ജനകീയ പ്രതിഷേധം മറയാക്കി എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറി കലാപം നടത്തി; വാഹനങ്ങള്‍ കത്തിച്ചതും പോലീസിനെ അക്രമിച്ചതും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകള്‍; താമരശ്ശേറി ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം; ഛിദ്രശക്തികള്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി. രാജേഷ്; സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ നേതാവ്

Update: 2025-10-22 13:58 GMT

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിനുനേരേ നടന്ന സമരം അക്രമാസക്തമായതിന് പിന്നില്‍ നുഴഞ്ഞു കയറിയ എസ്ഡിപിഐ അക്രമികളെന്ന് സിപിഎം. ചൊവ്വാഴ്ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

'കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുര്‍ഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു. പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ചൊവ്വാഴ്ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്ഡിപിഐ ക്രിമിനലുകളാണ്. നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം'സിപിഎം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോഴിയറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം യാദൃച്ഛികമല്ലെന്നും ഛിദ്രശക്തികള്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്നും തദ്ദേശ മന്ത്രി എം.ബി. രാജേഷ് നേരത്തെ പ്രതികരിച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത അക്രമമാണ് നടന്നത്. നാട്ടില്‍ എല്ലാം മുടക്കാന്‍ നടക്കുന്ന ചില ഛിദ്രശക്തികളുണ്ട്. അവരുടെ ഇടപെടല്‍ പ്രകടമാണ്. അക്രമത്തെ അക്രമമായി തന്നെ കാണുന്നു. ഇതൊന്നും വെച്ചുപൊറുപ്പിക്കാന്‍ പറ്റുന്നതല്ല.

സാധാരണ ജനകീയ പ്രതിഷേധമായി ഇതിനെ കാണാനാകില്ല. സര്‍ക്കാര്‍ നിയമാനുസൃതമായി മുന്നോട്ടുപോകും. നിയമപരമായ അനുമതികളെല്ലാം വാങ്ങിയാണ് സ്ഥാപനം വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ വകുപ്പിന്റെയും പരിശോധനകളെല്ലാം നടത്തി ആവശ്യമായ അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. മുമ്പ് ഉയര്‍ന്ന പരാതികളെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുകയും ഇടപെടുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇനിയും പരാതിയുണ്ടെങ്കില്‍ നിയമപരമായി പരിശോധിക്കാനും തീര്‍പ്പാക്കാനും സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൂന്ന് എഫ്ഐആറുകളിലായി 361 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസ്. കേസില്‍ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

അമ്പായത്തോട് ഇറച്ചിപ്പാറയില്‍ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൂന്ന് എഫ്ഐആറുകളിലായി 361 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസ്. കേസില്‍ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

പഞ്ചായത്തുകളില്‍ ഇന്ന് ഭാഗിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഡി.ഐ.ജി യതീഷ് ചന്ദ്ര സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സമാധാനപരമായി ഫ്രഷ് കട്ടിന് മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിടുകയായിരുന്നു പൊലീസ് എന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂ എന്നും ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.

'ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന, ദുര്‍ഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി സമരക്കാര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണം' -മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടിരുന്നു. സംഘര്‍ഷത്തില്‍ റൂറല്‍ എസ്.പി ഉള്‍പ്പെടെ 20ഓളം പൊലീസുകാര്‍ക്കും നിരവധി സമരക്കാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ. ബൈജു, താമരശ്ശേരി എസ്.എച്ച്.ഒ സായൂജ് കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഫ്രഷ് കട്ടിനെതിരെ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ രാപകല്‍ സമരം നടക്കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 200ഓളം പേരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിനിടെ സമരസമിതി നേതാക്കളെ തേടി പൊലീസ് വീടുകളില്‍ പരിശോധന നടത്തിയത് സമരക്കാരെ പ്രകോപിപ്പിച്ചു.

വൈകീട്ട് നാലോടെ ഫ്രഷ് കട്ട് ഫാക്ടറിയിലേക്കുള്ള റോഡ് ഇവര്‍ ഉപരോധിച്ചു. ഇതിനിടയില്‍ ഫാക്ടറിയിലേക്ക് വന്ന വാഹനം തടഞ്ഞ സമരക്കാരെ നീക്കംചെയ്യുന്നതിനിടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പൊലീസിനും പരിക്കേറ്റു. ഇതോടെയാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതും ലാത്തിച്ചാര്‍ജ് നടത്തിയതും. കോഴിമാലിന്യം സംസ്‌കരിക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുന്നതില്‍ പ്രതിഷേധിച്ച് ഫാക്ടറിക്കെതിരെ ഏറെനാളായി നാട്ടുകാര്‍ സമരത്തിലാണ്. ഫാക്ടറി പൂട്ടാന്‍ നിരവധി ഉത്തരവുകളുണ്ടായെങ്കിലും അതൊന്നും നടപ്പാക്കാതെ അധികൃതര്‍ ഫാക്ടറിയെ സംരക്ഷിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പരാതി.

Tags:    

Similar News