യുക്രെയിന് എതിരെ സൈനിക യുദ്ധമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെ റഷ്യ നയിക്കുന്നത് ഹൈബ്രിഡ് യുദ്ധം; പുടിനെ വരുതിക്ക് നിര്‍ത്താന്‍ ഉറച്ച് ട്രംപ്; റഷ്യക്ക് മുകളില്‍ കൂടി വട്ടമിട്ടുപറന്ന് അമേരിക്കന്‍ ചാര വിമാനം; മോസ്‌കോയുടെ റഡാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കത്തില്‍ വിവാദം
റഷ്യക്ക് മുകളില്‍ കൂടി വട്ടമിട്ടുപറന്ന് അമേരിക്കന്‍ ചാര വിമാനം
മോസ്‌കോ: ശത്രു രാജ്യങ്ങളുടെ റഡാര്‍ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത അമേരിക്കന്‍ വ്യോമസേനയുടെ ചാര വിമാനം റഷ്യയ്ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുന്നതായി കണ്ടെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ സംഭവം വലിയ വിവാദമായി മാറാനാണ് സാധ്യത.
ചൊവ്വാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള റഷ്യന്‍ എക്‌സ്‌ക്ലേവായ കലിനിന്‍ഗ്രാഡിന് ചുറ്റും വട്ടമിട്ട് പറന്നതായിട്ടാണ് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്. അമേരിക്കന്‍ ജെറ്റ് സഫോക്കിലെ റോയല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനായ മില്‍ഡന്‍ഹാളില്‍ നിന്ന് വിമാനം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. തങ്ങള്‍ക്കെതിരെ റഷ്യ ഒരു 'ഹൈബ്രിഡ് യുദ്ധം' നടത്തുന്നുവെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ വ്യോമസേന ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു. പതിനായിരത്തോളം യാത്രക്കാരാണ് കുടുങ്ങിപ്പോയത്. ഇവയെല്ലാം തന്നെ റഷ്യ അയച്ച ഡ്രോണുകളാണ് എന്നാണ് ജര്‍മ്മനി കുറ്റപ്പെടുത്തിയിരുന്നത്. ജര്‍മ്മനിയിലെ ഒക്ടോബര്‍ ഫെസ്റ്റ് ആഘോഷിക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവയുടെ വ്യോമാതിര്‍ത്തികളില്‍ സ്ഥിരമായി ഇത്തരം ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ്, യുദ്ധ സെക്രട്ടറി, പ്രതിരോധ വകുപ്പിലെ പ്രമുഖര്‍, കമാന്‍ഡര്‍മാര്‍ എന്നിവര്‍ക്ക് തന്ത്രപരമായ ഇലക്ട്രോണിക് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നതായിട്ടാണ് അമേരിക്ക ചാര വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉള്ളതാണ് ഈ വിമാനം.
അള്‍ട്രാ-ഹൈ-ഫ്രീക്വന്‍സി റേഡിയോകള്‍, ഗ്രൗണ്ട്-നാവിഗേഷന്‍ റഡാര്‍, ഡോപ്ലര്‍ യൂണിറ്റ്, ജിപിഎസുമായി സംയോജിപ്പിക്കുന്ന ഇനേര്‍ഷ്യല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. രണ്ട് പൈലറ്റുമാര്‍, ഒരു നാവിഗേറ്റര്‍, രണ്ട് സിസ്റ്റം എഞ്ചിനീയര്‍മാര്‍, 'റാവന്‍സ്' എന്നറിയപ്പെടുന്ന 10 ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫീസര്‍മാര്‍, അധിക സാങ്കേതിക വിദഗ്ധര്‍ എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരിക്കുക.
വിദേശ റഡാറുകളില്‍ നിന്നും ആശയവിനിമയ സംവിധാനങ്ങളില്‍ നിന്നുമുള്ള ഇലക്ട്രോണിക് സിഗ്‌നലുകള്‍ വിമാനം രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ഡെന്‍മാര്‍ക്ക്, നോര്‍വേ, പോളണ്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും അജ്ഞാത ഡ്രോണുകള്‍ കാരണം അടുത്തിടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. റൊമാനിയയും എസ്റ്റോണിയയും ഇതിന് പിന്നില്‍ റഷ്യയാണ് എന്നാണ് ആരോപിക്കുന്നത്.
എന്നാല്‍ റഷ്യ ഈആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് ഡ്രോണുകളെക്കുറിച്ചുള്ള മുഴുവന്‍ കഥയും വിചിത്രമാണെന്നും തെളിവില്ലാതെ റഷ്യയെ കുറ്റപ്പെടുത്തരുത് എന്നുമാണ്.