'നേരിട്ട് ഒരാളെ കണ്ടാല്‍ എന്നാല്‍ പിന്നെ ബെംഗളൂരു ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്'; ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ എന്‍ സുരേഷ് ബാബു; ജില്ലാ സെക്രട്ടറിയെ പിന്തുണയ്ക്കാന്‍ തന്റെ കൈയ്യില്‍ തെളിവില്ലെന്ന് ബാലന്‍; പരാതി കിട്ടിയെങ്കിലും പോലീസ് കേസെടുക്കില്ല; ഇനി നിര്‍ണ്ണായകം ഷാഫി പറമ്പിലിന്റെ നീക്കങ്ങള്‍; അശ്ലീല ആരോപണത്തില്‍ വടകര എംപി കേസ് കൊടുക്കുമോ?

Update: 2025-09-26 05:53 GMT

പാലക്കാട്: വടകരയുടെ എംപിയായ ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു. ഇതോടെ ഇനി ഷാഫി നിയമ നടപടികളിലേക്ക് കടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അതിനിടെ സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് നിയമ നടപടികള്‍ തുടങ്ങി. ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. എന്നാല്‍ ഇതില്‍ പോലീസ് കേസെടുക്കില്ല. അപകീര്‍ത്തിപരമായ ആരോപണമായതു കൊണ്ട് കോടതിയെ സമീപിക്കാന്‍ പരാതിക്കാരനെ നിര്‍ദ്ദേശിച്ചേക്കും. ഈ സാഹചര്യത്തിലാണ് ഷാഫി കോടതിയെ സമീപിക്കുമോ എന്നത് നിര്‍ണ്ണായകമാകുന്നത്.

സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പ്രതികരിച്ചിരുന്നു. ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവ് പുറത്തുവിടട്ടെയെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. തനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ താന്‍ ഉന്നയിക്കുമല്ലോയെന്നും നിലവിലെ ആരോപണങ്ങള്‍ അവര്‍ തമ്മില്‍ ആയിക്കോട്ടെയെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എ കെ ബാലന്‍. ആരോപണം ഉന്നയിച്ചയാളുടെ കെയ്യില്‍ തെളിയിക്കാനുള്ള തെളിവും ഉണ്ടാവും. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചയാളാണല്ലോ അക്കാര്യങ്ങള്‍ പറയേണ്ടത്. എനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഞാന്‍ പറയില്ലേ. എന്റെ കയ്യില്‍ രേഖ ഉണ്ടെങ്കില്‍ ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ രേഖയുള്ളതുകൊണ്ടാണല്ലോ അത് പറഞ്ഞിട്ടുണ്ടാവുക. അത് അവര്‍ തമ്മില്‍ ആയിക്കോട്ടെ. അതില്‍ നമ്മള്‍ കക്ഷി ചേരുന്നില്ലെന്ന് ബാലന്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണം സിപിഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

ആരോപണത്തോട് ഷാഫി പ്രതികരിച്ചതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിന്റെ ആദ്യ മലക്കംമറിച്ചില്‍. വിഷയത്തില്‍ നിയമപരമായി നീങ്ങുമെന്നും ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും ഷാഫി ചോദിച്ചു. ഇന്ന് രാവിലെ വീണ്ടും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പറഞ്ഞു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ഷാഫിക്കെതിരെ ആരോപണമുന്നയിച്ചത്. ഷാഫിയും രാഹുലും ഈ കാര്യത്തില്‍ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷാണ് ഷാഫി പറമ്പിലെന്നും കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പോലീസിന് നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രമോദ് പറയുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. രാഹുലും ഷാഫിയും കൂട്ടുകച്ചവടമാണെന്നും പല കാര്യങ്ങളിലും രാഹുലിന്റെ ഹെഡ് മാഷാണ് ഷാഫിയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ആരോപിച്ചു. പലരെയും കണ്ടാല്‍ ബെംഗളൂരുവിലേക്ക് ക്ഷണിക്കുകയാണ് ഷാഫി. ഷാഫിക്കെതിരെ പല ആരോപണങ്ങള്‍ ഉണ്ടെന്നും അത് പിന്നീട് പുറത്തുവിടുമെന്നും സുരേഷ് ബാബു പറഞ്ഞു. ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു.

''നേതാക്കള്‍ പേടിക്കുന്നത് വേറെ ഒന്നും കൊണ്ടല്ല. രാഹുലിനെ എംഎല്‍എയാക്കാന്‍ വേണ്ടി പത്തനംതിട്ടയില്‍ നിന്ന് കൊണ്ടുവന്നത് ഷാഫിയാണ്. രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി. ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണ്. രാഹുലിനോട് രാജിവയ്ക്കാന്‍ പറയാന്‍ ഷാഫി തയാറാകില്ല. ഈ കാര്യത്തില്‍ ഇരുവരും കൂട്ടുകച്ചവടമാണ്. പരസ്യമായി ചില ആളുകളെ കാണുമ്പോള്‍ നേരിട്ട് ചോദിക്കുകയാണ്. ഞാന്‍ അതൊന്നും ഇപ്പോള്‍ പറയുന്നില്ല. ഞങ്ങള്‍ക്ക് അതിശയം തോന്നുന്നു. ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല. നേരിട്ട് ഒരാളെ കണ്ടാല്‍ എന്നാല്‍ പിന്നെ ബെംഗളൂരു ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്. ഈ ഹെഡ്മാഷ് പിന്നെ രാഹുലിനെതിരെ എന്തെങ്കിലും പറയുമോ സതീശന്‍ പുറത്താക്കി എന്ന് പറയുന്നതില്‍ ഒരു പ്രധാനപ്പെട്ട കാരണമുണ്ട്. അത് പിന്നീട് വെളിപ്പെടുത്താം. 'കയറി കയറി മുറത്തില്‍ കയറി കൊത്തി' എന്നാണ് കേള്‍ക്കുന്നത്. ഈ രൂപത്തിലുള്ള ഇടപെടലാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്കെതിരെ ഒരു വാക്ക് പറയാന്‍ ഒരു ഘട്ടത്തിലും ഇവര്‍ തയ്യാറാകില്ല'' ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ആരോപണമല്ലെന്നും മറിച്ച് അധിക്ഷേപമായിരുന്നുവെന്നും ഷാഫി പറമ്പില്‍ എംപി കുറ്റപ്പെടുത്തിയിരുന്നു. ''സിപിഎം നേതാവിന്റെ വാക്കുകള്‍ക്ക് മറുപടി പോലും അയാള്‍ അര്‍ഹിക്കുന്നില്ല. പക്ഷേ ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ഇതാണോ 2026ലെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രം. നേതാക്കന്‍മാര്‍ ഇക്കാര്യം വ്യക്തമാക്കണം. ഒരു ജില്ലാ സെക്രട്ടറിയെ കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സിപിഎം ഒരുക്കുന്ന മാനിഫെസ്റ്റോ. സിപിഎം സെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി പറയണം. വേറൊന്നും പറയാനില്ലാഞ്ഞിട്ടാണോ ഇത്തരം കാര്യങ്ങള്‍ ആരോപിക്കുന്നത്.

ജനങ്ങളുെട മുന്‍പില്‍ വേറൊന്നും പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലേ. അതുകൊണ്ടാണോ ഈ വ്യക്തിഹത്യ നടത്തുന്നത്. ചര്‍ച്ചകള്‍ ഇത്തരം രീതിയില്‍ നടക്കണമെന്നാകും അവര്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ വിലയിരുത്തട്ടെ. ആദ്യം വര്‍ഗീയ വാദിയാക്കാന്‍ ശ്രമിച്ചു. അത് വിജയിക്കാതെ വന്നതോടെ അടുത്തത് കൊണ്ടുവന്നിരിക്കുന്നു. നിയമനടപടി ആലോചിക്കും'' ഷാഫി പറഞ്ഞു.

Tags:    

Similar News