ഒരു വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ 'ടെയില്‍ സ്ട്രൈക്കില്‍' രണ്ട് എയര്‍ ലിംഗസ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പരിക്കേറ്റു; രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം ഇങ്ങനെ
ഒരു വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ 'ടെയില്‍ സ്ട്രൈക്കില്‍' രണ്ട് എയര്‍ ലിംഗസ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു. വിമാനം റണ്‍വേയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സമയത്ത് ഇവര്‍ക്ക് കഠിനമായ നടുവേദനയും മാനസികപിരിമുറുക്കവും അനുഭവപ്പെട്ടിരുന്നു. വ്യോമയാന രംഗത്ത് ഇതിനെ ടെയില്‍സ്ട്രൈക്ക് എന്നാണ് വിളിക്കപ്പെടുന്നത്. വിമാനത്തില്‍ 145 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തു വിട്ടത്. 2023 ഓഗസ്റ്റ് 30 ന് ഡബ്ലിനില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയായിരുന്നു വിമാനം. എയര്‍ബസ് എ 321 ഇനത്തില്‍ പെട്ടതാണ് വിമാനം. ഇതിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കണ്ടെത്തിട്ടുണ്ട്. വിമാനം താഴേക്ക് ഇറങ്ങുമ്പോള്‍, കാറ്റിന്റെ ഗതി മാറിയിരുന്നു. ഇത് ലാന്‍ഡ് ചെയ്യുന്നതിനെ ബാധിക്കുമെന്ന് മനസിലാക്കിയ പൈലറ്റ് അത് ശരിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് സംഭവിച്ചത് ലാന്‍ഡിംഗ് സമയത്ത്, വിമാനം ചെറുതായി കുതിക്കുകയായിരുന്നു.
പിന്നീട് വിമാനം നന്നായി ചരിയുകയും അതിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഇടിക്കുകയും ചെയ്തു. വീണ്ടും പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് ലാന്‍ഡ് ചെയ്യുകയും ചെയ്തു. പരിക്കേറ്റ ക്യാബിന്‍ ക്രൂവില്‍ ഒരാള്‍ പറഞ്ഞത് വിമാനം ആദ്യഘട്ടത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ വേഗതയിലും ശക്തിയിലും ലാന്‍ഡ് ചെയ്യുകയായിരുന്നു എന്നാണ്. രണ്ടാമത്തെ പ്രാവശ്യം ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തിനടിയില്‍ നിന്ന് വലിയൊരു ശബ്ദം അവര്‍ കേട്ടു എന്നും അവര്‍ വെളിപ്പെടുത്തി. നേരത്തേയും ഇത്തരത്തില്‍ ലാന്‍ഡിംഗുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത് വല്ലാത്തൊരനുഭവം ആയിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്.
സംഭവത്തിന് മുമ്പ് ടെയില്‍സ്ട്രൈക്ക് എന്ന പദത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പതിവ് സുരക്ഷാ പരിശീലന സമയത്ത് ആ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. ടെയില്‍ സ്ട്രൈക്കിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി സജ്ജമാക്കിയ ശബ്ദസംവിധാനവും പ്രവര്‍ത്തിച്ചില്ല എന്നും അവര്‍ പരാതിപ്പെട്ടു. വിമാനത്തിന്റെ പുറം ഭാഗങ്ങള്‍ക്ക് ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍ഭാഗത്ത് തകരാറുകള്‍ ഉണ്ടായിട്ടില്ല.
2024 ജനുവരി വരെ ഈ വിമാനം സര്‍വ്വീസ് നടത്തിയിരുന്നില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്യാബിന്‍ക്രൂ അംഗങ്ങള്‍ക്കായുള്ള പരിശീലന പരിപാടിയില്‍ ടെയില്‍സ്ട്രൈക്ക് നേരിടുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.