കുടിവെള്ളവും ഭക്ഷണവും ജോലിയും തരാമെന്ന് മോഹിപ്പിക്കും; പകരം ചോദിക്കുന്നത് സെക്‌സ്; ജോലിക്ക് കരാര്‍ ഒപ്പിടാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി ചൂഷണം; രാത്രി നിരന്തരം ഫോണ്‍ കോളും സെക്‌സ്റ്റിങ്ങും നഗ്ന ഫോട്ടോ ചോദിക്കലും; യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ സ്ത്രീകള്‍ പറയുന്ന ഞെട്ടിക്കുന്ന അനുഭവകഥകള്‍; എ പിയുടെ റിപ്പോര്‍ട്ട്
യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ സ്ത്രീകള്‍ പറയുന്ന ഞെട്ടിക്കുന്ന അനുഭവകഥകള്‍\
ഗസ്സ സിറ്റി: രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം ഗസ്സയെ ചോരക്കളമാക്കിയപ്പോള്‍, അവശേഷിക്കുന്നവര്‍ കൊടുംപട്ടിണിയിലാണ്. കുട്ടികളുടെ വിശപ്പടക്കാന്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് സ്ത്രീകള്‍. ആരോടുചോദിക്കണം, എങ്ങോട്ടുപോകണം, ഒന്നുമറിയില്ല. ആരെങ്കിലും ഒരു ജോലി തന്നിരുന്നെങ്കില്‍ എന്നാണ് അവര്‍ വെറുതെ മോഹിക്കുന്നത്. അതേസമയം, അവരുടെ ശരീരത്തെ കൊതിച്ച് കഴുകന്മാരെ പോലെ വട്ടമിടുകയാണ് ചിലര്‍.
ആഴ്ചകളോളം തന്റെ ആറുകുട്ടികളെ എങ്ങനെ പോറ്റുമെന്നറിയാതെ കുഴങ്ങിയിരുന്ന 38 കാരി സഹായമനസ്ഥിതി ഉള്ള ഒരാളെ കുറിച്ച് അഭയകേന്ദ്രത്തില്‍ വച്ചറിഞ്ഞു. അയാള്‍ ഭക്ഷണം തന്നുസഹായിക്കും, ചിലപ്പോള്‍ ജോലിയും തരും എന്നാണ് സുഹൃത്ത് പറഞ്ഞത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി കുടുംബ ബിസിനസ് പൂട്ടിയതോടെ ആകെ പാപ്പരായിരുന്നു. ഗതി മുട്ടിയതോടെ അയാളെ സമീപിക്കാന്‍ തീരുമാനിച്ചു. ഗസ്സയില്‍ യുദ്ധം തുടങ്ങി ഒരുമാസമേ ആയിരുന്നുള്ളു. ഒരു എയ്ഡ് ഏജന്‍സിയില്‍ ആറുമാസത്തെ കരാറില്‍ ജോലി വാങ്ങി തരാമെന്ന് അയാള്‍ പറഞ്ഞു. ജോലിക്കായി കരാറില്‍ ഒപ്പിടുമെന്ന് അവള്‍ കരുതിയ ദിവസം അയാള്‍ വാഹനത്തില്‍ കയറ്റി ഒരു ശൂന്യമായ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. അവളുടെ ശരീരത്തെ പുകഴ്ത്തിയ അയാള്‍ ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടു.
അവളെ താന്‍ സ്‌നേഹിക്കുന്നെങ്കിലും, നിര്‍ബ്ബന്ധിക്കില്ലെന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റ് വിട്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. ഒരുതരം തടവിലാക്കല്‍. പിന്നീട് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. ' ഞാന്‍ ആകെ പേടിച്ചുപോയിരുന്നു, എങ്ങനെയെങ്കിലും ആ സ്ഥലത്ത് നിന്ന് എനിക്ക് രക്ഷപ്പെടണമായിരുന്നു', യുവതി പറഞ്ഞു. വിട്ടയയ്ക്കും മുമ്പ് കുറച്ചുപണം അയാള്‍ കൊടുത്തു. രണ്ടാഴ്ചയ്ക്ക് ശേഷം ഒരുപെട്ടി മരുന്നും, ഒരുപെട്ടി ഭക്ഷണവും നല്‍കി. എന്നാല്‍, ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ജോലി കിട്ടിയില്ല.
വെള്ളത്തിനും ഭക്ഷണത്തിനും ജോലിക്കും പകരം സെക്‌സ്
ഇതൊരു ഉദാഹരണം മാത്രമാണ്. ഇങ്ങനെ ധാരാളം സ്ത്രീകളെ നാട്ടുകാരായ പുരുഷന്മാര്‍ ചൂഷണം ചെയ്യുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്യുവന്നു. മിക്ക പുരുഷന്മാരും എയ്ഡ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരാണ്. വെള്ളം, ഭക്ഷണം, ജോലി എന്നൊക്കെ മോഹിപ്പിച്ച് യുവതികളുമായി ലൈംഗിക ബന്ധമാണ് അവരുടെ ലക്ഷ്യം. ഇത്തരത്തില്‍, ആറ് സ്ത്രീകള്‍, പേരുകള്‍ രഹസ്യമായിരിക്കണമെന്ന ഉപാധിയോടെ എ പിയോട് തങ്ങളുടെ ദുരനുഭവങ്ങള്‍ വിവരിച്ചു.
ചില പുരുഷന്മാര്‍, മറവില്‍ പറയുന്ന കാര്യങ്ങള്‍ മറ്റുചിലര്‍ തുറന്നടിക്കും. ഞാന്‍ നിന്നെ ഒന്നുതൊടട്ടെ എന്നാണ് ഒരാള്‍ ചേദിച്ചത്. അതല്ലെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടെയെന്നോ, നമുക്കൊന്നിച്ച് എവിടെയെങ്കിലും പോകാമെന്നോ പറയും. സംഘര്‍ഷം രൂക്ഷമാകുമ്പോഴും, യുദ്ധത്തിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമ്പോഴും ഒക്കെയാണ് ഇതുപോലുള്ള പലരെയും സ്ത്രീകള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഗസ്സയില്‍ മാത്രമല്ല, തെക്കന്‍ സുഡാന്‍, ബൂര്‍ക്കിനോ ഫാസോ, കോംഗോ, ഛാഡ്, ഹെയ്ത്തി എന്നീ രാജ്യങ്ങളില്‍ നിന്നും സ്ത്രീപീഡനത്തിന്റെയും, ചൂഷണത്തിന്റെയും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഗസ്സയില്‍ ഇന്നത്തെ സ്ഥിതിഗതികള്‍ വിവരണാതീതമാണ്, വിശേഷിച്ചും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും.
ഗസ്സയില്‍ സ്ത്രീകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നാല് സൈക്കോളജിസ്റ്റുകള്‍ അവിടുത്തെ കാര്യങ്ങള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. അതില്‍, ഒരാള്‍ പറഞ്ഞത് ഇത്തരത്തില്‍, ചൂഷണത്തിന്റെ നിരവധി അനുഭവ കഥകള്‍ തങ്ങള്‍ കേട്ടിട്ടുണ്ടെന്നാണ്. അതില്‍, ചിലരൊക്കെ ഗര്‍ഭിണികളുമാണ്. വിവാഹേതര ബന്ധം വലിയ കുറ്റമായി കാണുന്ന സമൂഹത്തില്‍ ഒരു സ്ത്രീ പോലും വാര്‍ത്താ ഏജന്‍സിയോട് നേരിട്ട് സംസാരിക്കാന്‍ തയ്യാറായില്ല.
കരളലിയിക്കുന്ന അനുഭവകഥകള്‍
എ പിയോട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച് അഞ്ചുസ്ത്രീകള്‍ തങ്ങള്‍ അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് പറഞ്ഞത്. സൈക്കോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച് അവരെ സമീപിച്ച ചില സ്ത്രീകള്‍ പുരുഷന്മാരുടെ താല്‍പര്യത്തിന് വഴങ്ങുകയും, മറ്റുചിലരാകട്ടെ, നിരസിക്കുകയും ചെയ്തു. സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെ കുറിച്ച് പ്രാദേശിക ഫലസ്തീന്‍ ഗ്രൂപ്പകള്‍ അടക്കം ആറ് മനുഷ്യാവകാശ സംഘടനകള്‍ക്കും ദുരിതാശ്വാസ സംഘടനകള്‍ക്കും ധാരണയുണ്ട്.
രണ്ടുവര്‍ഷമായിട്ടും അവസാനിക്കാത്ത യുദ്ധവും പട്ടിണിയും നിരാശയുമെല്ലാം അസാധ്യമെന്ന് ഇന്നലെ വരെ കരുതിയ തീരുമാനങ്ങളിലേക്ക് സ്ത്രീകളെ തള്ളിവിടുകയാണ്. ഇസ്രയേലിന്റെ തുടരാക്രമണങ്ങളും, ഉപരോധവും എല്ലാം കാരണം ഇത്തരം ചൂഷണ കേസുകള്‍ രേഖപ്പെടുത്തുന്നത് പോലും ശ്രമകരമാണ്. 66,000 ത്തിലധികം ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. അതില്‍ പകുതിയോളം സ്ത്രീകളും കുട്ടികളും ആണെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നത്.
അതേസമയം, ദുരിതാശ്വാസ സഹായം എത്തിക്കുന്നതില്‍, യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്ന് ഇസ്രയേല്‍ പറയുന്നു. ദുരിതാശ്വാസ സാമഗ്രികള്‍ ഹമാസ് കൊള്ളയടിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതിനു തെളിവുനല്‍കാന്‍ തയ്യാറാകുന്നുമില്ല, തങ്ങള്‍ അനുവദിച്ചെങ്കിലും യുഎന്‍ ഏജന്‍സികള്‍ ഭക്ഷണസാമഗ്രികളുടെ വിതരണത്തില്‍ പരാജയപ്പെട്ടുവെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഭക്ഷണസാമഗ്രികള്‍ വകമാറ്റുന്നെന്ന ആരോപണം യുഎന്‍ നിഷേധിക്കുകയും ചെയ്യുന്നു.
ചൂഷണത്തിന് കയ്യും കണക്കുമില്ല
സംഘര്‍ഷഭരിതമായ ഗസ്സയില്‍, ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുടെ കണക്കുകളുടെ കൃത്യമായ ഡാറ്റ സ്വരൂപിക്കാന്‍ പ്രയാസമാണ്. ഭക്ഷണം കഴിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത സ്ത്രീകളാണ് ചൂഷണം ചെയ്യപ്പെടുന്നവരില്‍ പലരും. ഭര്‍ത്താക്കന്‍മാരോ വീട്ടിലെ പുരുഷന്‍മാരോ മരിച്ച കുടുംബത്തിലെ സ്ത്രീകളെയാണ് ഇത്തരത്തിലുള്ളവര്‍ കൂടുതലും ലക്ഷ്യമിടുന്നത്. സഹായത്തിനായി കൈ നീട്ടുന്ന സാഹചര്യത്തില്‍ പുരുഷന്‍മാര്‍ സഹായിക്കാനെന്ന രീതിയില്‍ എത്തുകയും സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ എടുത്ത് ശേഷം വിളിച്ചുശല്യം ചെയ്ത് ചൂഷണം ചെയ്യുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ എല്ലാ പുരുഷന്മാരും ഫലസ്തീന്‍കാരായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് തന്നെ കൊണ്ടുപോയ ആള്‍ ഓടിച്ചിരുന്നത് യുഎന്‍ മുദ്രയുള്ള കാര്‍ ആയിരുന്നുവെന്ന് ആറുമക്കളുള്ള അമ്മ പറഞ്ഞു. രാത്രിയില്‍ മെസേജുകള്‍ വന്നുകൊണ്ടേയിരുന്നു. അര്‍ദ്ധരാത്രിയില്‍ സെക്‌സ് ചാറ്റിനായി വിളികള്‍, ഫോട്ടോ ചോദിക്കല്‍ എന്നിങ്ങനെ. പലപ്പോഴും താന്‍ തിരക്കിലാണ്, ഫോണ്‍ പൊട്ടിപോയി, സംസാരിക്കാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞു യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതെല്ലാം മറ്റുള്ളവരോട് പറഞ്ഞാലും വിശ്വസിക്കാത്തത് കൊണ്ട് ആരോടും പറഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
കടപ്പുറത്തോ മറ്റോ ഒന്നിച്ചുപോകാമെന്ന് പറഞ്ഞാണ് അഭയകേന്ദ്രത്തിന്റെ തലവന്‍ തന്നെ രണ്ടുതവണ സമീപിച്ചെന്ന് 37 കാരിയായ നാലുമക്കളുടെ അമ്മ എ പിയോട് പറഞ്ഞത്. ലൈംഗിക ബന്ധമാണ് അയാള്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലായതോടെ ഒഴിഞ്ഞുമാറുകയായിരുന്നു. മറ്റൊരു 29 കാരിയെ നിരന്തരം ശല്യപ്പെടുത്തിയത് ദുരിതാശ്വാസ പ്രവര്‍ത്തകനാണ്. നാലുകുട്ടികള്‍ക്ക് പോഷകാഹാരം തരുന്നതിന് പകരമായി തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യം. അയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും പല ഫോണുകളില്‍ നിന്നായി പിന്നെയും വിളിച്ചുകൊണ്ടിരുന്നു. അവളെ ഇഷ്ടമാണെന്ന് ആവര്‍ത്തിച്ച ശേഷം പുറത്തുപറയാന്‍ കഴിയാത്ത അശ്ലീലം പറഞ്ഞെന്നും യുവതി പറഞ്ഞു.
പ്രതിസന്ധി രൂക്ഷമാകുകയും, പലായനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ട് അഭയാര്‍ഥി കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്ന കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് മനശാസ്ത്രജ്ഞരും വനിതാ ഗ്രൂപ്പുകളും പറഞ്ഞു. ഇതില്‍ ചില സ്ത്രീകളെ വിവരം അറിഞ്ഞ ഭര്‍ത്താക്കന്മാര്‍ ചവിട്ടി പുറത്താക്കിയത് അതിനേക്കാള്‍ സങ്കടകരം.