അനുവദിച്ചത് ഏഴു കിലോ; എത്തിയത് 16 കിലോ ലഗേജുമായി; ബാഗേജ് ഫീസിനെ തൊല്ലിയുള്ള തര്‍ക്കം അടിപടിയായി; ശ്രീനഗര്‍ വിമാനത്താവളത്തില്‍ പ്രകോപനമുണ്ടായ കഥ

Update: 2025-08-07 06:59 GMT

ശ്രീനഗര്‍: ബാഗേജ് ഫീസിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരന്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ജിവനക്കാരന്റെ നട്ടെല്ലിന് പരിക്കേറ്റു. വിമാനത്തില്‍ ഏഴ് കിലോഗ്രാം സാധനങ്ങള്‍ മാത്രമേ കൊണ്ട് പോകാന്‍ പാടുള്ളൂ. എന്നാല്‍ ഈ യാത്രക്കാരന്‍ 16 കിലോഗ്രാം സാധനങ്ങളുമായിട്ടാണ് എത്തിയത്. ജീവനക്കാരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പ്രകോപിതനായി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ മുദാസിര്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സൈപെസ് ജെറ്റ് എയര്‍ലൈസിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

ആക്രമിച്ച വ്യക്തി സൈനിക ഉദ്യോഗസ്ഥനാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ലഗേജിന് ഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇയാള്‍ ആദ്യം ജീവനക്കാരന്റെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ലഗേജ് ബാഗ് ഉപയോഗിച്ചും കൈ കൊണ്ടും ഇയാള്‍ അഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമി ഇയാളെ പിടിച്ചു തള്ളുകയായിരുന്നു. വീണ്ടും അക്രമി ജീവനക്കാരനെ തല്ലുകയായിരുന്നു. അങ്ങനെയാണ് മുദാസിര്‍ അഹമ്മദിന് നട്ടെല്ലിന് പരിക്കേറ്റത്. അക്രമിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥന്‍ അയാളോട് ഒരു വശത്തേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അക്രമി ആക്രോശിക്കുകയായിരുന്നു.

ഇയാളുടെ ഒരു ബാഗിന് 16 കിലോ ഭാരമുണ്ടായിരുന്നു. അധിക ലഗേജിന് പണം കെട്ടിവെയ്ക്കണമെന്ന് ഉദ്യോഗസ്ഥന്‍ അയാളോട് ആവശ്യപ്പെട്ടു. ഇത് കേട്ടതിനെ പിന്നാലെ അക്രമി അട്ടഹസിക്കാന്‍ തുടങ്ങി എന്നാണ് ജീവനക്കാര്‍ പറയുന്നത്. മര്‍ദ്ദനം നടത്തിയതിന് ശേഷം ബോര്‍ഡിംഗ് ഗേറ്റിലെത്തിയ ഇയാളെ തടയാന്‍ ശ്രമിച്ച സി.ഐ.എസ്്.എഫ് ജീവനക്കാരെ സൈനിക ഉദ്യോഗസ്ഥന്‍ പിടിച്ചു തള്ളുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഇയാളെ തിരികെ പിടിച്ചു കൊണ്ട് വരികയായിരുന്നു. പിന്നീട് സൈനികന്‍ ബാഗ് തുറന്ന് അതിലുണ്ടായിരുന്ന സാധനങ്ങള്‍ ജീവനക്കാരുടെ മുഖത്തേക്ക് എറിയുകയും ചെയ്തു. കഴിഞ്ഞ മാസം 26 നാണ് സംഭവം നടന്നത്. ആകെ നാല് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കേസിന്റെ അന്വേഷണത്തില്‍ അധികാരികളുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം അച്ചടക്കത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

Similar News