റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 50ശതമാനം കുറയ്ക്കും; അമേരിക്കന്‍ സമ്മര്‍ദ്ദം ഫലിക്കുന്നുവോ? ഇന്ത്യന്‍ എണ്ണ ഇറക്കുമതി നയം മാറ്റത്തിലേക്കോ?
മുംബൈ: അമേരിക്കയുടെ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 50% കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസ് ഉപരോധങ്ങള്‍ ഇന്ത്യന്‍ റിഫൈനറികളെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണിത്. നവംബറില്‍ ഉപരോധ സമയപരിധിക്ക് തൊട്ടുമുമ്പ് ഇറക്കുമതിയില്‍ താത്കാലിക വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ നിര്‍ണായക നീക്കം.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ക്രമേണ കുറയ്ക്കും. ഇത് ഏകദേശം 50 ശതമാനം വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 'റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഞങ്ങള്‍ ക്രമേണ കുറയ്ക്കും... ഇതിനകം ഒരു കുറവുണ്ടായിട്ടുണ്ട്, ഇനിയും കുറയും. ഇത് ഏകദേശം 50 ശതമാനം കുറവായിരിക്കും. പക്ഷേ കുറച്ച് എണ്ണ ഇപ്പോഴും വരും,'-ഇതാണ് ഈ മേഖലയിലെ വിദഗ്ധന്റെ പ്രതികരണം.
ഇന്ത്യന്‍ പൊതുമേഖലാ, സ്വകാര്യമേഖലാ കമ്പനികളും ബാങ്കുകളും യുഎസ് ഉപരോധങ്ങള്‍ക്ക് വിധേയമാകാന്‍ ആഗ്രഹിക്കാത്തതിനാല്‍, പുതിയ ഓര്‍ഡറുകളില്‍ സ്ഥിരമായ കുറവുണ്ടാകുമെന്നും നിരീക്ഷണമുണ്ട്. ചില എണ്ണ ഉല്‍പ്പന്നങ്ങള്‍ സ്പോട്ട് മാര്‍ക്കറ്റിലൂടെ എത്താന്‍ സാധ്യതയുണ്ടെങ്കിലും അതിന്റെ അളവ് ഗണ്യമായി കുറയുമെന്നും റഷ്യയും ഇത് മനസ്സിലാക്കുന്നുണ്ടെന്നും വിദഗ്ധരും പറയുന്നു.
റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനും എതിരായ യുഎസ് ഉപരോധങ്ങള്‍ നവംബര്‍ 21-നാണ് പ്രാബല്യത്തില്‍ വന്നത്. ഈ സമയപരിധിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ റിഫൈനറികളില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകളില്‍ കുറവുണ്ടായിരുന്നു. എന്നിരുന്നാലും, കെപ്ലര്‍ ഡാറ്റ അനുസരിച്ച്, നവംബറില്‍ ഇന്ത്യന്‍ വാങ്ങുന്നവര്‍ പ്രതിദിനം 1.855 ദശലക്ഷം ബാരല്‍ എണ്ണ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി. ഇത് ഒക്ടോബറിലെ 1.48 ദശലക്ഷം ബാരലിനേക്കാള്‍ കൂടുതലും കഴിഞ്ഞ ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്കുമാണ്.
പല റിഫൈനറികളും ഉപരോധ സമയപരിധിക്ക് മുമ്പായി തങ്ങളുടെ സ്റ്റോക്കുകള്‍ നിറയ്ക്കാന്‍ ശ്രമിച്ചതും, യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്ക് റഷ്യന്‍ ഇതര എണ്ണയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിയമങ്ങളുമാണ് നവംബറിലെ ഈ വര്‍ദ്ധനവിന് പ്രധാന കാരണം.