പാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നു; രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും കണ്ടെത്തല്‍; കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍
ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നതായും രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുരാരിബാബു, സുധീഷ് കുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്.
'ഞാന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോള്‍ മുതല്‍ ഈ സ്വര്‍ണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങി, അതില്‍ ഉദ്യോഗസ്ഥര്‍ അടക്കം വലിയ ഗൂഢാലോചനയില്‍ പങ്കെടുത്തു' എന്നാണ് പോറ്റിയുടെ മൊഴി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായമായ നഷ്ടവും തങ്ങള്‍ക്ക് അന്യായ ലാഭവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കരുതലോടെയുമാണ് ഈ വിശ്വാസവഞ്ചന നടത്തിയത്. സ്വര്‍ണം തട്ടിയെടുത്ത് ലാഭം നേടിക്കൊടുക്കാന്‍ വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത് എന്ന ഗുരുതരമായ ആരോപണം റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശേഷിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ ലഭിച്ചപ്പോള്‍, പ്രതിചേര്‍ക്കപ്പെട്ട മുരാരിബാബു അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഉള്ളില്‍ തോന്നിയ കുശാഗ്ര ബുദ്ധിയാണോ ഈ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.സ്മാര്‍ട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു. എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.
കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരുപ്പെറിഞ്ഞത്. പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് പോറ്റിയെ കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനും ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തുരത്തേക്ക് കൊണ്ടുപോവുക.ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത് പത്തനംതിട്ട റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
തുടര്‍ന്ന് കോടതി പോറ്റിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതിനിടയില്‍ അഭിഭാഷകനോട് സംസാരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 10 മിനിറ്റ് സമയം നല്‍കി. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. ഇന്ന് പുലര്‍ച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്താണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്ത പരിചയവുമായാണ് 2007ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കര്‍ണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളര്‍ന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലന്‍സ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നല്‍കിയത്.
ചുമത്തിയത് അഞ്ച് വകുപ്പുകള്‍
അഞ്ച് വകുപ്പുകളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. ബെംഗളൂരു, ഹൈദരാബാദ് ചെന്നൈ എന്നിവിടങ്ങളില്‍ പ്രതിയുമായി പരിശോധന നടത്തണമെന്നും സംസ്ഥാനത്തിന് പുറത്തു തെളിവെടുപ്പ് അനിവാര്യമെന്നും പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ വാദം ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോഗ്യ അവസ്ഥ പരിഗണിക്കണമെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. എല്ലാ ദിവസവും വൈകിട്ട് മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി നിര്‍ദേശ സമയപരിധിയും അന്വേഷണസംഘം കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഒക്ടോബര്‍ 30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.അന്വേഷണ സംഘം പോറ്റിയുമായി ഉടന്‍ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കം.