റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് വിലകുറച്ച് പുടിന്‍; ഇന്ത്യയ്ക്കുള്ള എണ്ണയ്ക്ക് ബാരലിലിന് നാലു ഡോളര്‍ വരെ കുറച്ചു; അമേരിക്കയെ വെല്ലുവിളിക്കാന്‍ മോദി കൂടുതല്‍ എണ്ണ വാങ്ങിയേക്കും

Update: 2025-09-03 05:04 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോര്‍ട്ട്. ബാരലിന് നാല് ഡോളര്‍ വരെ കുറച്ചതായാണ് വിവരം. ഈ മാസം പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്‌നെതിരായ യുദ്ധത്തെ സഹായിക്കുന്നെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ റഷ്യയുമായി അമേരിക്കയ്ക്കുള്ള കരാറുകള്‍ ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പ് പാടില്ലെന്ന മറുപടി ഇന്ത്യ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് റഷ്യ വില കുറച്ച് ഇന്ത്യയെ സഹായിക്കുന്നത്.

സെപ്റ്റംബര്‍ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറല്‍ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈയില്‍ ബാരലിന് ഒരു ഡോളര്‍ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നല്‍കിയിരുന്നതെങ്കില്‍ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വര്‍ധിച്ചു. ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ റഷ്യയുമായി ഇന്ത്യക്ക് 'പ്രത്യേക ബന്ധ'മുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റഷ്യയുടെ ഇളവും.

ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുമ്പോള്‍ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. ഷാങ്ഹായ് കോഓപ്പറേഷന്‍ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ചയുടെ സ്വാധീനമാണ് ഈ നീക്കത്‌നിതിനു പിറകിലെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ജൂലൈയില്‍ ബാരലിന് ഒരു ഡോളര്‍ വില കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇളവ് 2.50 ഡോളറായി വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിലക്കിഴിവ്.

കഴിഞ്ഞ 27 മുതല്‍ ഞായറാഴ്ച വരെ 1.14 കോടി ബാരല്‍ ഇന്ത്യയിലെ വിവിധ കമ്പനികള്‍ ഇറക്കുമതി ചെയ്തിരുന്നു. യുഎസ് ഉപരോധമുള്ള കപ്പല്‍ വിക്റ്റര്‍ കോണ്‍ട്‌സ്‌കിയിലടക്കമാണ് ക്രൂഡ് ഓയില്‍ എത്തിയത്. യുറാള്‍സ് ഗ്രേഡ് എന്നത് റഷ്യയുടെ ഏറ്റവും പ്രധാന ക്രൂഡ് ഓയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്നാണ് ഇവ ഇന്ത്യയിലേക്കെത്തുന്നത്. അതേസമയം, റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്ക് പൈപ്പ്ലൈനുകളിലൂടെയും ടാങ്കറുകളിലൂടെയുമാണ് ക്രൂഡ് ഓയില്‍ എത്തുന്നത്.

മുന്‍പ് എണ്ണയ്ക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയില്‍ ഒരു ശതമാനത്തിനടുത്തായിരുന്നു റഷ്യന്‍ എണ്ണയുടെ വരവ്. എന്നാലിത് ഇപ്പോള്‍ 40 ശതമാനത്തോളമെത്തി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയ യുഎസ്, ഔഷധമേഖലയിലേക്ക് ഉള്‍പ്പെടെ ഇതു വ്യാപിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്നതിനിടെയാണ് റഷ്യ ഇളവ് പ്രഖ്യാപിച്ചത്.

Tags:    

Similar News