്നു. എ.ഡി 1250 നും 1500 നും ഇടയില്‍ നിര്‍മ്മിച്ചതായി കണക്കാക്കപ്പെടുന്ന പ്രശസ്തമായ മോയി പ്രതിമകള്‍ ഈസ്ററര്‍ ദ്വീപിന്റെ വലിയൊരു സവിശേഷതയാണ്. അഗ്നിപര്‍വ്വത പാറയില്‍ നിന്ന് കൊത്തിയെടുത്ത വലിയ മനുഷ്യരൂപങ്ങള്‍ അഹു എന്നറിയപ്പെടുന്ന ചതുരാകൃതിയിലുള്ള കല്ല് കൊണ്ട് നിര്‍മ്മിച്ച വലിയ പീഠങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സംസ്‌ക്കരിച്ചിരിക്കുന്ന മനുഷ്യരുടെ രൂപങ്ങളാണ് ഈ പ്രതിമകള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്.
ഈസ്ററര്‍ ദ്വീപിന്റെ ചരിത്രം പഠിക്കുന്ന ഗവേഷകര്‍ ഇതിന്റെ ഭാഗമായി പോളിനേഷ്യന്‍ ദ്വീപുകള്‍ സന്ദര്‍ശിക്കുകയും അവിടെ നിന്ന് ലഭിച്ച വസ്തുക്കളും ഈസ്റ്റര്‍ ദ്വീപിലെ സ്മാരക ഘടനകളും ആചാര രീതികളും തമ്മില്‍ വളരെ സാദൃശ്യമുള്ളതായി കണ്ടെത്തി. പോളിനേഷ്യന്‍ ദ്വീപുകളിലും ഇത്തരം പ്രതിമകള്‍ അവര്‍ കണ്ടെത്തിയിരുന്നു. പോല്‍നഷ്യയില്‍ ഇവയെല്ലാം തന്നെ വളരെ പവിത്രമായിട്ടാണ് കണക്കായിരുന്നത്. ഇവിടുത്ത എല്ലാ ദ്വീപുകളിലും ഇത്തരം മനുഷ്യ രൂപങ്ങള്‍ കാണാന്‍ കഴിയും. അതേ സമയം പതിനെട്ടാം നൂറ്റാണ്ടോടെ ഈസ്റ്റര്‍ ദ്വീപിലേക്ക് യൂറോപ്യന്‍മാര്‍ എത്തിത്തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു. തുടര്‍ന്ന് ഇവിേടെ അടിമക്കച്ചവടവും രൂക്ഷമായ ഏറ്റുമുട്ടലുകളും വര്‍ദ്ധിച്ചു. പിന്നീട് ജനസംഖ്യയും കുറഞ്ഞു തുടങ്ങി.
ഇന്ന്, ഈസ്റ്റര്‍ ദ്വീപ് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ്. ഏതാനും ആയിരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടുത്തെ ജനസംഖ്യ. ലോകപ്രശസ്തമായ ശിലാ പ്രതിമകള്‍ ഇപ്പോഴും നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.