ലോകത്തിലെ അതിപുരാതന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇറാന്‍; ഈജിപ്തും വിയറ്റ്‌നാമും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് എഴാം സ്ഥാനം; ഒന്‍പതാം സ്ഥാനത്ത് ഇസ്രയേലും; ലോകത്തിലെ അതി പുരാതന രാജ്യങ്ങള്‍ ഇവയെല്ലാം
ലണ്ടന്‍: അതിപുരാതന രാജ്യങ്ങള്‍ എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമുള്ള ചരിത്രമുള്ള രാജ്യങ്ങളെയാണ്. സംസ്‌കാരവും രാഷ്ട്രീയവും സമൂഹവുമെല്ലാം നൂറ്റാണ്ടുകള്‍ കൊണ്ട് അല്ലെങ്കില്‍ സഹസ്രാബ്ദങ്ങള്‍ കൊണ്ട് വികസിച്ചു വന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങള്‍ പല സാമ്രാജ്യങ്ങളുടെയും ഉയര്‍ച്ചകള്‍ക്കും വീഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാത്രമല്ല, ഭരണകൂടങ്ങളുടെ രീതികള്‍ മാറുന്നതിനും, സമൂഹത്തിന്റെ പരിണാമത്തിനുമെല്ലാം ഈ രാജ്യങ്ങള്‍ സാക്ഷികളാണ്. എന്നിട്ടും, ആധുനിക ലോകത്തിലും അവ തങ്ങളുടേതായ സ്ഥാനം രേഖപ്പെടുത്തി തുടരുകയാണ്, ഏറ്റവും പുരാതനമായ പത്ത് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് വേള്‍ഡ് പോപുലേഷന്‍ റീവ്യു ആണ്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ആദ്യത്തെ സംഘടിത ഭരണകൂടം ഉണ്ടായിരുന്ന വര്‍ഷം, സമ്പന്നമായ പൈതൃകം, എന്നിവ ദേശീയ അസ്തിത്വത്തെ മാത്രമല്ല, ആഗോള സംസ്‌കാരം, നയതന്ത്രം, വ്യാപാരം എന്നിവയെയും സ്വാധീനിക്കുമെന്ന് പട്ടിക പുറത്തുവിട്ടുകൊണ്ട് വേള്‍ഡ് പോപ്പുലേഷന്‍ റീവ്യൂ പറയുന്നു. ചരിത്രം വര്‍ത്തമാനകാല ജീവിതത്തെയും അന്താരാഷ്ട്രബന്ധങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച ഈ പട്ടികയിലുള്ള രാജ്യങ്ങളെ കുറിച്ച് പഠിച്ചാല്‍ മനസ്സിലാകും എന്നാണ് അവര്‍ പറയുന്നത്.
ഭൂതകാലങ്ങളില്‍ പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഇറാനാണ് ഇന്നും നിലനില്‍ക്കുന്ന പുരാതന സംസ്‌കൃതികളിലൊന്ന്. അതിസമ്പന്നമായ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ പ്രതീകങ്ങളായ സ്മാരകങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഇവര്‍ വളരെ നേരത്തേ തന്നെ നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. ലോകത്തിലെ ആദ്യ ബ്യൂറോക്രാറ്റിക് സര്‍ക്കാരുകളില്‍ ഒന്ന് രൂപീകരിച്ചതും പേര്‍ഷ്യയിലായിരുന്നു. അന്ന് മദ്ധ്യപൂര്‍വ്വ ഏഷ്യ മുഴുവന്‍ തന്നെ ഏറെ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു പേര്‍ഷ്യന്‍ സംസ്‌കാരം.
ഫറവോന്മാരുടെയും പിരമിഡുകളുടെയും നാടായ ഈജിപ്താണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. നൈല്‍ നദീതടത്തില്‍ വളര്‍ന്ന ഈജിപ്ഷ്യന്‍ സംസ്‌കാരം കൃഷി, ഗണിതശാസ്ത്രം, ആരോഗ്യം, തുടങ്ങിയ മേഖലകളില്‍ നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ വികസിച്ചു വന്ന പല സംസ്‌കൃതികളെയും നിര്‍ണ്ണായകമായി സ്വാധീനിച്ച ഈജിപ്ഷ്യന്‍ സംസ്‌കാരം കല, ശില്പകല, ആത്മീയം തുടങ്ങിയവയിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചുവന്ന നദിക്കരയിലെ വളക്കൂറുള്ള മണ്ണില്‍ മുളച്ചുപൊന്തിയ വിയറ്റ്‌നാം ആണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ക്രിസ്തുവിന് മുന്‍പ് 3200 മുതല്‍ പേര്‍ഷ്യന്‍ സംസ്‌കൃതി നിലനിന്നിരുന്നു എങ്കില്‍, 3100 കളിലായിരുന്നു ഈജിപ്ഷ്യന്‍ സംസ്‌കൃതി ഉയര്‍ന്നു വരുന്നത്. ക്രിസ്തുവിന് മുന്‍പ് 2879 ല്‍ ആണ് വിയറ്റ്‌നാമിന്റെ ഉദയം. 2492 ബി സി മുതല്‍ നിലനില്‍ക്കുന്ന അര്‍മീനിയ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ലോകത്തിലെ ആദ്യ ക്രിസ്തീയ രാജ്യം കൂടിയാണിത്. ക്രിസ്തുവിന് ശേഷം 301 ല്‍ തന്നെ ഇവര്‍ ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ചിരുന്നു. ക്രി. മു. 2333 ല്‍ സ്ഥാപിതമായ ഗോജോസിയോന്‍ സാമ്രാജ്യം വളര്‍ത്തിയെടുത്ത ഉത്തര കൊറിയയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.
ക്രി. മു. 2070 മുതല്‍ നിലനില്‍ക്കുന്ന ചൈനയാണ് ആറാം സ്ഥാനത്തുള്ള അതിപുരാതന രാജ്യം. മാത്രമല്ല, ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന അതിപുരാതന സംസ്‌കൃതികളില്‍ ഒന്നുമാണിത്. ഷീ രാജവംശത്തോടെയാണ് ചൈനീസ് സംസ്‌കൃതിയുടെ തുടക്കം. കടലാസ് നിര്‍മ്മാണം, വെടിമരുന്ന്, അച്ചടി, വടക്കുനോക്കിയന്ത്രം എന്നു തുടങ്ങി നിരവധി സംഭാവനകള്‍ ലോകത്തിന് ഈ സംസ്‌കൃതിയുടേതായിട്ടുണ്ട്. ഏതാണ്ട് കിഴക്കന്‍ ഏഷ്യ മുഴുവനുമായി സ്വാധീനം വികസിപ്പിച്ച ഈ സംസ്‌കൃതി ഇന്നും ഭൗമരാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
നഗരാസൂത്രണം, വ്യാപാരം എന്നിവയുടെ സ്രോതസ്സായി അറിയപ്പെടുന്ന സിന്ധൂ നദീതട സംസ്‌കൃതിയിലൂടെ വളര്‍ന്നു വന്ന ഇന്ത്യയാണ് ഈ പട്ടികയില്‍ ഏഴാം സ്ഥാനത്ത്. സഹസ്രാബ്ദങ്ങളിലൂടെ, പല മാറ്റങ്ങള്‍ക്കും വിധേയമായ ഈ സംസ്‌കൃതി വൈവിധ്യമാര്‍ന്ന ഭാഷ, മതങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് രൂപം നല്‍കി. ഇന്ന് നിലനില്‍ക്കുന്ന മതങ്ങളില്‍ ഏറ്റവും പുരാതനമായ ഹിന്ദു മതത്തിനു പുറമെ ബുദ്ധമതം, ജൈനമതം എന്നിവയ്ക്കും ജന്മം നല്‍കിയത് ഈ ഭൂമികയാണ്. ഗണിതം, ശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളില്‍ ഈ സംസ്‌കൃതി നല്‍കിയ പങ്ക് വളരെ വലുതാണ്.
ക്രിസ്തുവിന് മുന്‍പ് 1300 മുതല്‍ നിലവിലുള്ള ജോര്‍ജിയ ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത് എത്തിയപ്പോള്‍,. അതേകാലഘട്ടം മുതല്‍ തന്നെ ലോകത്ത് നിലനില്‍ക്കുന്ന ഇസ്രയേല്‍ ഒന്‍പതാം സ്ഥാനത്താണ്. സുഡാനാണ് പത്താം സ്ഥാനത്തുള്ളത്.