ആദ്യം പോലിസിനോട് റാന്നിക്കാരന്‍ പറഞ്ഞ കള്ളക്കഥ പൊളിച്ചത് കാമുകി; റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്നും പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും ജയേഷും ഭാര്യയും കാമുകിയെ കണ്ട് പറഞ്ഞതും പ്രതികാരം! കോയിപ്രത്തെ സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'! ചരല്‍കുന്നിലും 'അവിഹിതം'; ട്വിസ്റ്റ് പോലീസിനെ തേടിയെത്തിയ കഥ

Update: 2025-09-15 01:15 GMT

പത്തനംതിട്ട: കോയിപ്രം ചരല്‍കുന്നിലെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നിര്‍ണ്ണായക വീഡിയോ തളിവുകള്‍ പോലീസിന്. റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് ജയേഷിന്റെയും രശ്മിയുടെയും ക്രൂരമര്‍ദനത്തിനിരയായത്. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ തിരക്കഥ കണ്ടെത്താന്‍ രപോലീസിന് കഴിയുന്നില്ല. റാന്നി സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് വിലയിരുത്തല്‍. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മര്‍ദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ജയേഷും റാന്നി സ്വദേശിയും ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്.

സെപ്റ്റംബര്‍ ഒന്നാം തീയതിയായിരുന്നു ആലപ്പുഴ സ്വദേശിയെ ദമ്പതിമാര്‍ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ചത്. സെപ്റ്റംബര്‍ അഞ്ചാം തീയതി റാന്നി സ്വദേശിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. റാന്നി സ്വദേശി ആദ്യം പോലീസിനോട് പറഞ്ഞത് മറ്റൊരു മൊഴിയായിരുന്നു. കോഴഞ്ചേരിയിലുള്ള തന്റെ കാമുകിയുടെ ബന്ധുക്കളാണ് മര്‍ദനത്തിന് പിന്നിലെന്നായിരുന്നു പരാതിക്കാരന്റെ ആദ്യമൊഴി. ഇതനുസരിച്ച് പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയുംചെയ്തു. അതിന് ശേഷമാണ് ട്വിസ്റ്റുണ്ടായത്. അന്വേഷണത്തിനിടെ റാന്നി സ്വദേശി നല്‍കിയ മൊഴികളില്‍ വാസ്തവമില്ലെന്ന് തെളിഞ്ഞു.

ഇയാളുടെ കാമുകിയില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. കാമുകിയാണ് ജയേഷും രശ്മിയും തന്നെ കാണാന്‍വന്ന കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിതബന്ധമുണ്ടെന്നും അതിനാല്‍ പ്രണയത്തില്‍നിന്ന് പിന്മാറണമെന്നുമാണ് ദമ്പതിമാര്‍ അയാളുടെ കാമുകിയോട് പറഞ്ഞത്. റാന്നി സ്വദേശിയാണ് ഇക്കാര്യം പറയാന്‍ തങ്ങളെ പറഞ്ഞയച്ചതെന്നും ഇത് പറഞ്ഞാല്‍ റാന്നി സ്വദേശിയുടെ കൈവശമുള്ള രശ്മിയുടെ സ്വകാര്യവീഡിയോകള്‍ തിരികെതരാമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ജയേഷും രശ്മിയും അറിയിച്ചു. ഇതാണ് കേസിന് ട്വിസ്റ്റുണ്ടാക്കിയത്. തുടര്‍ന്ന് റാന്നിക്കാരന്റെ മൊഴി എടുത്തു. ഇതോടെ സത്യം മറ്റൊന്നാണെന്ന് പോലീസ് കണ്ടെത്തി.

റാന്നി സ്വദേശിക്കും ആലപ്പുഴ സ്വദേശിക്കും രശ്മിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും ആക്രമിക്കാന്‍ ജയേഷ് പദ്ധതിയിട്ടതെന്നാണ് നിലവിലെ സൂചന. യുവാക്കളിലൊരാളുടെ കൈവശം രശ്മിയുമായുള്ള സ്വകാര്യദൃശ്യങ്ങളുണ്ടെന്നും ജയേഷിന് സംശയമുണ്ടായിരുന്നു. ഇതോടെ പക വര്‍ധിച്ചു. രശ്മി എല്ലാകാര്യങ്ങളും ജയേഷിനോട് സമ്മതിച്ചു, ക്ഷമചോദിച്ചു. ഇതിനുപിന്നാലെ രണ്ടുപേരെയും തനിക്ക് ഇവിടെകിട്ടണമെന്ന് ജയേഷ് രശ്മിയോട് പറഞ്ഞു. തുടര്‍ന്നാണ് രശ്മിയെ ഉപയോഗിച്ച് ആക്രമണ പദ്ധതി തയ്യറാക്കിയത്.

തിരുവോണദിവസം തന്റെ വീട്ടില്‍ കൂടാമെന്ന് പറഞ്ഞാണ് ജയേഷും രശ്മിയും റാന്നി സ്വദേശിയെ വിളിച്ചുവരുത്തിയത്. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ കുരുമുളക് സ്പ്രേ അടിച്ച് മര്‍ദനം ആരംഭിച്ചു. കൈകാലുകള്‍ കൂട്ടിക്കെട്ടി കെട്ടിത്തൂക്കി. നഖം പിഴുതെടുക്കാന്‍ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ഇരുമ്പ് വടി, പൈപ്പ് റെഞ്ചര്‍, സൈക്കിള്‍ ചെയിന്‍ എന്നിവ ഉപയോഗിച്ചെല്ലാം മര്‍ദനം തുടര്‍ന്നു. രശ്മി ഓരോ ആയുധവും എടുത്തുകൊടുക്കുകയും ജയേഷ് ഇത് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളെല്ലാം രശ്മി മൊബൈല്‍ഫോണില്‍ പകര്‍ത്തി. ഇതിനുശേഷം വിരലുകളില്‍ മൊട്ടുസൂചി അടിച്ചുകയറ്റി. പരാതിക്കാരന്റെ ജനനേന്ദ്രിയും വലിച്ചുപിടിച്ച് ഇതില്‍ 23 തവണ സ്റ്റാപ്ലര്‍കൊണ്ട് പിന്നടിച്ചും ക്രൂരത തുടര്‍ന്നു. രശ്മിയുടെ ഫോണില്‍ ഈ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതാണ് പോലീസിന് കിട്ടിയത്.

മര്‍ദനമേറ്റ് അവശനായ റാന്നി സ്വദേശിയെ ജയേഷും രശ്മിയും ചേര്‍ന്ന് സ്‌കൂട്ടറിലിരുത്തിയാണ് വീട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. പരാതിക്കാരനെ നടുവിലിരുത്തിയായിരുന്നു സ്‌കൂട്ടര്‍ യാത്ര. തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചു. ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് പറയണമെന്നും ദമ്പതിമാര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി. പിന്നീട് ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലുള്ളവരാണ് പോലീസിന് വിവരം നല്‍കിയത്.

റാന്നിക്കാരന്റെ മൊഴി ഇങ്ങനെ

''മുറിയില്‍ കെട്ടിത്തൂക്കിയിട്ടശേഷം വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ രശ്മിയാണ് സ്റ്റേപ്ലര്‍ പിന്‍ അടിച്ചത്. വേദനകൊണ്ട് പുളഞ്ഞു. കാല്‍വിരലിലെ നഖം കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് പറിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി. വലതുകാല്‍ ബലമായി പിടിച്ചുവെച്ച് നഖത്തിനിടയില്‍ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി. കമ്പിവടികൊണ്ട് എന്റെ കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാല്‍മുട്ട് പൊട്ടി ചോര ഒലിച്ചു. ആഴത്തിലുള്ള മുറിവിനകത്തേക്ക് പെപ്പര്‍ സ്പ്രേ അടിച്ചു.'' കേട്ടാല്‍ വിശ്വസിക്കാനാകാത്ത ക്രൂരകൃത്യങ്ങളാണ് തിരുവോണദിവസം വൈകീട്ട് കോയിപ്രം ആന്താലിമണ്ണിലെ വീട്ടില്‍ നടന്നത്. ജയേഷുമായി 2018 മുതലുള്ള പരിചയമാണെന്ന് യുവാവ് പറയുന്നു; ''ബെംഗളൂരുവിലെ ക്രഷര്‍ കമ്പനിയില്‍ ജോലിയായിരുന്നു ജയേഷും താനും. അവിടെവെച്ചാണ് പരിചയപ്പെടുന്നത്. ജയേഷുമായി മുന്‍വിരോധമില്ല. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്പോള്‍ രശ്മി തന്റെ ഫോണില്‍ വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായുള്ള പരിചയം-ഇതാണ് യുവാവ് നല്‍കിയ മൊഴി.

തിരുവോണദിവസം വൈകീട്ട് രശ്മിയാണ് വിളിച്ച് വീട്ടിലേക്ക് വരാന്‍ പറയുന്നത്. തിരുവോണത്തിന് വീട്ടിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമായതിനാല്‍ ചെന്നു. വീട്ടില്‍ കയറി സംസാരിച്ചിരുന്നതിനിടെ ജയേഷ് പെപ്പര്‍ സ്പ്രേ അടിച്ചു. പിന്നീട് അടിച്ചുതാഴെയിട്ട ശേഷം ബ്ലേഡ് കഴുത്തിനുവെച്ച് ഭീഷണിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കൈകള്‍ കെട്ടിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റേപ്ലര്‍ പിന്‍ അടിച്ചു. കാലില്‍നിന്ന് ചോര ഒലിക്കുമ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നു. മാത്രമല്ല, ആഭിചാരക്രിയപോലെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മര്‍ദനത്തിനുശേഷം എട്ടുമണിയോടെ സ്‌കൂട്ടറില്‍ പുതമണ്‍ പാലത്തില്‍ തള്ളി. അതുവഴിവന്ന ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അവിടെവെച്ചാണ് സ്റ്റേപ്ലര്‍ പിന്‍ ഊരിയത്. കാലിനും ആറ് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിട്ടുണ്ടെന്നും ശരീരമാസകലം വേദനയാണെന്നും യുവാവ് പറയുന്നു.

Tags:    

Similar News