മരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാന്‍ കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍; ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതെന്ന് ഇസ്രയേല്‍; കണ്ടെത്താനായില്ലെന്ന് മധ്യസ്ഥരും സഹായ ഏജന്‍സികളും; മൃതദേഹത്തിന്റെ പേരില്‍ പോര് മുറുകുന്നു; ട്രംപ് കട്ടക്കലിപ്പില്‍; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്‍. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ വിട്ടു നല്‍കാത്ത സാഹചര്യത്തിലാണ് ഇസ്രയേല്‍ ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ഇന്നലെ രാത്രി വരെ ഹമാസ് ബന്ദികളാക്കിയ എട്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് വിട്ടു കൊടുത്തിട്ടുള്ളത്. ഹമാസ് ഭീകരര്‍ സമാധാന പദ്ധതി ലംഘിച്ചതിനെതിരെ വര്‍ദ്ധിച്ചുവരുന്ന ജനരോഷത്തിനിടയിലാണ് അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ട്രക്കുകളുടെ എണ്ണം ഇരട്ടിയാക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.
വാഗ്ദാനം ചെയ്തതുപോലെ മരിച്ചവരുടെ മൃതദേഹം തിരികെ അയച്ചിട്ടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രാത്രി സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ രോഷാകുലനായി പ്രതികരിച്ചിരുന്നു. പ്രതിദിനം 300 ലോറികളില്‍ ഡെലിവറികള്‍ നിലനിര്‍ത്തുന്നതിനൊപ്പം, ഫലസ്തീനികളെ ഗാസയില്‍ നിന്ന് തിരികെ പോകാന്‍ അനുവദിക്കുന്നതിനായി , ഈജിപ്തിലേക്കുള്ള റാഫ ക്രോസിംഗ് വീണ്ടും തുറക്കാനും ഇസ്രായേല്‍ വിസമ്മതിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ജിവിച്ചിരിക്കുന്ന 20 ബന്ദികളേയും ഹമാസ് മോചിപ്പിച്ചത്. എന്നാല്‍ മരിച്ച 28 ബന്ദികളില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് രണ്ട് ഘട്ടങ്ങളിലായി കൈമാറിയത്.
യഹൂദ മതത്തിലെ ഒരു പവിത്രമായ ആചാരമാണ് മരിച്ചവരെ സംസ്‌കരിക്കുക എന്നത്. എന്നാല്‍ ഹമാസ് ഇക്കാര്യത്തില്‍ കരാര്‍ ലംഘിച്ചതോടെ ഇസ്രയേല്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന ആവശ്യം ജനങ്ങല്‍ നിന്ന് ശക്തമായി ഉയര്‍ന്നിരുന്നു. ഇസ്രയേലില്‍ വലിയ തോതില്‍ ഇക്കാര്യത്തില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു. ഇന്നലെ തന്നെ എല്ലാ മൃതദേഹങ്ങളും വിട്ടുനല്‍കണമെന്ന് നെതന്യാഹു സമയപരിധി നിശ്ചയിച്ചിരുന്നു. ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹങ്ങല്‍ ഒന്ന് നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടേതാണ്. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം പ്രദേശത്തുടനീളം നാശനഷ്ടങ്ങള്‍ സംഭവിച്ചതും പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതും കാരണം ഹമാസിന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് മധ്യസ്ഥരും സഹായ ഏജന്‍സികളും വാദിക്കുന്നത്. എന്നാല്‍ ഇസ്രായേലില്‍ നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കാന്‍ ഹമാസ് ശ്രമിക്കുമെന്ന സംശയം കാരണം ഇസ്രായേല്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം സഹായം തടഞ്ഞുവയ്ക്കുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ആരോപിക്കുന്നത്.
ബന്ദികളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഹോസ്റ്റേജ് ഫോറം ഇന്നലെ രാത്രി അടിയന്തര യോഗം ചേരുകയും ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിന് ഇക്കാര്യത്തില്‍ കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലുമായി കൂടിയാലോചിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങളെ സഹായിക്കാന്‍ ഈജിപ്റ്റില്‍ നിന്നുള്ള സംഘങ്ങള്‍ ഗാസയില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നിരന്തരം തുടരുകയാണെന്നും അവസാനത്തെ ബന്ദിയെയും തിരിച്ചെത്തിക്കുന്നത് വരെ അത് അവസാനിക്കില്ല എന്നുമാണ് ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. യാഹ്യാ സിന്‍വര്‍ ഉള്‍പ്പെടെയുള്ള ഹമാസ് ഭീകര നേതാക്കളുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കണമെന്ന് ഭീകര സംഘടന ആവശ്യപ്പെട്ടിരുന്നു എങ്കിലും ഇസ്രയേല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഹമാസ് 'വെടിനിര്‍ത്തല്‍ നിബന്ധനകള്‍ മാനിക്കണമെന്ന്' ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ആവശ്യപ്പെട്ടിരുന്നു.