സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ 'സബ്വേ സര്‍ഫിംഗ്'; വെല്ലുവിളി ഏറ്റെടുത്ത് ന്യൂയോര്‍ക്ക് സബ്വേയില്‍ ട്രെയിനിന് മുകളില്‍ കയറി സാഹസികയാത്ര; കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം; 'ട്രെയിനിന് മുകളില്‍ കയറുന്നത് 'സര്‍ഫിംഗ്' അല്ല, ആത്മഹത്യക്ക് തുല്യമെന്ന് അധികൃതര്‍; രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് സബ്വേയില്‍ ട്രെയിനിന് മുകളില്‍ കയറി സാഹസികയാത്ര

Update: 2025-10-05 05:33 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ സ്റ്റേഷനില്‍ ട്രെയിനിന് മുകളില്‍ സാഹസിക യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബ്രൂക്ക്‌ലിനിലെ ഒരു സബ്വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ ഏകദേശം 3.10ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതര്‍ ട്രെയിനിന് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിക്ക് 13 വയസ്സും മറ്റൊരാള്‍ക്ക് 13നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമായ 'സബ്വേ സര്‍ഫിംഗ്' അനുകരിച്ചതാണ് പെണ്‍കുട്ടികളുടെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. എന്ന അപകടകരമായ പ്രവണത പിന്തുടര്‍ന്ന് 2025ല്‍ മാത്രം അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ പ്രവണതകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ പ്രചോദനമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അനുകരിക്കാന്‍ ശ്രമിച്ച നിരവധി പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവസ്ഥലത്ത് ഏകദേശം പതിനഞ്ചോളം കൗമാരക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിനിന് മുകളില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് കരുതുന്നത്. അപകടസ്ഥലത്ത് പോലീസ് മൂന്ന് കൗമാരക്കാരെ ചോദ്യം ചെയ്തതായും അവരില്‍ രണ്ട് പേരെ പോലീസ് വാഹനത്തില്‍ കൊണ്ടുപോയതായും സൂചനയുണ്ട്. ഇത്തരം അപകടങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ പതിവായിരുന്നെങ്കിലും, സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരം നേടിയതോടെ ഈ പ്രവണത വര്‍ധിച്ചു. കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ രക്ഷകര്‍ത്താക്കളോടും അധ്യാപകരോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

'സബ്വേ ട്രെയിനിന് മുകളില്‍ യാത്ര ചെയ്യുന്നത് ഒരുതരം കളിയാണെന്ന് കരുതിയ ഈ രണ്ട് പെണ്‍കുട്ടികളെ നഷ്ടപ്പെട്ടത് ഹൃദയഭേദകമാണ്,' എന്‍.വൈ.സി ട്രാന്‍സിറ്റ് പ്രസിഡന്റ് ഡെമെട്രിയസ് ക്രിച്‌ലോ പറഞ്ഞു. 'ട്രെയിനിന് മുകളില്‍ കയറുന്നത് 'സര്‍ഫിംഗ്' അല്ല, അത് ആത്മഹത്യക്ക് തുല്യമാണ്. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പവും ഈ കുട്ടികളെ കണ്ടെത്തിയ ട്രാന്‍സിറ്റ് ജീവനക്കാര്‍ക്കൊപ്പവും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ദുരന്തം അവരെയും വളരെ വേദനിപ്പിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News